Quantcast

തളർന്നുവീണിട്ടും ആവേശമായ പുഷ്പൻ; സിപിഎമ്മിന് പകരം വയ്ക്കാനില്ലാത്ത പോരാട്ട പ്രതീകം

പൊരുതുന്ന മനസുകളിൽ ചെഞ്ചോരകൊണ്ട് കുറിച്ചിട്ട പേരായിരുന്നു പുഷ്പൻ.

MediaOne Logo

Web Desk

  • Published:

    28 Sep 2024 11:19 AM GMT

Pushpan the Symbol of Fighting He become inspiration of Cpm Workers
X

കണ്ണൂർ: കേരളത്തിലെ സിപിഎമ്മിന് പകരം വയ്ക്കാനില്ലാത്ത വൈകാരിക പ്രതീകമാണ് പുഷ്പൻ. വെടിവെപ്പിൽ ​ഗുരുതര പരിക്കേറ്റ് തളർന്നു വീണിട്ടും ഇടത് യുവജന പ്രസ്ഥാനങ്ങൾക്ക് ആവേശമായി മാറിയ പോരാളി. അവശതയുടെ കിടക്കയിലായിരുന്നെങ്കിലും മൂന്ന് പതിറ്റാണ്ട് കാലത്തെ പുഷ്പന്റെ ജീവിതം പോലും വലിയ പോരാട്ടമായിരുന്നു. സമാനതകളില്ലാത്ത സമര ചരിത്രം ബാക്കിവച്ചാണ് പുഷ്പന്റെ മടക്കം.

പൊരുതുന്ന മനസുകളിൽ ചെഞ്ചോരകൊണ്ട് കുറിച്ചിട്ട പേരായിരുന്നു പുഷ്പൻ. വെടികൊണ്ടുവീണിട്ടും വാടാതെനിന്ന ചെന്താമര. 1994 നവംബർ 25- കൂത്തുപറമ്പിൽ മനുഷ്യ രക്തം പടർന്നൊഴുകിയ വെളളിയാഴ്ച. നഗര വീഥിയിൽ വെടിയേറ്റ് വീണത് അഞ്ച് ഡിവൈഎഫ്ഐ പ്രവർത്തകർ.

കഴുത്തിനു പിന്നിൽ സുഷുമ്നാനാഡി തകർത്ത് കടന്നുപോയൊരു വെടിയുണ്ട മേനപ്രം സ്വദേശി പുതുക്കുടി പുഷ്പനെ വീഴ്ത്തി. സർക്കാരിന്റെ സ്വാശ്രയ വിദ്യാഭ്യാസ നയത്തിനെതിരെ ഡിവൈഎഫ്ഐ സമരം പ്രഖ്യാപിച്ച കാലം. അർബൻ സഹകരണ ബാങ്കിന്റെ സായാഹ്ന ശാഖ ഉദ്ഘാടനം ചെയ്യാൻ മന്ത്രിമാരായ എം.വി രാഘവനും എൻ. രാമകൃഷ്ണനും കൂത്തുപറമ്പിലേക്ക് വരുമെന്നറിയിച്ച ദിവസം.

മന്ത്രിമാരെ തടയാൻ സംഘടിച്ചെത്തിയത് 2000ലേറെ ഡിവൈഎഫ്ഐ പ്രവർത്തകർ. സമയം രാവിലെ 11.55. എം.വി രാഘവന്റെ വാഹനം ടൗൺ ഹാളിന് മുന്നിലെത്തി. പ്രതിഷേധവുമായി പാഞ്ഞടുത്ത സമരക്കാർക്ക് നേരെ വെടിവെപ്പ്. അഞ്ച് പേർ കൂത്തുപറമ്പിന്റെ മണ്ണിൽ മരിച്ചുവീണു. മരണത്തോട് പൊരുതി പുഷ്പൻ ജീവിതത്തിലേക്ക് മടങ്ങിയെത്തി.

മൂന്ന് പതിറ്റാണ്ട് കാലം സിപിഎമ്മിന്റെ കരുതലിൽ സഖാക്കളുടെ കൈപിടിച്ച് കെടാത്ത പോരാട്ട വീര്യത്തോടെ പുഷ്പൻ ജീവിച്ചു. ഒടുവിൽ മടക്കം. കാലമെത്ര കഴിഞ്ഞാലും സമരപഥങ്ങളിലെ കനലോർമയായി പുഷ്പൻ സഖാക്കളുടെ മനസിൽ ജീവിക്കും.

TAGS :

Next Story