Quantcast

"കോണ്‍ഗ്രസ് പക്ഷത്ത് നിന്നതുകൊണ്ടാണ് ചോദ്യങ്ങളുണ്ടാവുന്നത്, കമ്മ്യൂണിസ്റ്റ് കലാകാരന്മാര്‍ക്ക് ചോദ്യങ്ങള്‍ നേരിടേണ്ടി വരുന്നില്ല"; രമേഷ് പിഷാരടി

കോൺഗ്രസ് അനുകൂല നിലപാട് തുറന്നുപറഞ്ഞ രമേഷ് പിഷാരടിയെ അഭിനന്ദിച്ച് കോണ്‍ഗ്രസ് നേതാക്കളായ ഷാഫി പറമ്പില്‍, കെ.എസ് ശബരീനാഥന്‍, രാഹുല്‍ മാങ്കൂട്ടത്തില്‍ എന്നിവര്‍ രംഗത്തുവന്നു

MediaOne Logo

ijas

  • Updated:

    2022-04-19 16:19:00.0

Published:

19 April 2022 3:51 PM GMT

കോണ്‍ഗ്രസ് പക്ഷത്ത് നിന്നതുകൊണ്ടാണ് ചോദ്യങ്ങളുണ്ടാവുന്നത്, കമ്മ്യൂണിസ്റ്റ് കലാകാരന്മാര്‍ക്ക് ചോദ്യങ്ങള്‍ നേരിടേണ്ടി വരുന്നില്ല; രമേഷ് പിഷാരടി
X

കോണ്‍ഗ്രസ് രാഷ്ട്രീയത്തില്‍ ചേരുമെന്ന് ആരും പ്രതീക്ഷിച്ചിരുന്നില്ലെന്നും ഒരു ചെറിയ സംഘം ആളുകള്‍ക്ക് മാത്രമാണ് അതില്‍ എതിര്‍പ്പ് തോന്നിയിട്ടുള്ളതെന്നും നടന്‍ രമേഷ് പിഷാരടി. അച്ഛനും അമ്മയും സുഹൃത്തുക്കളായ സലീം കുമാറും ധര്‍മ്മജനും കോണ്‍ഗ്രസുകാരായിരുന്നു. എങ്ങോട്ട് നോക്കിയാലും കോണ്‍ഗ്രസാണ്. തന്‍റെ അറിവും പരിചയവും വെച്ച് നോക്കിയപ്പോ ആശയപരമായി കോണ്‍ഗ്രസാണ് നല്ലതെന്ന് തോന്നിയെന്നും രമേഷ് പിഷാരടി പറഞ്ഞു. ഒരു സ്വകാര്യ ചാനലിലെ പരിപാടിയില്‍ പങ്കെടുത്താണ് രമേഷ് പിഷാരടി തന്‍റെ രാഷ്ട്രീയ വീക്ഷണം പങ്കുവെച്ചത്.

കോണ്‍ഗ്രസ് രാഷ്ട്രീയത്തില്‍ വന്നത് കൊണ്ടാണ് ചോദ്യങ്ങള്‍ നേരിടേണ്ടി വരുന്നതെന്നും രമേഷ് പിഷാരടി പറഞ്ഞു. കേരളത്തിലുള്ള കലാകാരന്മാരില്‍ ഒരുപാട് അധികം ആളുകള്‍ കമ്മ്യൂണിസ്റ്റ് പക്ഷത്താണ്. അവരാരും പ്രചരണത്തിന് പോയാലോ പ്രവര്‍ത്തനത്തിന് ഇറങ്ങിയാലോ തെരഞ്ഞെടുപ്പില്‍ മത്സരിച്ചാലോ ഒരു സ്ഥലത്ത് നിന്നും 'കുഴപ്പമായോ' എന്ന ചോദ്യം നേരിടേണ്ടി വരുന്നില്ലെന്നും രമേഷ് പിഷാരടി പറഞ്ഞു. ചോദ്യങ്ങള്‍ വരുമെന്ന് നേരത്തെ അറിയാമായിരുന്നുവെന്നും ആ ചോദ്യത്തിനകത്ത് തന്നെ അതിനുള്ള ഉത്തരവുമുണ്ടെന്നും പിഷാരടി മറുപടി നല്‍കി.

