ധോണിയിലെ 'പി.ടി സെവൻ' കാട്ടാനയെ ഉടൻ പിടികൂടുമെന്ന് മന്ത്രി എ.കെ ശശീന്ദ്രൻ
'സോളാർ ഫെൻസിങ് ഉൾപ്പെടെ സ്ഥാപിച്ചിട്ടും ഇതെല്ലാം തകർത്താണ് ആനകൾ ജനവാസ മേഖലകളിൽ എത്തുന്നത്.'
പാലക്കാട്: ധോണിയിലെ ജനവാസ മേഖലയിലിറങ്ങുന്ന പി.ടി സെവൻ എന്ന കാട്ടാനയെ ഉടൻ പിടികൂടുമെന്ന് വനം മന്ത്രി എ.കെ ശശീന്ദ്രൻ. ആനയ്ക്കായുള്ള കൂട് നിർമ്മാണം ഉൾപ്പെടെ പുരോഗമിക്കുകയാണ്. വനം മന്ത്രിയുടെ നേതൃത്വത്തിൽ ധോണിയിൽ ഉന്നതതല യോഗം ചേർന്നു.
പി.ടി സെവൻ എന്ന ഉപദ്രവകാരിയായ ആനയെ പിടികൂടുന്നതിനുള്ള നടപടികൾ പുരോഗമിക്കുന്നതിനിടെയാണ് വനം വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രന്റെ നേതൃത്വത്തിൽ ധോണിയിൽ യോഗം ചേർന്നത്. ആനയെ പിടികൂടുന്നതിനുള്ള നടപടികൾ ദ്രുതഗതിയിൽ പുരോഗമിക്കുകയാണെന്ന് മന്ത്രി പറഞ്ഞു.
ആനയെ പിടിക്കാൻ ഉദ്യോഗസ്ഥർ ആത്മാർത്ഥമായി ശ്രമം നടത്തുന്നുണ്ട്. സോളാർ ഫെൻസിങ് ഉൾപ്പെടെ സ്ഥാപിച്ചിട്ടും ഇതെല്ലാം തകർത്താണ് ആനകൾ ജനവാസ മേഖലകളിൽ എത്തുന്നത്. ഒലവക്കോട് മാത്രമാണ് സ്ഥിരം ആര്‍.ആര്‍.ടി ഉള്ളത്. പുതിയ ആർ.ആർ.ടികൾ തുടങ്ങേണ്ടതുണ്ട്. ആർ.ആർ.ടി അംഗങ്ങളുടെ എണ്ണം കൂട്ടേണ്ട സാഹചര്യം ഉണ്ടെന്നും മന്ത്രി ചൂണ്ടിക്കാട്ടി.
പി.ടി സെവനെ പിടികൂടിയാൽ പാർപ്പിക്കാനുള്ള കൂടിന്റെ നിർമ്മാണ പുരോഗതിയും വനം മന്ത്രി പരിശോധിച്ചു. മന്ത്രി കൃഷ്ണൻ കുട്ടി, മലമ്പുഴ എം.എൽ.എ എ. പ്രഭാകരൻ, ജില്ലാ പൊലീസ് മേധാവി, ആർ.ഡി.ഒ, സിഎഫ്ഒ തുടങ്ങിയവരും യോഗത്തിൽ പങ്കെടുത്തു.
Summary: 'PT7, a wild elephant that is entering the residential area of Dhoni, Palakkad, will be caught soon', says Forest Minister AK Saseendran
Adjust Story Font
16