'അച്ചു ഉമ്മന്‍റെ ചെരുപ്പിന്‍റെ വില കേട്ടാൽ ഞെട്ടുമോ?'; സൈബര്‍ ആക്രമണങ്ങളെ വിമര്‍ശിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍
''അച്ചുവിന്‍റെ മെന്‍റര്‍ എന്നു പറഞ്ഞ് ഏതെങ്കിലും വിവാദ വ്യവസായി കേരളത്തിന്‍റെ ആരോഗ്യ ഡേറ്റ കൊണ്ടുപോകാൻ ശ്രമിച്ചോ? അച്ചുവിന്‍റേത് എന്ന് പറഞ്ഞ് ഒരു കമ്പനി ഏതെങ്കിലും വിവാദ വ്യവസായിയുടെ മാസപ്പടി പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ടോ?''
കോഴിക്കോട്: അന്തരിച്ച മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ മകള്‍ അച്ചു ഉമ്മനെതിരായ സൈബര്‍ ആക്രമണത്തിനെതിരെ യൂത്ത് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ മാങ്കൂട്ടത്തില്‍. ജോലി ചെയ്തു ജീവിക്കുന്നവരെ കാണുമ്പോൾ അഴിമതി ചെയ്തു ജീവിക്കുന്നവരുടെ അണികൾക്ക് അസ്വസ്ഥത വരുന്നത് സ്വാഭാവികമാണെന്ന് രാഹുല്‍ വിമര്‍ശിച്ചു. അച്ചു ഒരു കണ്ടന്‍റ് ക്രിയേറ്ററാണ്. ജീവിതപങ്കാളി ഒരു ബിസിനസുകാരനും. ഉമ്മന്‍ ചാണ്ടിയുടെ പേര് ഉപയോഗിച്ച് അവര്‍ ഒന്നും സമ്പാദിച്ചിട്ടില്ലെന്നും രാഹുല്‍ പറഞ്ഞു.
ഉമ്മൻ ചാണ്ടി മുഖ്യമന്ത്രിയായിരുന്നപ്പോഴോ അല്ലാത്തപ്പോഴോ അദ്ദേഹത്തിന്‍റെ പേര് ഉപയോഗിച്ച് അച്ചു ധനസമ്പാദനമോ മറ്റെന്തെങ്കിലുമോ നേടിയിട്ടുണ്ടോ? അച്ചുവിന്‍റെ പേരിൽ ഏതെങ്കിലും തട്ടിക്കൂട്ട് കമ്പനി സർക്കാർ ഇടപാടുകളുടെ മധ്യസ്ഥത വഹിക്കുന്നുണ്ടോ? അച്ചുവിന്‍റെ മെന്‍റര്‍ എന്നു പറഞ്ഞ് ഏതെങ്കിലും വിവാദ വ്യവസായി കേരളത്തിന്‍റെ ആരോഗ്യ ഡേറ്റ കൊണ്ടുപോകാൻ ശ്രമിച്ചോ? ഇതിന്‍റെയെല്ലാം ഉത്തരം ഇല്ല എന്ന് അല്ലേ. എന്നിട്ടും അച്ചു മറുപടി പറഞ്ഞു. ചില വെബ്സൈറ്റുകൾ അപ്രതൃക്ഷമായപോലെ അച്ചുവിന്‍റെ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ അപ്രത്യക്ഷമായില്ല-രാഹുല്‍ ഫേസ്ബുക്കില്‍ കുറിച്ചു.
രാഹുല്‍ മാങ്കൂട്ടത്തിലിന്‍റെ ഫേസ്ബുക്ക് കുറിപ്പിന്‍റെ പൂര്‍ണരൂപം
അച്ചു ഉമ്മന്‍റെ ചെരുപ്പിന്‍റെ വില കേട്ടാൽ ഞെട്ടുമോ?
'ചാണ്ടിയുടെ മുടിക്ക്' ശേഷം രാഷ്ട്രീയം പറയാനില്ലാത്ത സി.പി.എമ്മിന്‍റെ ആശയദാരിദ്ര്യത്തിന്‍റെ പുതിയ ചോദ്യമാണ് ചെരുപ്പിന്‍റെ വില. നാണമില്ലേയെന്ന് ചോദിച്ച് ഞാൻ നാണം കെടുന്നില്ല.
