പുതുപ്പള്ളിയിൽ പോരാട്ടം കടുപ്പിച്ച് മുന്നണികൾ; പ്രചാരണത്തിനായി കൂടുതൽ നേതാക്കൾ ഇന്ന് മണ്ഡലത്തിലെത്തും
സ്ഥാനാർഥി പ്രഖ്യാപനത്തിനു പിന്നാലെ പ്രധാന വ്യക്തികളുമായി കൂടിക്കാഴ്ച നടത്തിയ ചാണ്ടി ഉമ്മൻ മണ്ഡലത്തിൽ സജീവമായി കഴിഞ്ഞു.
കോട്ടയം: പുതുപ്പള്ളിയിൽ പോരാട്ടം കടുപ്പിച്ച് മുന്നണികൾ. ചാണ്ടി ഉമ്മന്റെ പ്രചാരണത്തിനായി കോൺഗ്രസ് എം.എൽ.എമാർ ഇന്ന് മണ്ഡലത്തിലെത്തും. സ്ഥാനാർഥി പ്രഖ്യാപനത്തിനു മുമ്പുതന്നെ മന്ത്രി വി.എൻ വാസവന്റെ നേതൃത്വത്തിൽ സി.പി.എമ്മും പ്രചാരണ പരിപാടികൾ വിപുലപ്പെടുത്തി. കരുത്തനായ സ്ഥാനാർഥിയെ നിർത്തി ശക്തമായ ത്രികോണ മത്സരമാണ് ബി.ജെ.പി ലക്ഷ്യമിടുന്നത്.
സ്ഥാനാർഥി പ്രഖ്യാപനത്തിനു പിന്നാലെ പ്രധാന വ്യക്തികളുമായി കൂടിക്കാഴ്ച നടത്തിയ ചാണ്ടി ഉമ്മൻ മണ്ഡലത്തിൽ സജീവമായി കഴിഞ്ഞു. കോൺഗ്രസ് എം.എൽ.എമാരുടെ നേതൃത്വത്തിൽ ഇന്നു മുതൽ പഞ്ചായത്ത് അടിസ്ഥാനത്തിൽ യോഗങ്ങൾ ചേരും. മുൻ മന്ത്രിമാരായ കെ.സി ജോസഫിനും തിരുവഞ്ചൂർ രാധാകൃഷ്ണനുമാണ് ഏകോപന ചുമതല. അടുത്തഘട്ടത്തിൽ ചാണ്ടി ഉമ്മന്റെ കുടുംബാംഗങ്ങളും പ്രചാരണത്തിൽ പങ്കാളികളാകും. സ്ഥാനാർഥി പ്രഖ്യാപനത്തിനു മുമ്പു തന്നെ സി.പി.എം മണ്ഡലത്തിൽ കരുനീക്കങ്ങൾ ശക്തമാക്കിയിരുന്നു.
സി.പി.എം വാർഡ് തല യോഗങ്ങൾ ആരംഭിച്ചു. പ്രഥമ പരിഗണയിലുള്ള ജെയ്ക്ക് സി. തോമസിനോട് മണ്ഡലത്തിൽ സജീവമാകുവാൻ പാർട്ടി നേരത്തെ തന്നെ നിർദേശിച്ചിരുന്നു. അതേസമയം മറ്റു പേരുകൾക്കും പൊതു സമ്മതരായ വ്യക്തികൾക്കും സാധ്യതയുണ്ട്. ശനിയാഴ്ച സ്ഥാനാർഥി പ്രഖ്യാപനമുണ്ടാകും. ജോർജ് കുര്യൻ, എൻ. ഹരി, ലിജിൻ ലാൽ എന്നിവരുടെ പേരുകൾ ബി.ജെ.പിയിൽ ഉയർന്നു കേൾക്കുന്നുണ്ടെങ്കിലും പുതുമുഖത്തിന് അവസരം നൽകുമെന്നാണ് സൂചന. കോർ കമ്മിറ്റി യോഗത്തിനു ശേഷം സ്ഥാനാർഥി പ്രഖ്യാപനമുണ്ടാകും. സി.പി.എം, ബി.ജെ.പി സ്ഥാനാർഥി നിർണയത്തിനു ശേഷം പുതുപ്പള്ളി കടുത്ത രാഷ്ട്രീയ ചൂടിലേക്ക് കടക്കും.
Adjust Story Font
16