മാനന്തവാടിയിൽ പ്രതിയുമായി പോയ പൊലീസ് ജീപ്പ് നിയന്ത്രണംവിട്ട് മറിഞ്ഞു; ഉന്തുവണ്ടി കച്ചവടക്കാരന് ദാരുണാന്ത്യം
നിയന്ത്രണംവിട്ട ജീപ്പ് ആൽത്തറയിൽ ഇടിച്ച് ഉന്തുവണ്ടിയുടെ മുകളിലേക്ക് തലകീഴായി മറിയുകയായിരുന്നു.

കൽപറ്റ: വയനാട് മാനന്തവാടിയിൽ പ്രതിയുമായി പോയ പൊലീസ് ജീപ്പ് നിയന്ത്രണംവിട്ട് മറിഞ്ഞ് റോഡരികിലുണ്ടായിരുന്ന ഉന്തുവണ്ടി കച്ചവടക്കാരന് ദാരുണാന്ത്യം. പ്രദേശത്ത് ഉന്തുവണ്ടിയിൽ പച്ചക്കറി കച്ചവടം നടത്തിയിരുന്ന ശ്രീധരൻ ആണ് മരിച്ചത്.
ഉച്ചകഴിഞ്ഞ് മൂന്ന് മണിയോടെയായിരുന്നു അപകടം. നിയന്ത്രണംവിട്ട ജീപ്പ് ആൽത്തറയിൽ ഇടിച്ച് ഉന്തുവണ്ടിയുടെ മുകളിലേക്ക് തലകീഴായി മറിയുകയായിരുന്നു. കണ്ണൂരിൽ നിന്ന് പ്രതിയുമായി സുൽത്താൻ ബത്തേരിയിലേക്ക് വന്ന അമ്പലവയൽ സ്റ്റേഷനിലെ ജീപ്പാണ് അപകടത്തിൽപ്പെട്ടത്.
സിപിഒമാരായ കെ.ബി പ്രശാന്ത്, ജോളി സാമുവൽ, വി. കൃഷ്ണൻ എന്നിവർക്കും പ്രതി മാഹി സ്വദേശി പ്രതീഷ് എന്നിവർക്കുമാണ് പരിക്കേറ്റത്. അപകടത്തിൽ ഗുരുതര പരിക്കേറ്റ ശ്രീധരനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണത്തിന് കീഴടങ്ങുകയായിരുന്നു. പ്രദേശത്ത് മഴ പെയ്ത് റോഡ് നനഞ്ഞ നിലയിൽ ആയിരുന്നു. ഇതാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം.
Adjust Story Font
16