അച്ചു ഒരു കണ്ടന്‍റ് ക്രിയേറ്ററാണ്. അവർ അതിന്‍റെ ഭാഗമായി ഉപയോഗിക്കുന്ന സാധനങ്ങൾ അവരുടേതാണെന്നു പറയുന്ന അന്തങ്ങളോട് സഹതപിക്കുക മാത്രമേ നിവർത്തിയൊള്ളൂ. ആ യുക്തിവച്ച് നോക്കിയാൽ ലോകത്തിലെ ഏറ്റവും അധികം കാറുള്ളത് ബൈജു എം. നായരുടെ വീട്ടിലാകണം.
അതിനപ്പുറം അച്ചുവിന്‍റെ ജീവിതപങ്കാളി ഒരു മെച്ചപ്പെട്ട ബിസിനസ്സുകാരനുമാണ്. ഇനി നിങ്ങൾ പ്രചരിപ്പിക്കുന്ന ചിത്രങ്ങൾ നിങ്ങൾ രഹസ്യമായി പകർത്തിയതല്ലല്ലോ, അത് കണ്ടന്‍റ് ക്രിയേഷന്‍റെ ഭാഗമായി അവരുടെ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചത് അല്ലേ?
അതൊക്കെ പോട്ടെ. നിങ്ങൾ വിശദമായി ഒരു അന്വേഷണം നടത്തുക. ഉമ്മൻ ചാണ്ടി സാർ മുഖ്യമന്ത്രിയായിരുന്നപ്പോഴോ അല്ലാത്തപ്പോഴോ സാറിന്‍റെ പേര് ഉപയോഗിച്ച് അച്ചു ധനസമ്പാദനമോ മറ്റെന്തെങ്കിലുമോ നേടിയിട്ടുണ്ടോ? അച്ചുവിന്‍റെ പേരിൽ ഏതെങ്കിലും തട്ടിക്കൂട്ട് കമ്പനി സർക്കാർ ഇടപാടുകളുടെ മധ്യസ്ഥത വഹിക്കുന്നുണ്ടോ? അച്ചുവിന്‍റെ മെന്റർ എന്നു പറഞ്ഞ് വന്ന് ഏതെങ്കിലും വിവാദ വ്യവസായി കേരളത്തിന്‍റെ ആരോഗ്യ ഡേറ്റ കൊണ്ടുപോകാൻ ശ്രമിച്ചോ?
അച്ചുവിന്‍റേത് എന്ന് പറഞ്ഞ് ഒരു കമ്പനി ഏതെങ്കിലും വിവാദ വ്യവസായിയുടെ മാസപ്പടി പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ടോ? അച്ചുവിന്‍റെ ഏതെങ്കിലും കമ്പനിക്ക് ഏതെങ്കിലും വിവാദ വ്യവസായി സേവനം ഇല്ലാതെ 1.72 കോടി രൂപ കൊടുത്തിട്ടുണ്ടോ?
ഇതിന്‍റെയെല്ലാം ഉത്തരം ഇല്ല എന്ന് അല്ലേ... എന്നിട്ടും അച്ചു മറുപടി പറഞ്ഞു... ചില വെബ്സൈറ്റുകൾ അപ്രതൃക്ഷമായപോലെ അച്ചുവിന്‍റെ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ അപ്രത്യക്ഷമായില്ല. ജോലി ചെയ്ത് ജീവിക്കുന്നവരെ കാണുമ്പോൾ അഴിമതി ചെയ്തു ജീവിക്കുന്നവരുടെ അണികൾക്ക് അസ്വസ്ഥത സ്വാഭാവികം.
എന്തായാലും ചോദ്യം തുടരുക, അച്ചുവിന്‍റെ ചെരുപ്പിന് എന്താ വില?
Summary: Youth Congress leader Rahul Mamkootathil criticizes Left cyber attacks against Achu Oommen, daughter of the later Oommen Chandy
Adjust Story Font
16