ഞാനൊരു പുരുഷവാദിയാണെങ്കിലും എന്റെ മനസ്സ് സമരം ചെയ്യുന്ന ഗുസ്തി താരങ്ങൾക്കൊപ്പമാണ്: രാഹുൽ ഈശ്വർ
ഗുസ്തി താരങ്ങളുടെ ആരോപണത്തിൽ കോടതി ഇടപെട്ട് എത്രയും വേഗം പരിഹാരമുണ്ടാക്കുന്നതാണ് ഉചിതമെന്നും രാഹുൽ പറഞ്ഞു.
കോഴിക്കോട്: താനൊരു പുരുഷവാദിയാണെങ്കിലും സമരം ചെയ്യുന്ന ഗുസ്തി താരങ്ങൾക്കൊപ്പമാണെന്ന് രാഹുൽ ഈശ്വർ. സമരം ചെയ്യുന്ന വിനേഷ് ഫോഗട്ടും സാക്ഷി മാലിക്കുമെല്ലാം ദുർഗമാരായി മാറട്ടെ എന്നും രാഹുൽ പറഞ്ഞു. മീഡിയവൺ സ്‌പെഷ്യൽ എഡിഷനിലായിരുന്നു രാഹുലിന്റെ പ്രതികരണം. ഏതെങ്കിലും രാഷ്ട്രീയപ്പാർട്ടികൾ നടപടി എടുക്കുന്നതിന് പകരം ഒരു അതിവേഗ കോടതി സ്ഥാപിച്ച് കേസ് പരിശോധിക്കുന്നതായിരിക്കും കൂടുതൽ നല്ലതെന്നും അദ്ദേഹം പറഞ്ഞു.
ബി.ജെ.പിയുടെ പണം വാങ്ങിയാണ് ചില വലതുനിരീക്ഷകർ ചാനൽ ചർച്ചകളിൽ പങ്കെടുക്കുന്നതെന്ന് കോൺഗ്രസ് നേതാവ് ഷമ മുഹമ്മദ് ആരോപിച്ചത് വാഗ്വാദത്തിന് ഇടയാക്കി. ഗുലാം നബി ആസാദിനെപ്പോലും ബി.ജെ.പിക്കാരനാക്കിയവരുടെ ഇത്തരം ആരോപണങ്ങളിൽ പുതുമയില്ലെന്ന് വലതു നിരീക്ഷനായ മിഥുൻ വിജയകുമാർ പറഞ്ഞു. തങ്ങളൊന്നും ആരുടെയും പണം വാങ്ങിയല്ല ചർച്ചക്ക് വരുന്നതെന്നും സ്വന്തം ബോധ്യങ്ങളിൽ നിന്നുള്ള കാര്യങ്ങളാണ് ചർച്ചയിൽ പങ്കുവെക്കുന്നതെന്നും രാഹുൽ ഈശ്വറും പറഞ്ഞു.
ഏതെങ്കിലും ചെറിയ കാര്യത്തിന് വേണ്ടിയല്ല താരങ്ങൾ തെരുവിലിറങ്ങിയതെന്ന് എം.എസ്.എഫ് നേതാവ് ഫാത്തിമ തഹ്‌ലിയ പറഞ്ഞു. പൗരന്റെ സംരക്ഷണം സ്റ്റേറ്റിന്റെ ചുമതലയാണ്. മൗലികാവകാശം ലംഘിക്കപ്പെട്ടതിന്റെ പേരിലാണ് താരങ്ങൾ സമരം ചെയ്യുന്നത്. ഇത് കൂടുതൽ ചർച്ചകൾക്ക് വഴിവെക്കാത്ത രീതിയിൽ എത്രയും പെട്ടെന്ന് പരിഹരിക്കുകയാണ് വേണ്ടതെന്നും എന്നാൽ ബി.ജെ.പിയും കേന്ദ്ര സർക്കാരും താരങ്ങളുടെ സമരം രാഷ്ട്രീയവത്കരിക്കുകയാണ് ചെയ്യുന്നതെന്നും തഹ്‌ലിയ പറഞ്ഞു.
Adjust Story Font
16