'ഷൂ നക്കുന്ന ചിത്രം കാണുമ്പോൾ നിങ്ങൾക്ക് സവർക്കറിനെ ഓർമ്മ വരുന്നതെന്താണ്?' സംഘപരിവാറിനോട് രാഹുല്‍ മാങ്കൂട്ടത്തില്‍
കാലാപാനി സിനിമയില്‍ മോഹന്‍ലാലിന്‍റെ കഥാപാത്രം ബ്രിട്ടീഷുകാരുടെ ഷൂ നക്കുന്ന ചിത്രം പങ്കുവെച്ചുകൊണ്ടാണ് കഴിഞ്ഞദിവസം രാഹുല്‍ മാങ്കൂട്ടത്തില്‍ ഫേസ്ബുക് പോസ്റ്റ് ഇട്ടത്
ഷൂ നക്കുന്ന ചിത്രം കാണുമ്പോൾ സവർക്കറിനെ ഓർമ്മ വരുന്നതെന്താണെന്ന് സംഘപരിവാറിനോട് രാഹുല്‍ മാങ്കൂട്ടത്തില്‍. കഴിഞ്ഞ ദിവസം രാഹുല്‍ മാങ്കൂട്ടത്തില്‍ ഫേസ്ബുക്കില്‍ പങ്കുവെച്ച പോസ്റ്റിന് കീഴെ സംഘപരിവാര്‍ പ്രൊഫൈലുകളില്‍ നിന്ന് സൈബര്‍ ആക്രമണം ഉണ്ടായിരുന്നു. ഈ പശ്ചാത്തലത്തിലാണ് സംഘപരിവാറിനെ ട്രോളി രാഹുല്‍ മാങ്കൂട്ടത്തില്‍ പുതിയ ഫേസ്ബുക് പോസ്റ്റുമായി രംഗത്തെത്തിയത്.
മലബാർ സമര നേതാക്കളായ വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടേത് ഉൾപ്പെടെ 387 രക്തസാക്ഷികളെ സ്വാതന്ത്ര്യ സമര രക്തസാക്ഷികളുടെ പട്ടികയിൽ നിന്ന് നീക്കം ചെയ്ത നടപടിയെ വിമര്‍ശിച്ചുകൊണ്ടുള്ള പോസ്റ്റാണ് രാഹുല്‍ മാങ്കൂട്ടത്തില്‍ കഴിഞ്ഞ ദിവസം ഫേസ്ബുക്കില്‍ പങ്കുവെച്ചത്. 'തങ്ങൾക്ക് പങ്കാളിത്തമില്ലാത്ത ചരിത്രത്തിൽ ഒളിച്ചു കടക്കുവാൻ ശ്രമിക്കുന്നവരും, വെട്ടിമാറ്റുന്നവരും ഓർത്തിരിക്കണം ഈ ചിത്രം!' എന്ന കുറിപ്പോടെ കാലാപാനി സിനിമയില്‍ മോഹന്‍ലാലിന്‍റെ കഥാപാത്രം ബ്രിട്ടീഷുകാരുടെ ഷൂ നക്കുന്ന ചിത്രം പങ്കുവെച്ചുകൊണ്ടാണ് രാഹുല്‍ മാങ്കൂട്ടത്തില്‍ ഫേസ്ബുക് പോസ്റ്റ് ഇട്ടത്. ഈ പോസ്റ്റില്‍ സംഘപരിവാര്‍ പ്രൊഫൈലുകളില്‍ നിന്ന് വ്യാപകമായ സൈബര്‍ ആക്രമണമാണ് ഉണ്ടായത്. തുടര്‍ന്നാണ് പുതിയ പോസ്റ്റുമായി യൂത്ത് കോണ്‍ഗ്രസ് നേതാവ് രംഗത്തെത്തിയത്.
