Quantcast

പി.ടി സെവനെ പൂട്ടി; ഇനി കൂട്ടിൽ കിടന്ന് ചട്ടം പഠിക്കും

കുങ്കിയാനകളുടെ സഹായത്തോടെ നാലു മാസത്തെ പരിശീലനമാണ് നൽകുക

MediaOne Logo

Web Desk

  • Published:

    22 Jan 2023 8:18 AM GMT

പി.ടി സെവനെ പൂട്ടി; ഇനി കൂട്ടിൽ കിടന്ന് ചട്ടം പഠിക്കും
X

പാലക്കാട് ധോണിയിൽ ഭീതി വിതച്ച പി.ടി സെവൻ (പാലക്കാട് ടസ്‌കർ ഏഴാമൻ) കാട്ടാനയെ ദൗത്യസംഘം മയക്കുവെടിവെച്ച് പിടികൂടി. ധോണിയിലെ ക്യാമ്പിലെത്തിച്ച ആനയെ കൂട്ടിലേക്ക് മാറ്റി. 15 അടി നീളവും വീതിയും 18 അടി ഉയരവുമുള്ള കൂട്ടിലാണ് ആനയെ പൂട്ടിയത്. അവിടെ വെച്ചാണ് ആനയെ ചട്ടം പഠിപ്പിക്കുക. മറ്റു കുങ്കിയാനകളുടെ സഹായത്തോടെ നാലു മാസത്തെ പരിശീലനമാണ് നൽകുക.

മുണ്ടൂരിനും ധോണിക്കുമിടയിലെ വനാതിർത്തിയായ അപ്പക്കാട് വെച്ച് ഇന്ന് രാവിലെ 07.15 ഓടെയാണ് പിടി സെവനെ മയക്കുവെടി വെച്ചത്. തുടർന്ന് പി.ടി സെവനെ സുരേന്ദ്രനും ഭദ്രനുമടക്കമുള്ള കുങ്കിയാനകളുടെ സഹായത്തോടെ ലോറിയിൽ കയറ്റുകയായിരുന്നു. മയക്കുവെടിയേറ്റ ആന മയക്കത്തിലായതിനാൽ ഏറെ ശ്രമകരമായാണ് ലോറിയിൽ കയറ്റിയത്. പി.ടി 7 ആനയെ കുങ്കിയാനകൾ പിറകിൽ നിന്ന് തള്ളുകയും പാപ്പാന്മാർ തല്ലുകയും ചെയ്താണ് വാഹനത്തിൽ കയറ്റിയത്. പല തവണ വാഹനത്തിന്റെ പകുതി വരെ കയറി തിരിച്ചിറങ്ങി. പിന്നീട് പൂർണമായും കയറുകയായിരുന്നു. ഇടയ്ക്ക് കാലിൽ കെട്ടിയ വടം പൊട്ടുകയും ചെയ്തു.

നേരത്തെ ആനയുടെ മുഖത്ത് കറുത്ത തുണി വലിച്ചുകെട്ടിയിരുന്നു. മയക്കുമരുന്ന് വലിയ ശക്തിയേറിയതിനാൽ ആനയുടെ ശരീരം ചൂടാകുന്നതിനാൽ വെള്ളം തളിച്ചുകൊടുത്തുകൊണ്ടിരിക്കുന്നുണ്ട്. കൂട്ടിലേക്ക് മാറ്റിയശേഷവും ഇത് തുടരുന്നുണ്ട്. അത്ര ശക്തിയേറിയതാണ് വെടിവെച്ചേൽപ്പിച്ച മയക്കുമരുന്ന്.

വനം ചീഫ് വെറ്ററിനറി ഓഫീസർ ഡോ. അരുൺ സഖറിയയുടെ നേതൃത്വത്തിലുള്ള 72 പേരാണ് ദൗത്യ സംഘത്തിലുള്ളത്. ഇന്നലെ മയക്കുവെടി വെക്കാൻ നടത്തിയ ശ്രമം പരാജയപ്പെട്ടിരുന്നു. മൂന്നര വർഷത്തോളമായ പ്രദേശത്ത് ഇറങ്ങുന്ന ആനയാണ്. കഴിഞ്ഞ കുറച്ചു മാസമായി ശല്യം രൂക്ഷമായിരുന്നു. പ്രദേശ വാസികളുടെ വീടുകളുടെ മതിൽ പൊളിക്കുകയും വ്യാപകമായി കൃഷി നശിപ്പിക്കുകയും ചെയ്തിരുന്നു. വന്യമൃഗങ്ങളെ ജനവാസകേന്ദ്രങ്ങളിൽ നിന്ന് അകറ്റാനുള്ള ശാശ്വത പരിഹാരമാണ് വേണ്ടതെന്നും അവർ പറഞ്ഞു.


PT Seven (Palakkad Tusker VII) was caught by the Forest Department at Palakkad Dhoni.

TAGS :

Next Story