Quantcast

'ചട്ടം പഠിപ്പിക്കാനുള്ള മർദനത്തിനിടയിലാകാം പി.ടി സെവന് കാഴ്ച നഷ്ടപ്പെട്ടത്'; ആരോപണവുമായി ആന പ്രേമി സംഘം

പി.ടി സെവൻ ആനയുടെ വലതു കണ്ണിന്റെ കാഴ്ചയാണ് നഷ്ടമായത്

MediaOne Logo

Web Desk

  • Published:

    15 July 2023 5:16 AM GMT

It is alleged that PT Seven (Palakad Tusker VII) who was caught by the forest department from Dhoni lost his sight as a mystery.
X

പാലക്കാട്: ധോണിയിൽ നിന്ന് വനം വകുപ്പ് പിടികൂടിയ പി.ടി സെവന്റെ (പാലക്കാട് ടസ്‌കർ ഏഴാമൻ) കാഴ്ച നഷ്ടമായതിൽ ദുരൂഹതയെന്ന് ആരോപണം. ആന ആരോഗ്യവാനാണെന്നും ശരീരത്തിൽ പെല്ലറ്റ് കൊണ്ട് പരിക്കേറ്റിട്ടില്ലെന്നും ആന പ്രേമി സംഘത്തിന് വനം വകുപ്പിൽ നിന്ന് വിവരവകാശ രേഖ ലഭിച്ചിരുന്നു. ചട്ടം പഠിപ്പിക്കുന്നതിനിടയിലുള്ള മർദനത്തിനിടയിലായിരിക്കാം ആനയുടെ കാഴ്ച നഷ്ടപ്പെട്ടതെന്ന് ആന പ്രേമി സംഘം ആരോപിച്ചു.

പി.ടി സെവൻ ആനയുടെ വലതു കണ്ണിന്റെ കാഴ്ചയാണ് നഷ്ടമായത്. എയർഗൺ പെല്ലറ്റ് കൊണ്ടുള്ള പരിക്കാണ് കാഴ്ച നഷ്മാവാൻ കാരണമെന്നാണ് നിഗമനം. കാഴ്ച നഷ്ടപ്പെട്ടതിനു കാരണം കണ്ടെത്താൻ കൂടുതൽ പരിശോധന ആവശ്യമാണെന്നു വനംവകുപ്പ് അറിയിച്ചു. ജനുവരി 22നാണ് മയക്കുവെടിവച്ചു പി ടി സെവനെ പിടികൂടിയത്.

ആനയെ പിടികൂടിയപ്പോൾ തന്നെ കണ്ണിന് കാഴ്ചക്കുറവുണ്ടായിരുന്നു. തുടർന്ന് തുള്ളി മരുന്ന് നൽകിവരികയായിരുന്നു. പിന്നീട് കാഴ്ച പൂർണമായി നഷ്ടപ്പെടുകയായിരുന്നു. ഇപ്പോൾ ഇടതു വശത്തിലൂടെയാണ് ഭക്ഷണം നൽകുന്നത്.

പി.ടി സെവന് ധോണിയെന്ന് വനം മന്ത്രി എ.കെ ശശീന്ദ്രൻ പേരിട്ടിരുന്നു. നാല് വർഷമായി ധോണിയിൽ ഭീതി പരത്തിയ ആനയെ ഏറെ നേരത്തെ ശ്രമകരമായ ദൗത്യത്തിനൊടുവിലാണ് പൂട്ടിയത്. മുണ്ടൂരിനും ധോണിക്കുമിടയിലെ വനാതിർത്തിയായ അപ്പക്കാട് വെച്ച് ജനുവരി 22ന് രാവിലെ 7.15 ഓടെയാണ് പി.ടി സെവനെ മയക്കുവെടി വെച്ചത്. തുടർന്ന് സുരേന്ദ്രൻ, ഭദ്രൻ എന്നീ കുങ്കിയാനകളുടെ സഹായത്തോടെ ലോറിയിൽ കയറ്റുകയായിരുന്നു.

ധോണി, മായാപുരം, മുണ്ടൂർ മേഖലകളിൽ നാല് വർഷം നാശനഷ്ടമുണ്ടാക്കിയ കൊമ്പനാണ് ഒടുവിൽ കൂട്ടിലായത്. കഴിഞ്ഞ വർഷം ജൂലൈ എട്ടിന് പ്രഭാത സവാരിക്കാരനെ ആന ചവിട്ടിക്കൊന്നിരുന്നു. മായാപുരം സ്വദേശി ശിവരാമൻ ആണ് കൊല്ലപ്പെട്ടത്.

അതേസമയം, പി.ടി.7 ന്റെ ഒരു കണ്ണിന് കാഴ്ച ശക്തി നഷ്ടമായെന്നതിൽ റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് മന്ത്രി എ.കെ ശശീന്ദ്രൻ പറഞ്ഞു. കാഴ്ച പൂർണമായും നഷ്ടപ്പെട്ടുവെന്ന് നിലവിലെ റിപ്പോർട്ടിൽ സ്ഥിരീകരിച്ചിട്ടില്ലെന്നും കാഴ്ചയ്ക്ക് നേരത്തെ മുതൽ പ്രശ്നമുണ്ടെന്നും മന്ത്രി പറഞ്ഞു. ആനയ്ക്ക് മറ്റ് ആരോഗ്യ പ്രശ്നമില്ലെന്നും വ്യക്തമാക്കി. ചികിത്സ പൂർണ തോതിൽ നടക്കുന്നുവെന്ന് ഉറപ്പ് വരുത്തുമെന്നും ഡോ. അരുൺ സക്കറിയയുടെ സഹായം തേടാനും നിർദേശിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

It is alleged that PT Seven (Palakad Tusker VII) who was caught by the forest department from Dhoni lost his sight as a mystery.

TAGS :

Next Story