Quantcast

മുഖ്യമന്ത്രി പൂർണമായും തെറ്റിദ്ധരിപ്പിക്കപ്പെട്ടു; പോരാട്ടം തുടരുമെന്ന് പി.വി അൻവർ

'മുഖ്യമന്ത്രിതന്നെ സൂചിപ്പിച്ച പൊലീസിലെ പുഴുക്കുത്തുകൾക്കെതിരെയാണ് താൻ പറഞ്ഞത്. ആ പുഴുക്കുത്തുകൾക്കെതിരായ പോരാട്ടം ഇനിയും തുടരും'.

MediaOne Logo

Web Desk

  • Updated:

    2024-09-21 15:58:39.0

Published:

21 Sep 2024 12:38 PM GMT

PV Anvar MLA Reply to CM Pinarayi Vijayan
X

മലപ്പുറം: എഡിജിപിക്കും പി. ശശിക്കുമെതിരെയുൾപ്പെടെ ഉന്നയിച്ച ആരോപണങ്ങൾ മുഖ്യമന്ത്രി തള്ളുകയും തന്നെ തള്ളിപ്പറയുകയും ചെയ്തതിനു പിന്നാലെ മറുപടിയുമായി പി.വി അൻവർ എംഎൽഎ. മുഖ്യമന്ത്രി പൂർണമായും തെറ്റിദ്ധരിപ്പിക്കപ്പെട്ടതായും അദ്ദേഹത്തെ ഉപദേശിക്കുന്നവരാണ് തെറ്റിദ്ധരിപ്പിക്കുന്നതെന്നും പി.വി അൻവർ വാർത്താസമ്മേളനത്തിൽ പറഞ്ഞു.

താൻ ആരോപണം ഉന്നയിച്ചത് പൊലീസിലെ ഒരു വിഭാഗം ആളുകളെ കുറിച്ചാണ്. അത് വളരെ ചെറിയൊരു ശതമാനം പേർക്കെതിരെ മാത്രമാണ്. നല്ല ഉദ്യോ​ഗസ്ഥർ നിരവധിയുണ്ട്. മുഖ്യമന്ത്രിതന്നെ സൂചിപ്പിച്ച പൊലീസിലെ പുഴുക്കുത്തുകൾക്കെതിരെയാണ് താൻ പറഞ്ഞത്. ആ പുഴുക്കുത്തുകൾക്കെതിരായ പോരാട്ടം ഇനിയും തുടരും.

താൻ ഉന്നയിച്ച വിഷയങ്ങളിൽ മുഖ്യമന്ത്രിയെ പൂർണമായും തെറ്റിദ്ധരിപ്പിച്ചു. ആ തെറ്റിദ്ധാരണ മാറുമ്പോൾ മുഖ്യമന്ത്രി ഇന്ന് പറഞ്ഞ കാര്യങ്ങളിൽ മാറ്റംവരും. പൊലീസിന്റെ മനോവീര്യം തകർക്കുന്ന തീരുമാനമുണ്ടാവില്ലെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. അങ്ങനെ തന്നെയാണ് വേണ്ടത്. പക്ഷേ ഇവിടെ മനോവീര്യം തകരുന്നത് പൊലീസിലെ ക്രിമിനലുകളുടേതാണ്. സത്യസന്ധരായ ഉദ്യോഗസ്ഥരുടെ മനോവീര്യം ഉയർന്നിരിക്കുകയാണ്.

മുഖ്യമന്ത്രി അതാണ് മനസിലാക്കേണ്ടത്. അദ്ദേഹത്തിന് ഉപദേശങ്ങൾ കൊടുക്കുന്നവർ തെറ്റിദ്ധരിപ്പിക്കുകയാണ്. സത്യങ്ങൾ മുഴുവൻ മറച്ചുവയ്ക്കുകയാണ്. പൊലീസിനെതിരെ എന്ത് പറഞ്ഞാലും എന്ത് നടപടിയെടുത്താലും അതൊരു മനോവീര്യം തകർക്കലാണെന്ന് തെറ്റിദ്ധരിപ്പിച്ചിട്ടുണ്ട്. അതിനാൽ അക്കാര്യം മുഖ്യമന്ത്രി ഒന്നുകൂടി പുനഃപരിശോധിക്കണം- അൻവർ വ്യക്തമാക്കി.

സുജിത്ത് ദാസിന്റെ ഫോൺ റെക്കോർഡ് ചെയ്ത സംഭവത്തെ കുറിച്ച് മുഖ്യമന്ത്രി പറഞ്ഞ കാര്യം താൻ അംഗീകരിക്കുന്നു. അത് താൻ പുറത്തുവിട്ട അന്നുതന്നെ പറഞ്ഞിട്ടുണ്ട്. തന്റെ ജീവിതത്തിൽ താൻ ചെയ്യുന്ന ഏറ്റവും വലിയ മോശം കാര്യമാണെന്ന്. ഇത് പുറത്തുവിടുകയല്ലാതെ തനിക്ക് രക്ഷയില്ലെന്ന് താൻ പറഞ്ഞിരുന്നു. ഒരു ഐപിഎസ് ഓഫീസർ ഒരു എംഎൽഎയുടെ കാലുപിടിച്ച കരയുന്ന നാലഞ്ചു ദിവസത്തെ കോളാണ്. മുഴുവൻ പുറത്തുവിട്ടിട്ടില്ല. ഇനിയും പുറത്തുവിടാൻ ഉണ്ട്. സുജിത് ദാസ് കാല് പിടിച്ചത് തെറ്റ് ചെയ്തതു കൊണ്ടാണ്. താൻ അത് ചോദിച്ചു എടുക്കുകയായിരുന്നു എന്ന് അദ്ദേഹത്തിന് മനസിലായില്ല. അദ്ദേഹത്തിന്റെ കോമൺസെൻസ് പോലും ദൈവം അടച്ചു.

