Quantcast

മലബാറിലെ ട്രെയിന്‍ ഗതാഗത പ്രതിസന്ധിയിൽ റെയിൽവേ ഇടപെടൽ; അടിയന്തര നടപടിയെന്ന് ഉറപ്പ് | MEDIA ONE IMPACT

അവധിക്കാലങ്ങളിൽ അധിക സർവീസും പരിഗണനയിലുണ്ടെന്ന് റെയിൽവേ അറിയിച്ചു. മീഡിയവൺ വാർത്താ പരമ്പരയ്ക്ക് പിന്നാലെയാണ് ഇടപെടൽ.

MediaOne Logo

Web Desk

  • Updated:

    2024-07-03 16:27:18.0

Published:

3 July 2024 3:04 PM GMT

മലബാറിലെ ട്രെയിന്‍ ഗതാഗത പ്രതിസന്ധിയിൽ റെയിൽവേ ഇടപെടൽ; അടിയന്തര നടപടിയെന്ന് ഉറപ്പ് | MEDIA ONE IMPACT
X

തിരുവനന്തപുരം: മലബാറിലെ ട്രെയിന്‍ ഗതാഗതവുമായി ബന്ധപ്പെട്ട് കേരളം ഉന്നയിച്ച വിഷയങ്ങള്‍ പരിഹരിക്കാന്‍ അടിയന്തര നടപടികള്‍ സ്വീകരിക്കുമെന്ന് റെയില്‍വേ ഉറപ്പ് നൽകിയതായി മന്ത്രി വി. അബ്ദുറഹ്മാൻ. ഷൊർണൂർ- കണ്ണൂർ പാസഞ്ചർ കാസർകോട് വരെ നീട്ടിയേക്കും. അവധിക്കാലങ്ങളിൽ അധിക സർവീസും പരിഗണനയിലുണ്ടെന്നും റെയിൽവേ ഉദ്യോ​ഗസ്ഥർ അറിയിച്ചു. മീഡിയവൺ വാർത്താ പരമ്പരയ്ക്ക് പിന്നാലെയാണ് ഇടപെടൽ.

മന്ത്രിയുടെ നേതൃത്വത്തിൽ ചേർന്ന ഉന്നതതല യോഗത്തിലാണ് റെയിൽവേ ഇക്കാര്യം അറിയിച്ചത്. നേരത്തെ, സംസ്ഥാന സർക്കാരിന്റെ ആവശ്യപ്രകാരമായിരുന്നു പരശുമാറിന് രണ്ട് കോച്ചുകൾ കൂടി അനുവദിച്ചത്. ഇതിനു പുറമെ തിരക്കുള്ള മറ്റ് ട്രെയിനുകളിലും ആവശ്യമായ കൂടുതൽ സൗകര്യങ്ങൾ ഏർപ്പെടുത്താനുള്ള നടപടികൾ സ്വീകരിക്കുമെന്ന് ഉന്നതതല യോഗത്തിൽ റെയിൽവേ ഡിവിഷണൽ മാനേജർ ഡോ. മനീഷ് തബ്ദിയാൽ അറിയിച്ചു.

അവധിക്കാലങ്ങളിൽ അധികസർവീസ് എർപ്പെടുത്താൻ സഹായകമായ തരത്തിൽ സംസ്ഥാന സർക്കാർ ഒരു കലണ്ടർ തയാറാക്കി റെയിൽവേയിൽ സമർപ്പിക്കും. ഇതുപ്രകാരം സ്‌പെഷ്യൽ സർവീസുകൾ നടത്താനും ഇതു സംബന്ധിച്ച് മുൻകൂട്ടി അറിയിക്കാനും യോഗത്തിൽ ധാരണയായി. ട്രെയിനുകളിലെ സുരക്ഷാ സംവിധാനങ്ങൾ മെച്ചപ്പെടുത്താൻ സംസ്ഥാന സർക്കാരുമായി ആലോചിച്ച് നടപടികൾ സ്വീകരിക്കാമെന്നും അദ്ദേഹം അറിയിച്ചു.

വന്ദേഭാരതിനായി മറ്റു ട്രെയിനുകൾ മണിക്കൂറുകളോളം പിടിച്ചിടുന്നത് ഒഴിവാക്കുന്ന കാര്യം പരിശോധിച്ച് നടപടിയെടുക്കാമെന്നും ഉറപ്പ് നൽകിയിട്ടുണ്ട്. മലപ്പുറം ജില്ലയിലെ ജനസംഖ്യയും ട്രെയിൻ യാത്രികരുടെ എണ്ണവും പരിഗണിച്ച് രാജധാനി എക്‌സ്പ്രസിന് ജില്ലയിൽ സ്റ്റോപ്പ് അനുവദിക്കുന്ന കാര്യവും ഇന്നത്തെ യോഗത്തിൽ ധാരണയായിട്ടുണ്ട്. ഇത് റെയിൽവേ ബോർഡിന്റെ പരിഗണനയ്ക്ക് സമർപ്പിക്കാനാണ് തീരുമാനം.

യോഗത്തിൽ ഗതാഗതവകുപ്പ് സെക്രട്ടറി ബിജു പ്രഭാകർ, കെ.ആർ.ഡി.സി.എൽ ഡയറക്ടർ അജിത്കുമാർ, പാലക്കാട് എ.ഡി.ആർഎം കെ. അനിൽകുമാർ അടക്കമുള്ള ഉന്നത ഉദ്യോഗസ്ഥരും പങ്കെടുത്തു.


TAGS :

Next Story