Quantcast

'വയനാടിന് നന്ദി, എന്നും ഒപ്പമുണ്ടാകും'; രാഹുൽ ഗാന്ധി

"വയനാട് ഒഴിയുക എന്നത് നിസാരമായ കാര്യമായിരുന്നില്ല, ജനങ്ങൾ എന്നും എന്നോടൊപ്പമുണ്ടായിരുന്നു"

MediaOne Logo

Web Desk

  • Published:

    17 Jun 2024 4:26 PM GMT

Rahul Gandhi about his decision in giving up wayanad seat
X

ന്യൂഡൽഹി: വയനാടിനോടും റായ്ബറേലിയോടും തനിക്ക് ഒരേപോലെ വൈകാരിക അടുപ്പമുണ്ടെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. രാഹുൽ റായ്ബറേലി നിലനിർത്തുമെന്നും പ്രിയങ്കാ ഗാന്ധി വയനാട്ടിൽ മത്സരിക്കുമെന്നുമുള്ള കോൺഗ്രസിന്റെ ഔദ്യോഗിക പ്രഖ്യാപനത്തിന് പിന്നാലെ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

"വയനാട്ടിലെ ജനങ്ങൾ എനിക്ക് നൽകിയ സ്‌നേഹവും പിന്തുണയും ചെറുതല്ല. ബുദ്ധിമുട്ടേറിയ സമയത്തും എനിക്ക് പോരാടാനുള്ള ഊർജം നൽകിയതവരാണ്. പ്രിയങ്കയാവും വയനാട്ടിൽ നിന്ന് മത്സരിക്കുന്നതെങ്കിലും പ്രിയങ്കയ്‌ക്കൊപ്പം ഞാനും വയനാട്ടിലുണ്ടാകും. വയനാടുകാർക്ക് നൽകിയ വാഗ്ദാനങ്ങൾ പാലിക്കും. റായ്ബറേലിയുമായി എനിക്ക് വർഷങ്ങളായുള്ള ബന്ധമാണ്. അവരെ പ്രതിനിധീകരിക്കുന്നതിൽ വളരെ സന്തോഷവമുണ്ട്. പക്ഷേ വയനാട് ഒഴിയുക എന്നത് നിസാരമായ കാര്യമായിരുന്നില്ല. വയനാട്ടിലെ ജനങ്ങൾ എന്നും എന്നോടൊപ്പമുണ്ടായിരുന്നു. അവർക്ക് വേണ്ടി ഞാനും എന്നുമുണ്ടാവും.

പ്രിയങ്ക വയനാടുകാർക്ക് ഒരു മികച്ച പ്രതിനിധിയായിരിക്കുമെന്ന് എനിക്കുറപ്പുണ്ട്. പ്രിയങ്ക വയനാട്ടിൽ നിന്ന് ജയിക്കുമെന്ന് പ്രതീക്ഷയുമുണ്ട്. ഇങ്ങനെ ചിന്തിച്ചാൽ മതി- വയനാടിന് ഇന്ന് മുതൽ രണ്ട് എംപിയുണ്ടാവും. ഒന്ന് ഞാനും ഒന്ന് പ്രിയങ്കയും. വയനാടുകാർക്കായി ഞാനെന്റെ വാതിലുകൾ എപ്പോഴും തുറന്നിട്ടിരിക്കും. വയനാട്ടിലെ ഓരോ വ്യക്തിയോടും സ്‌നേഹം മാത്രം". രാഹുൽ പറഞ്ഞു.

രണ്ട് തവണയും വലിയ ഭൂരിപക്ഷം നൽകിയാണ് വയനാട്ടുകാർ രാഹുൽഗാന്ധിയെ വിജയിപ്പിച്ചത്. വയനാട്ടിലും റായ്ബറേലിയിലും വിജയിച്ചതോടെ ഏതെങ്കിലും ഒരു മണ്ഡലം ഒഴിയണമെന്ന അനിവാര്യതയ്ക്ക് മുന്നിൽ വയനാട്ടിൽ നിൽക്കാനായിരുന്നു രാഹുലിന് ഇഷ്ടം. പക്ഷേ തെരഞ്ഞെടുപ്പിൽ ഇന്ത്യ സഖ്യത്തിൻറെയും കോൺഗ്രസ്സിൻറെയും മുന്നേറ്റത്തിന് പിന്നാലെ ഉത്തരേന്ത്യയിൽ ശ്രദ്ധകേന്ദ്രീകരിക്കാനാണ് പാർട്ടി ആവശ്യം. ആ തീരുമാനം കൈക്കൊണ്ട് രാഹുൽ വയനാട്ടിൽ നിന്ന് മടങ്ങുമ്പോൾ പ്രിയങ്കഗാന്ധി എത്തുന്നതിനെ നേരത്തെ തന്നെ വയനാട്ടിലെ യുഡിഎഫ് പ്രവർത്തകർ സ്വാഗതം ചെയ്തതാണ്. ഇതിനിടെ കെ മുരളീധരൻറെ പേരും അഭ്യൂഹമായി പ്രചരിച്ചു.

രാഹുൽ ഗാന്ധി വിജയത്തിന് നന്ദിപറയാനെത്തിയപ്പോൾ പറഞ്ഞ വാക്കുകളിൽ പ്രിയങ്ക വയനാട്ടിലേക്കെത്തുമെന്ന സൂചനയുണ്ടായിരുന്നു. . ഉപതെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചാൽ പ്രിയങ്ക വയനാട്ടിലേക്കെത്തും. സിപിഐ നേതാവ് ആനിരാജയായിരുന്നു രാഹുൽ ഗാന്ധിക്കെതിരെ മത്സരിച്ചത്. ആരാകും എൽഡിഎഫ് സ്ഥാനാർഥി എന്നതാണ് ഇനി അറിയാനുള്ളത്. എൻ ഡി എയ്ക്കും പുതിയ സ്ഥാനാർഥിയാകും വയനാട്ടിൽ.

വയനാട്ടിൽ പ്രിയങ്കാഗാന്ധിയുടെ സ്ഥാനാർഥിത്വത്തെ യുഡിഎഫ് നേതാക്കൾ സ്വാഗതം ചെയ്തു. പ്രിയങ്ക കേരളത്തിന്റെ പ്രിയങ്കരിയാകും എന്നായിരുന്നു പ്രതിപക്ഷനേതാവ് വിഡി സതീശന്റെ പ്രതികരണം. പ്രിയങ്കാഗാന്ധി വൻ ഭൂരിപക്ഷത്തോടെ ജയിക്കുമെന്ന് സാദിഖലി തങ്ങളും പികെ കുഞ്ഞാലിക്കുട്ടിയും സംയുക്ത പ്രതികരണം നടത്തി. പ്രിയങ്കയുടെ സാന്നിധ്യം വയനാട്ടിലും രാഹുലിന്റെ സാന്നിധ്യം വടക്കേ ഇന്ത്യയിലും വേണമെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തലയും പ്രതികരിച്ചു.

അതേസമയം രാഹുൽ വയനാടൊഴിഞ്ഞതിനെതിരെ വിമർശനങ്ങളും ഉയരുന്നുണ്ട്. കോൺഗ്രസ് വയനാട്ടിലെ ജനങ്ങളെ വഞ്ചിച്ചുവെന്നായിരുന്നു സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിന്റെ പ്രതികരണം.

TAGS :

Next Story