റാഫിയുടെ വിവാഹത്തിന് വസ്ത്രങ്ങൾ 'ലെയ്ബ' വക; മീഡിയവൺ വാർത്തയിൽ ഇടപെടൽ
ഉരുൾപൊട്ടലിൽ വീടും വിവാഹത്തിനായി കരുതിവച്ച പണവും നഷ്ടപ്പെട്ട പുഞ്ചിരിമട്ടം സ്വദേശി മുഹമ്മദ് റാഫിക്കാണ് മലപ്പുറം വണ്ടൂരിലെ ടെക്‌സ്റ്റൈൽസ് ഉടമ യൂസഫിന്‍റെ സഹായവാഗ്ദാനം
മലപ്പുറം: മുണ്ടക്കൈ-ചൂരമല ഉരുൾപൊട്ടലിൽ എല്ലാം നഷ്ടപ്പെട്ട യുവാവിനു കൈത്താങ്ങുമായി വസ്ത്ര വ്യാപാരി. പുഞ്ചിരിമട്ടം സ്വദേശി മുഹമ്മദ് റാഫിക്കാണ് വിവാഹത്തിനു വസ്ത്രങ്ങൾ നൽകുമെന്ന് മലപ്പുറം വണ്ടൂരിലെ 'ലെയ്ബ' ടെക്‌സ്റ്റൈൽസ് ഉടമ യൂസുഫ് പ്രഖ്യാപിച്ചിരിക്കുന്നത്. റാഫിയുടെ ദുരിതാവസ്ഥ വിവരിച്ച് മീഡിയവൺ നൽകിയ വാർത്തയെ തുടർന്നാണ് സഹായവാഗ്ദാനം.
നാടിനെ നടുക്കിയ ഉരുൾപൊട്ടലിൽ റാഫിയുടെ വീടും തകർന്ന നിലയിലാണ്. സെപ്റ്റംബർ നാലിനു യുവാവിന്റെ നിക്കാഹും എട്ടിനു വിവാഹവും നിശ്ചയിച്ചിരുന്നു. ഇതിനു മുന്നോടിയായി പെയിന്റിങ് ഉൾപ്പെടെയുള്ള ഒരുക്കങ്ങൾ തകൃതിയായി നടക്കുന്നതിനിടെയായിരുന്നു ഉരുൾപൊട്ടലിന്റെ രൂപത്തിൽ അപ്രതീക്ഷിത ദുരന്തമെത്തിയത്. മഹറിനും വസ്ത്രങ്ങൾക്കുമായി പിതാവ് കരുതിവച്ച ഒരു ലക്ഷം രൂപയും ഉരുൾപൊട്ടൽ കവർന്നു.
വാടകവീട്ടിലേക്ക് ആഘോഷങ്ങളൊന്നുമില്ലാതെ വധുവിനെ കൂട്ടിക്കൊണ്ടുവരാനാണ് ഇപ്പോൾ ആലോചിക്കുന്നതെന്ന് റാഫി മീഡിയവണിനോട് പറഞ്ഞിരുന്നു. ദുരന്തത്തിൽ വീടിന്റെ അൽപമെങ്കിലും ബാക്കിയായ ആശ്വാസമാണ് യുവാവ് പങ്കുവച്ചത്. ഒരു അടയാളവും ബാക്കിയാക്കാതെ ദുരന്തം എല്ലാം കവർന്നെടുത്തവരുടെ കാര്യം ആലോചിക്കുമ്പോൾ തങ്ങളുടെ കാര്യം ഭേദമാണെന്ന് റാഫി പറയുന്നു.
Summary: Yusuf, owner of Textiles in Malappuram Vandoor, has announced help to Muhammad Rafi, a native of Punchirimattom, who lost his house and money saved for marriage in the Wayanad landslide. The offer was as impact of the Mediaone TV news
Adjust Story Font
16