അതെ സമയം കോൺഗ്രസ് അനുകൂല നിലപാട് തുറന്നുപറഞ്ഞ പിഷാരടിയെ അഭിനന്ദിച്ച് കോണ്‍ഗ്രസ് നേതാക്കളായ ഷാഫി പറമ്പില്‍, കെ.എസ് ശബരീനാഥന്‍, രാഹുല്‍ മാങ്കൂട്ടത്തില്‍ എന്നിവര്‍ രംഗത്തുവന്നു. സിനിമ സാംസ്കാരിക പ്രവർത്തകരായാൽ അവർ സഖാക്കളാകണം എന്ന സാംസ്കാരിക ഗുണ്ടകളുടെയും സൈബർ കീടങ്ങളുടെയും തിട്ടൂരങ്ങളെ വെല്ലുവിളിച്ച് തന്നെയാണ് രമേഷ് പിഷാരടി കോൺഗ്രസ്സായി തുടരുന്നതെന്നും നിലപാടിലെ സുതാര്യതക്കും ധീരതക്കും അഭിവാദ്യങ്ങൾ അര്‍പ്പിക്കുന്നതായും രാഹുല്‍ മാങ്കൂട്ടത്തില്‍ ആശംസിച്ചു.

രമേഷ് പിഷാരടിയുടെ വാക്കുകള്‍:

കോണ്‍ഗ്രസ് രാഷ്ട്രീയത്തില്‍ ചേരുമെന്ന് ആരും പ്രതീക്ഷിച്ചില്ല. മിമിക്രിയൊക്കെ ചെയ്ത ആളെന്ന നിലയില്‍ ഒരു കക്ഷി രാഷ്ട്രീയത്തിന്‍റെ ഭാഗമായതില്‍ അത്രക്ക് സുഖിക്കാത്തവരുണ്ട്. ഒരു വിഭാഗത്തിന് എതിര്‍പ്പുണ്ടായെന്ന് തോന്നുന്നില്ല, ഒരു ചെറിയ സംഘം ആളുകള്‍ക്കാണ് അങ്ങനെ തോന്നിയത്.

എന്‍റെ അച്ഛനും അമ്മയും കോണ്‍ഗ്രസുകാരായിരുന്നു. സലീമേട്ടന്‍ (സലീം കുമാര്‍), സുഹൃത്ത് ധര്‍മ്മജന്‍ എന്നിവരും കോണ്‍ഗ്രസുകാരായിരുന്നു. എങ്ങോട്ട് നോക്കിയാലും കോണ്‍ഗ്രസാണ്. പരിചയമില്ലാത്ത ആളുകള്‍ സമൂഹ മാധ്യമങ്ങളില്‍ ചീത്ത വിളിച്ചിട്ടുണ്ട്. വളരെ വേണ്ടപ്പെട്ട സുഹൃത്തുക്കള്‍ എന്തിനായിരുന്നുവെന്ന് ചോദിച്ചിട്ടുണ്ട്. പക്ഷേ നല്ല മൂത്ത കമ്മ്യൂണിസ്റ്റുകാര്‍ക്ക് ഒരു കുഴപ്പവുമില്ല, അവര് എന്നോട് നല്ല സൗഹൃദത്തിലാണ്.

എന്‍റെ അറിവും പരിചയവും വെച്ച് നോക്കിയപ്പോ ആശയപരമായി കോണ്‍ഗ്രസാണ് നല്ലതെന്ന് തോന്നി. രാഷ്ട്രീയ പ്രവേശനം വേണ്ടായെന്ന് തോന്നിയിട്ടില്ല. കോണ്‍ഗ്രസ് രാഷ്ട്രീയത്തില്‍ വന്നത് കൊണ്ടാണ് ഈ ചോദ്യങ്ങളുണ്ടാവുന്നത്. കേരളത്തിലുള്ള കലാകാരന്മാരില്‍ ഒരുപാട് അധികം ആളുകള്‍ കമ്മ്യൂണിസ്റ്റാണ്, ആ പക്ഷത്താണ്. അവരാരും പ്രഖ്യാപിച്ചാലോ പ്രചരണത്തിന് പോയാലോ പ്രവര്‍ത്തനത്തിന് ഇറങ്ങിയാലോ ഇലക്ഷന് നിന്നാലോ ഒന്നും ഒരു സ്ഥലത്തും ഇതൊരു കുഴപ്പമായോ എന്ന ചോദ്യം നേരിടേണ്ടി വരുന്നില്ല. ഇതിലായാല്‍ മാത്രമേ ചോദ്യം നേരിടേണ്ടി വരുന്നുള്ളൂ. ചോദ്യങ്ങള്‍ വരുമെന്ന് നേരത്തെ അറിയാമായിരുന്നു. ആ ചോദ്യത്തിനകത്ത് തന്നെ ഉത്തരവുമുണ്ട്. രണ്ട് മൂന്ന് പ്രാവശ്യം ചോദിച്ചാല്‍ മനസ്സിലാകും.

TAGS :

Next Story