എല്ലാ ജില്ലകളിലും അതീവ ജാഗ്രത പുലർത്തണം: മുഖ്യമന്ത്രി
ദേശീയ ദുരന്ത നിവാരണ സേനയുടെ 9 സംഘങ്ങളെ വിവിധ ഭാഗങ്ങളിൽ വിന്യസിച്ചു
തിരുവനന്തപുരം: മഴ മുന്നറിയിപ്പുകളുള്ള സാഹചര്യത്തിലും കഴിഞ്ഞ ദിവസങ്ങളിൽ അതിതീവ്ര മഴ ലഭിച്ചതുകൊണ്ടും എല്ലാ ജില്ലകളിലും അതീവ ജാഗ്രത പുലർത്തണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വരും ദിവസങ്ങളിലും മഴ തുടരും. മുന്നറിയിപ്പുകൾ പ്രാധാന്യത്തോടെ കാണണമെന്ന് മുഖ്യമന്ത്രി ഓര്‍മിപ്പിച്ചു.
അടുത്ത ആഴ്ചയോടെ ബംഗാൾ ഉള്‍ക്കടലിൽ ന്യൂനമർദ രൂപീകരണ സാധ്യത റിപ്പോർട്ട് ചെയ്യപ്പെട്ട സാഹചര്യത്തിൽ വീണ്ടും മഴ ശക്തിപ്പെടാനുള്ള സാധ്യതയുണ്ട്. അതുകൂടി മുന്നിൽ കണ്ടുള്ള സജ്ജീകരണങ്ങളാണ് സംസ്ഥാനത്ത് സർക്കാർ സംവിധാനങ്ങൾ ഒരുക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
അണക്കെട്ടുകളിൽ നിന്ന് വളരെ നിയന്ത്രിത അളവിൽ മാത്രമാണ് വെള്ളം ഒഴുക്കുന്നത്. ഇതോടൊപ്പം വനമേഖലയിലും മലയോരങ്ങളിലും ശക്തമായ മഴയിൽ എത്തുന്ന പെയ്‌ത്തുവെള്ളം കൂടി ആവുമ്പോൾ ഒഴുക്ക് ശക്തിപ്പെടാനും ജലനിരപ്പ് ഉയരാനും സാധ്യതയുണ്ട്. അതുകൊണ്ട് നദിക്കരയിൽ ഉള്ളവർ ജാഗ്രത പാലിക്കണം. ഡാമുകളിലെ ജലനിരപ്പ് നിരീക്ഷിക്കുന്ന റൂൾ കർവ് മോണിറ്ററിങ് കമ്മിറ്റി ഇന്ന് യോഗം ചേർന്ന് സ്ഥിതിഗതികൾ വിലയിരുത്തിയിട്ടുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു.
സംസ്ഥാനത്ത് തുടരുന്ന കനത്ത മഴയുടെ പശ്ചാത്തലത്തിൽ ദേശീയ ദുരന്ത നിവാരണ സേനയുടെ 9 സംഘങ്ങളെ വിവിധ ഭാഗങ്ങളിൽ വിന്യസിച്ചതായി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു. ആലപ്പുഴ, കോട്ടയം, മലപ്പുറം, വയനാട്, പത്തനംതിട്ട, ഇടുക്കി, കണ്ണൂർ, തൃശൂർ എറണാകുളം ജില്ലകളിലാണ് സേനയെ വിന്യസിച്ചിരിക്കുന്നത്. കൂടുതൽ ടീമുകളെ ആവശ്യപ്പെട്ടിട്ടുണ്ട്. ദേശീയ ദുരന്ത നിവാരണ അതോറിറ്റി, ഡിഫെൻസ് സർവീസസ് കോപ്‌സ് എന്നിവയുടെ രണ്ടു ടീമുകളെ വീതവും ആർമി, നേവി, കോസ്റ്റ് ഗാർഡ് എന്നിവയുടെ ഓരോ ടീമിനെയും സജ്ജമാക്കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി വിശദീകരിച്ചു.
മഴക്കെടുതിയോട് അനുബന്ധിച്ച് 20 മരണങ്ങളാണ് ഇതുവരെ സംഭവിച്ചിട്ടുള്ളത്. വിവിധ ജില്ലകളിലായി 212 ദുരിതാശ്വാസ ക്യാമ്പുകളാണ് സംസ്ഥാനത്തു പ്രവർത്തിച്ചു വരുന്നത്. 6285 ആൾക്കാരാണ് പ്രസ്തുത ക്യാമ്പുകളിലുള്ളതെന്നും മുഖ്യമന്ത്രി അറിയിച്ചു.
Adjust Story Font
16