ഒരു പേരും ഞാൻ പരാമര്‍ശിക്കാതെയാണ് ഇന്നലെ പോസ്റ്റിട്ടതെന്നും എന്നാല്‍ ഷൂ നക്കുന്ന ചിത്രം കണ്ടിട്ട് "നീ ഞങ്ങളുടെ വീർ സവർക്കർ ജിയെ അപമാനിക്കുമോടാ" എന്ന് പറഞ്ഞാണ് കമന്‍റുകള്‍ വന്നതെന്നും മാങ്കൂട്ടത്തില്‍ പറഞ്ഞു. ആരുടെയും പേര് പരാമര്‍ശിക്കാതെ ഇട്ട പോസ്റ്റില്‍ സൈബര്‍ ആക്രമണം നടത്തിയ സംഘപരിവാറുകാരോട് രണ്ട് ചോദ്യങ്ങളുണ്ടെന്ന് പറഞ്ഞാണ് രാഹുല്‍ മാങ്കൂട്ടത്തില്‍ പോസ്റ്റ് അവസാനിപ്പിച്ചത്.
ഷൂ നക്കുന്ന ചിത്രം കാണുമ്പോൾ നിങ്ങൾക്ക് സവർക്കറിനെ ഓർമ്മ വരുന്നതെന്താണെന്നും അങ്ങനെ ഷൂ നക്കിയെന്ന് ഉറപ്പുണ്ടെങ്കിൽ പിന്നെന്തിനാണ് "വിർ" എന്ന് വിളിച്ച് ആ പാവത്തിനെ കളിയാക്കുന്നതെന്നും രാഹുല്‍ മാങ്കൂട്ടത്തില്‍ ചോദിച്ചു.
രാഹുല്‍ മാങ്കൂട്ടത്തിലിന്‍റെ ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം
ഇന്നലെ ഞാൻ കാലാപാനി സിനിമയിലെ ഒരു ചിത്രം പങ്ക് വെച്ചിരുന്നു. അതിൽ ആരുടെയും പേര് പരാമർശിക്കാതെ, ഷൂ നക്കുന്ന ചിത്രവും, അതിനൊപ്പം ബ്രിട്ടീഷുകാരുടെ ഷൂ നക്കിയ ബ്രൂട്ട് എന്നും, ചരിത്രത്തിൽ ഒളിച്ചു കടക്കുവാൻ ശ്രമിക്കുന്നവരെന്നും, വെട്ടി മാറ്റുന്നവരെന്നും മാത്രമാണ് എഴുതിയത്.
ഒരു പേരും ഞാൻ പറയാതിരുന്നിട്ടും ഷൂ നക്കുന്ന ആ ചിത്രം കണ്ടിട്ട് "നീ ഞങ്ങളുടെ വീർ സവർക്കർ ജിയെ അപമാനിക്കുമോടാ" എന്ന് പറഞ്ഞ് തുടങ്ങി, ബാക്കിയൊക്കെ സ്വന്തം സംസ്കാരത്തിനൊത്ത ഭാഷ ഉപയോഗിക്കുന്ന സംഘ പരിവാറുകാരോട് രണ്ട് ചോദ്യം,
1) ഷൂ നക്കുന്ന ചിത്രം കാണുമ്പോൾ നിങ്ങൾക്ക് സവർക്കറിനെ ഓർമ്മ വരുന്നതെന്താണ്?
2) അങ്ങനെ ഷൂ നക്കിയെന്ന് നിങ്ങൾക്ക് ഉറപ്പുണ്ടെങ്കിൽ പിന്നെ എന്തിനാണ് "വിർ" എന്ന് വിളിച്ച് നിങ്ങൾ ആ പാവത്തിനെ കളിയാക്കുന്നത്?
രാഹുല്‍ മാങ്കൂട്ടത്തില്‍ കഴിഞ്ഞ ദിവസം ഫേസ്ബുക്കില്‍ ഇട്ട പോസ്റ്റ്
Adjust Story Font
16