ധോണിയിൽ വീണ്ടും ഭീതി വിതച്ച് പിടി 7 കാട്ടാന: ഇന്നലെയും ഇന്നും ജനവാസമേഖലയിലിറങ്ങി
ഇന്നലെയും ഇന്നുമായി ഇറങ്ങിയ പിടി സെവനൊപ്പം മറ്റ് ആനകളില്ലെന്നത് ആശ്വാസകരമാണ്
പാലക്കാട്: പാലക്കാട് ധോണിയിൽ വീണ്ടും പിടി7 കാട്ടാനയിറങ്ങി. ഇന്നലെ അർധരാത്രിയോട് കൂടിയാണ് ആന വീണ്ടും ജനവാസകേന്ദ്രത്തിലെത്തിയത്. നെൽവയലിൽ ഏറെ നേരം നിലയുറപ്പിച്ച ആനയെ ആർആർടി പ്രവർത്തകർ തുരത്തി.
ഇന്നലെയും ഇന്നുമായി ഇറങ്ങിയ പിടി സെവനൊപ്പം മറ്റ് ആനകളില്ലെന്നത് ആശ്വാസകരമാണ്. ധോണിയിലും പരിസരപ്രദേശങ്ങളിലുമുള്ള നെൽവയലുകളിൽ ആനകൾ കൃഷി നശിപ്പിക്കുന്നത് സ്ഥിരമായതിനാൽ എത്രയും വേഗം ആനയെ തുരത്തണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.
വയനാട്ടിലെ പിഎം 2 ആനയെ പിടിച്ച ശേഷം ഡോ.അരുൺ സക്കറിയയ്ക്ക് കടുവയെ മയക്കുവെടി വയ്‌ക്കേണ്ട സാഹചര്യമുണ്ടായതിനാൽ നാളെയോട് കൂടി ഇദ്ദേഹം പാലക്കാടെത്തുമെന്നാണ് വിവരം. അങ്ങനെയെങ്കിൽ ആനയെ നാളെ മയക്കുവെടി വെച്ചേക്കും. ഡോ.അരുണിന്റെ നേതൃത്വത്തിലുള്ള സംഘം മാത്രമാണ് നിലവിൽ മയക്കുവെടി വയ്ക്കാനുള്ളത്. അതുകൊണ്ട് തന്നെ അദ്ദേഹത്തെ എത്രയും വേഗം പാലക്കാടെത്തിക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്.
വി.കെ ശ്രീകണ്ഠൻ എം.പി ഇന്നലെ ധോണിയിലെത്തി നാട്ടുകാരുടെ പരാതികൾ കേട്ടിരുന്നു.
Adjust Story Font
16