താനുന്നയിച്ചുവന്ന വിഷയങ്ങൾ അടിസ്ഥാനപരമായി ഈ സമൂഹത്തെ ബോധ്യപ്പെടുത്താൻ കഴിഞ്ഞ ഏക സംഗതി ആ ഫോൺ റെക്കോർഡിങ് ആണ്. അതില്ലായിരുന്നെങ്കിൽ ഇതെവിടുത്തുമായിരുന്നു. ഇതെല്ലാം ഇല്ലായിരുന്നില്ലെങ്കിൽ ഇതെവിടെ എത്തുമായിരുന്നു. എല്ലാം ഉണ്ടായിട്ടും ഇപ്പോൾ കാര്യങ്ങൾ തിരിഞ്ഞുവരുന്നത് കണ്ടില്ലേ. സ്വർണക്കടത്ത് കേസിലെ പ്രതികളെ മഹത്വൽക്കരിക്കുന്നു എന്ന് മുഖ്യമന്ത്രി പറഞ്ഞത് അദ്ദേഹത്തെ തെറ്റിദ്ധരിപ്പിച്ചത് കൊണ്ടാണെന്നും അൻവർ പറഞ്ഞു.

ഈ കേസിൽ അന്വേഷണം നടത്തണം. പൊലീസ് കൊടുത്ത റിപ്പോർട്ടിന് വിശ്വസിച്ചാണ് മുഖ്യമന്ത്രി അങ്ങനെ പറഞ്ഞത്. മുഖ്യമന്ത്രി ഈ കാര്യത്തിൽ ഒന്നുകൂടി വിശദമായി വ്യക്തിപരമായി പഠിക്കണം. എയർപോർട്ടിന്റെ മുന്നിൽ വച്ചാണ് സ്വർണം പിടികൂടുന്നത്. പൊലീസിന് വിവരം ലഭിച്ചാൽ ഉടൻ കസ്റ്റംസിന്റെ വിവരം അറിയിക്കണം. പിടിക്കേണ്ടത് കസ്റ്റംസാണ്. ഒരു കേസിലും വിവരം കൊടുത്തിട്ടില്ല. അത് അന്വേഷണ ഏജൻസികൾ പരിശോധിക്കട്ടെ. കസ്റ്റംസിന് വിവരം നൽകുന്നവർക്ക് 20 ശതമാനം റിവാർഡ് ഉണ്ട്.

എന്നാൽ ഈ റിവാർഡ് സുജിത് ദാസിനും ടീമിനും വേണ്ട. അവർക്ക് കോടികൾ കിട്ടുമായിരുന്നു. അതിനു നിൽക്കാതെ നേരെ ഈ സ്വർണം പുറത്തേക്ക് കടത്തി. മുഖ്യമന്ത്രി കൊണ്ടോട്ടിയിലെ സ്വർണപ്പണിക്കാരനോട് അന്വേഷിച്ചാൽ തന്നെ കാര്യം വ്യക്തമാകും. സ്വർണം കൊണ്ടുവന്ന ആളുകൾ തെളിവുകൾ തരുന്നില്ല. അവർ ഭയ്ക്കുന്നു. എഡിജിപി തുടരുന്നതാണ് കാരണം- അൻവർ വ്യക്തമാക്കി.

ഈ സ്വർണക്കടത്ത് കേസുകൾ മുഴുവൻ എടുത്തത് 102 സിആർപിസി പ്രകാരമാണ്. സ്വർണക്കടത്തുകാർ ടാക്സ് ആണ് വെട്ടിക്കുന്നത്. അത് കളവ് മുതൽ അല്ല. കസ്റ്റംസിന്റെ പണി എന്തിനാണ് പൊലീസ് ചെയ്യുന്നത്. അവിടെയാണ് പൊലീസിന്റെ കള്ളത്തരം. വിവരം വിളിച്ചുപറഞ്ഞ് റിവാർഡ് വാങ്ങുന്നതിന് പകരം ആളുകളെ കൂട്ടിക്കൊണ്ടുപോയി ഇവരുടെ കേന്ദ്രങ്ങളിലെത്തിച്ച് മർദിച്ച് ആവശ്യമായ സ്വർണം എടുത്ത് പിന്നീട് കോടതിയിൽ ഹാജരാക്കുന്നു. അങ്ങനെ വരുമ്പോൾ ഒറ്റ കേസ് നിലനിൽക്കില്ല. കോടതിയിൽ പുല്ലുവിലയില്ല. ഈ കേസുകളുമായി ബന്ധപ്പെട്ടും മുഖ്യമന്ത്രിയെ തെറ്റിദ്ധരിപ്പിക്കുകയാണെന്നും അൻവർ ആരോപിച്ചു.


TAGS :

Next Story