'ഇതാ ഞങ്ങളുടെ പുതിയ കുഞ്ഞൂഞ്ഞ്..';പുതുപ്പള്ളി പറയുന്നു
ഉമ്മൻചാണ്ടിയുടെ സർവകാല ഭൂരിപക്ഷ റെക്കോർഡും മറികടന്നാണ് പുതുപ്പള്ളി കുഞ്ഞൂഞ്ഞിന്റെ മകനെ ചേർത്തു പിടിച്ചത്
പുതുപ്പള്ളി: പുതുപ്പള്ളിയുടെ പുതിയ നായകനായി ചാണ്ടി ഉമ്മൻ എത്തുമ്പോൾ, അളവേതുമില്ലാതെ ഉമ്മൻചാണ്ടിയോടുള്ള സ്നേഹം പ്രകടിപ്പിക്കുകയാണ് നാടൊന്നാകെ. പുതിയ കാലത്തെ കോൺഗ്രസ് രാഷ്ട്രീയത്തിന്റെ കൊടി പുതുപ്പള്ളിയിൽ ഉയർത്തിപ്പിടിക്കാൻ ചാണ്ടി ഉമ്മനെ ഏൽപ്പിക്കുമ്പോൾ മറ്റൊരു ഉമ്മൻചാണ്ടിയുടെ പിറവി പുതുപ്പള്ളി സ്വപ്നം കാണുന്നുണ്ട്.
പുതുപ്പള്ളി കവലയുടെ മുക്കിലും മൂലയിലും ഉയരുന്ന മുദ്രാവാക്യങ്ങളിൽ ഏറെയും ഉമ്മൻചാണ്ടിക്കുള്ളതാണ്. മുഷ്ടി ചുരുട്ടി തൊണ്ടപൊട്ടുമാറുച്ചത്തിൽ പുതുപ്പള്ളി പറയുന്നു, ഇതാ ഉമ്മൻചാണ്ടിയുടെ മകൻ ചാണ്ടി ഉമ്മനാണ് ഞങ്ങളുടെ പുതിയ കുഞ്ഞൂഞ്ഞ്. ആൾക്കൂട്ടത്തിന് നടുവിൽ അല്ലാതെ സ്വന്തം പിതാവിനെ ചേർത്തുപിടിക്കാൻ വെമ്പിയ കുഞ്ഞു ചാണ്ടിക്ക് മൂന്നര പതിറ്റാണ്ടിനു ശേഷം നാട് തിരികെ നൽകുന്ന സ്നേഹമാണിത്. ബാല്യ കൗമാരങ്ങൾ കടന്ന് യൗവനത്തിലേക്ക് എത്തുമ്പോൾ അപ്പൻ നേരത്തെ പിടിച്ച കെഎസ്‌യുവിന്റെ കൊടി മുറുകെപ്പിടിച്ചാണ് ചാണ്ടി ഉമ്മനും രാഷ്ട്രീയത്തിലേക്ക് എത്തുന്നത്. തിരുവനന്തപുരം മാർ ഇവാനിയോസ് കോളേജ്, ഡൽഹിയിലെ സെന്റ് സ്റ്റീഫൻസ് കോളേജ് എന്നിവിടങ്ങളിലെ പഠനസമയത്തും, സംഘടനാ തലപ്പത്തില്ലാതെ സാധാരണ പ്രവർത്തകനായി ചാണ്ടി ഉമ്മൻ നിറഞ്ഞുനിന്നു.
2013ൽ യൂത്ത് കോൺഗ്രസിന്റെ ദേശീയതലത്തിലെ പ്രചാരണ സമിതിയിൽ അംഗമായി. നാടിളക്ക് മറിച്ച് രാഹുൽഗാന്ധി കന്യാകുമാരി മുതൽ കാശ്മീർ വരെ നടത്തിയ ഭാരത് ജോഡോ യാത്രയിൽ, നഗ്നപാദനായി ഉമ്മൻചാണ്ടിയുടെ മകനും ഒപ്പം ചേർന്നു. അഞ്ചു പതിറ്റാണ്ടിലേറെ പുതുപ്പള്ളിയെ ഹൃദയത്തോട് ചേർത്ത ഉമ്മൻചാണ്ടി വിട പറഞ്ഞപ്പോൾ, തെരഞ്ഞെടുപ്പിന് ഇറങ്ങാൻ മറ്റൊരു പേര് കോൺഗ്രസിന് മുന്നിലില്ലായിരുന്നു.
തെരഞ്ഞെടുപ്പ് പ്രചാരണവേളയിലും ഉയർന്ന വിവാദങ്ങളും ഏറ്റുവാങ്ങിയ കൂരമ്പുകളും എല്ലാം മറന്ന് പുതുപ്പള്ളി പള്ളിയിലെ കബറിടത്തി ഒരിറ്റു കണ്ണീർ ചേർത്ത് ഇന്ന് വീണ്ടും ചാണ്ടി ഉമ്മൻ എത്തി. അപ്പോഴേക്കും ഉമ്മൻചാണ്ടിയുടെ സർവകാല ഭൂരിപക്ഷ റെക്കോർഡും മറികടന്നാണ് പുതുപ്പള്ളി കുഞ്ഞുഞ്ഞിന്റെ മകനെ ചേർത്തു പിടിച്ചത്. ദേശീയ രാഷ്ട്രീയ വിവാദങ്ങളും, സംസ്ഥാന സർക്കാറിന്റെ ഭരണത്തിന്റെ വിലയിരുത്തലോ എന്തും വോട്ടായി മാറിയിട്ടുണ്ടാകും പുതുപ്പള്ളിയിൽ. അതിനെല്ലാം മുകളിൽ ഇതാണ് ഇനി പുതുപ്പള്ളിയുടെ മുഖം, ഇതാണ് ഞങ്ങളുടെ കുഞ്ഞൂഞ്ഞ് എന്ന് കേരളത്തോട് പറയുകയായിരുന്നു പുതുപ്പള്ളി.
Adjust Story Font
16