ആൾക്കൂട്ടത്തിന് നടുവിൽ പ്രിയനേതാവ്; പുതുപ്പള്ളിയിലേക്ക് ഉമ്മൻ ചാണ്ടിയുടെ അവസാനയാത്ര
7 മണിക്ക് പുതുപ്പള്ളി പള്ളിയിലേക്ക് വിലാപയാത്ര, 7.30ന് പള്ളിയിൽ പ്രാർഥന ആരംഭിക്കും
കോട്ടയം: പറഞ്ഞുറപ്പിച്ചതിലും വൈകിയാണ് തിരുനക്കരയിൽ നിന്ന് ഉമ്മൻ ചാണ്ടിയുടെ ഭൗതികശരീരം വഹിച്ചുള്ള വിലാപയാത്ര പുതുപ്പള്ളിയിലേക്ക് പുറപ്പെട്ടത്. 'ഉമ്മൻ ചാണ്ടി സാറി'നെ അവസാനമായി കാണാൻ തിരുനക്കരയിലേക്ക് ഒഴുകിയെത്തിയ ജനം തന്നെയായിരുന്നു അതിന് കാരണം. ഇന്നലെ രാവിലെ ഏഴു മണിക്ക് തിരുവനന്തപുരത്ത് നിന്ന് പുറപ്പെട്ട വിലാപയാത്ര തിരുനക്കരയിലെത്തിയത് ഇന്ന് രാവിലെ 10 മണിക്ക്. അപ്പോഴും പിരിയാൻ കൂട്ടാക്കാതെ കാത്തിരിക്കുകയായിരുന്നു അദ്ദേഹത്തിന്റെ പ്രിയജനം.
എത്രയധികം പേരുണ്ടായാലും എല്ലാവരെയും കണ്ട് മടങ്ങിയാണല്ലോ ഉമ്മൻ ചാണ്ടിക്ക് ശീലം. ആ ശീലത്തിന് തെല്ലും മാറ്റം വരുത്തിയില്ല സഹപ്രവർത്തകരും കുടുംബവും. പറഞ്ഞുറപ്പിച്ചതിലും വൈകിയെങ്കിലും എല്ലാവരെയും കാട്ടി 2.40ഓടെ ഭൗതിക ശരീരം പുതുപ്പള്ളിയിലേക്ക്.
തിരുനക്കരയിൽ നിന്ന് പുതുപ്പള്ളി വരെ റോഡിനിരുവശവും തിങ്ങി നിറഞ്ഞിരിക്കുകയാണ് ജനം. തങ്ങളുടെ നേതാവിനെ ഇനി കാണാനാവില്ലെന്ന വിതുമ്പലാണ് എല്ലാവർക്കും തന്നെ. പുതുപ്പള്ളിയിലേക്ക് കുഞ്ഞൂഞ്ഞിന്റെ അവസാന യാത്രയാണിത്. അതുകൊണ്ടു തന്നെ അത് അദ്ദേഹത്തിന് പ്രിയപ്പെട്ട രീതിയിലാക്കാൻ അറിഞ്ഞോ അറിയാതെയോ ജനമനസ്സിന് കഴിഞ്ഞു എന്നു വേണം പറയാൻ.
4.30ക്കാണ് ഉമ്മൻ ചാണ്ടിയുടെ തറവാട്ട് വീട്ടിൽ പ്രാർഥനകൾ ആരംഭിക്കുക. 6.30ന് പുതിയ വീട്ടിലും പ്രാർഥനയുണ്ടാകും. പിന്നീട് 7 മണിക്ക് പുതുപ്പള്ളി പള്ളിയിലേക്ക് വിലാപയാത്ര. 7.30ക്കാണ് പള്ളിയിൽ സംസ്‌കാരപ്രാർഥനകൾ നിശ്ചയിച്ചിരിക്കുന്നത്.
രാത്രി വൈകിയാലും ഉമ്മൻ ചാണ്ടിയുടെ സംസ്‌കാരം ഇന്ന് തന്നെ നടത്തുന്നതിന് ജില്ലാ കലക്ടർ അനുമതി നൽകിയിട്ടുണ്ട്. പള്ളിയിൽ എത്തുന്ന ഏതൊരാൾക്കും ഉമ്മൻചാണ്ടിയെ അവസാനമായി ഒരു നോക്ക് കാണാനുള്ള അവസരം ഒരുക്കുമെന്ന് പുതുപ്പള്ളി സെന്റ് ജോർജ് വലിയ പള്ളി അധികൃതരും അറിയിച്ചു.
സംസ്‌കാര ശുശ്രൂഷകളിൽ സീറോമലബാർസഭയുടെ മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി പങ്കെടുക്കും. കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി, ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പെടെ പ്രമുഖരും ചടങ്ങിലുണ്ടാകും.
Adjust Story Font
16