പഞ്ചാബ് നാഷണൽ ബാങ്ക് ഫണ്ട് തട്ടിപ്പ്; അന്വേഷണം ഊർജിതമാക്കി ക്രൈംബ്രാഞ്ച്
പ്രതി എം.പി റിജിൽ നൽകിയ മുൻകൂർ ജാമ്യാപേക്ഷ ഇന്ന് രാവിലെ പതിനൊന്ന് മണിക്ക് കോഴിക്കോട് ജില്ലാ കോടതി പരിഗണിക്കും
കോഴിക്കോട്: പഞ്ചാബ് നാഷണൽ ബാങ്കിൽ നിന്ന് കോഴിക്കോട് കോർപറേഷന്റെ ഫണ്ട് തട്ടിയ കേസിൽ ക്രൈംബ്രാഞ്ച് അന്വേഷണം പുരോഗമിക്കുന്നു. കോർപറേഷന്റെ ബാങ്ക് അക്കൗണ്ട് രേഖകൾ ഇന്ന് വിശദമായി പരിശോധിക്കും. പ്രതി റിജിലിന്റെ മുൻകൂർ ജാമ്യഹരജിയും ഇന്ന് പരിഗണിക്കുന്നുണ്ട്.
പഞ്ചാബ് നാഷണൽ ബാങ്കിൽ കോഴിക്കോട് കോർപറേഷനുള്ള എട്ട് അക്കൗണ്ടിലെ ഇടപാടുകളാണ് ക്രൈംബ്രാഞ്ച് ഇന്ന് വിശദമായി പരിശോധിക്കുക. ഇന്നലെ ക്രൈംബ്രാഞ്ചിന് കൈമാറിയ ബാങ്കിന്റെ ഇന്റേർണൽ ഓഡിറ്റ് റിപ്പോർട്ടിൽ കോർപ്പറേഷന്റെ 8 അക്കൗണ്ടുകളിൽ നിന്ന് ബാങ്ക് മാനേജർ എം.പി റിജിൽ പണം തട്ടിയെടുത്തുവെന്ന് വ്യക്തമായിരുന്നു. 5.24 കോടി രൂപയാണ് കോർപറേഷന് നഷ്ടമായത്.
സ്വകാര്യ വ്യക്തികളുടെ അക്കൗണ്ടുകളിൽ നിന്നുൾപ്പെടെ ആകെ 21 കോടി 69 ലക്ഷം രൂപയുടെ തിരിമറിയാണ് ഇന്റേണൽ ഓഡിറ്റ് റിപ്പോർട്ടിലുള്ളത്. പ്രതി എം.പി റിജിൽ നൽകിയ മുൻകൂർ ജാമ്യാപേക്ഷ ഇന്ന് രാവിലെ പതിനൊന്ന് മണിക്ക് കോഴിക്കോട് ജില്ലാ കോടതി പരിഗണിക്കും. കഴിഞ്ഞ മാസം ഇരുപത്തിയൊമ്പതാം തിയതി മുതൽ ഇയാൾ ഒളിവിലാണ്. അതേസമയം, ഫണ്ട് തട്ടിപ്പിൽ സമരം ശക്തമാക്കാനാണ് എൽഡിഎഫ് തീരുമാനം. വൈകിട്ടോടെ കോർപറേഷന് നഷ്ടപ്പെട്ട മുഴുവൻ തുകയും തിരികെ ലഭിച്ചില്ലെങ്കിൽ നാളെ പഞ്ചാബ് നാഷണൽ ബാങ്കിന്റെ നഗരത്തിലെ മുഴുവൻ ബ്രാഞ്ചുകളും എൽഡിഎഫ് ഉപരോധിക്കും. ഫണ്ട് തട്ടിപ്പിൽ കോർപറേഷൻ ഉദ്യോഗസ്ഥർക്കും ഭരണസമിതി അംഗങ്ങൾക്കും പങ്കുണ്ടെന്നാണ് യുഡിഎഫ് ആരോപണം.
Adjust Story Font
16