കനത്ത മഴയില്‍ പി.സി ജോര്‍ജിന്റെ വീടും മുങ്ങി
ന്റെ ജീവിതത്തില്‍ ഇങ്ങനെയൊന്ന് കണ്ടിട്ടില്ലെന്ന് പി.സി.ജോര്‍ജ് പ്രതികരിച്ചു
കനത്ത മഴയില്‍ ജനപക്ഷം സെക്കുലര്‍ നേതാവും മുന്‍ എംഎല്‍എയുമായ പി.സി.ജോര്‍ജിന്റെ വീട് വെള്ളത്തില്‍ മുങ്ങി. അരയ്ക്കൊപ്പം വെള്ളത്തില്‍നിന്ന് കാര്യങ്ങള്‍ വിശദീകരിക്കുന്ന പി.സി.ജോര്‍ജിന്റെ മകന് ഷോണ്‍ ജോര്‍ജിന്റെ വീഡിയോ പുറത്തുവന്നിട്ടുണ്ട്. തന്റെ ജീവിതത്തില്‍ ഇങ്ങനെയൊന്ന് കണ്ടിട്ടില്ലെന്ന് പി.സി.ജോര്‍ജ് പ്രതികരിച്ചു. വീടിനുള്ളിലും വെള്ളം കയറി. ഈരാറ്റുപേട്ടയില്‍ ഇത്തരത്തിലൊരു സംഭവം ആദ്യമാണെന്ന് പി.സി.ജോര്‍ജ് പറയുന്നു.
അതിശക്തമായ മഴയെ തുടര്‍ന്ന് മലമ്പുഴ,ആളിയാര്‍,അരുവിക്കര,നെയ്യാര്‍,പേപ്പാറ, കല്ലാര്‍കുട്ടി, മലങ്കര അണക്കെട്ടുകള്‍ തുറന്നു. വരുന്ന മൂന്ന് മണിക്കൂറില്‍ സംസ്ഥാനത്ത് കനത്ത മഴയ്ക്ക് സാധ്യത. കനത്ത മഴ കണക്കിലെടുത്ത് ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പുണ്ട്. സംസ്ഥാനത്ത് ഇതുവരെ അഞ്ചുപേരാണ് മഴക്കെടുതിയില്‍ മരിച്ചത്. കോട്ടയത്ത് ഉരുള്‍പൊട്ടലില്‍ കാണാതായ മൂന്നുപേരുടെ മൃതദേഹം കണ്ടെത്തി.കാണാതായ 12 പേരില്‍ മൂന്നു പേരുടെ മൃതദേഹമാണ് കണ്ടെടുത്തത്. ഒരു കുടുംബത്തിലെ മൂന്നുപേരുടെ മൃതദേഹമാണ് ലഭിച്ചതെന്നാണ് പുറത്തു വരുന്ന റിപ്പോര്‍ട്ട്. ഇടുക്കിയില്‍ കാര്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ രണ്ടു പേരുടെയും മൃതദേഹം കണ്ടെത്തി. ഒഴുക്കില്‍പ്പെട്ട കാറിന്റെ സമീപത്ത് നിന്ന് തന്നെയാണ് രണ്ടാമത്തെ മൃതദേഹം കണ്ടെത്തിയത്. തൊടുപുഴ കാഞ്ഞാറിലാണ് കാര്‍ ഒഴുക്കില്‍പ്പെട്ടത്. ഒരു സ്ത്രീയുടെ മൃതദേഹമാണ് മുമ്പ് തന്നെ കാറില്‍ നിന്ന് കണ്ടെടുത്തിരുന്നു.
സംസ്ഥാനത്ത് അഞ്ചു ജില്ലകളില്‍ റെഡ് അലേര്‍ട്ട്. ശക്തമായ മഴ തുടരുന്ന പശ്ചാത്തലത്തില്‍ പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍ ജില്ലകളിലാണ് റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. അതിനിടെ ഇടുക്കിയിലും പത്തനംതിട്ടയിലും ഉരുള്‍പൊട്ടി. ആളപായം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. അടുത്ത 24 മണിക്കൂര്‍ സംസ്ഥാനത്ത് ജാഗ്രതാനിര്‍ദേശമുണ്ട്. തെക്കന്‍-മധ്യ കേരളത്തിലാണ് ശക്തമായ മഴ തുടരുന്നത്. വൈകുന്നേരത്തോടെ വടക്കന്‍ കേരളത്തിലും മഴ ശക്തമാകുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. പത്തനംതിട്ട മുതല്‍ തൃശൂര്‍ വരെയുള്ള ജില്ലകളില്‍ മഴയ്ക്കൊപ്പം ശക്തമായ ഇടിമിന്നലും കാറ്റും അനുഭവപ്പെടും.
പത്തനംതിട്ടയില്‍ കഴിഞ്ഞ രണ്ട് മണിക്കൂറായി ഇടിയോടു കൂടി മഴ പെയ്യുകയാണ്. ഇടുക്കി ഡാമില്‍ ബ്ലൂ അലര്‍ട്ട് തുടരുകയാണ്. രാത്രികാല യാത്രാനിരോധനം ഈ മാസം 20 വരെ നീട്ടി.കൊല്ലം ജില്ലയുടെ വിവിധ മേഖലകളില്‍ കനത്ത മഴയാണ്. തെന്മല ഡാമിന്റെ ഷട്ടര്‍ ഉയര്‍ത്തിയതിനാല്‍ കല്ലടയാറ്റിലെ ജലനിരപ്പ് ഉയരുകയാണ്. അഞ്ചല്‍ ആയൂര്‍ പാതയില്‍ റോഡ് തകര്‍ന്നു. റോഡ് നിര്‍മാണം നടക്കുന്ന പെരിങ്ങള്ളൂര്‍ ഭാഗത്താണ് മണ്ണിടിഞ്ഞുവീണ് റോഡ് തകര്‍ന്നത്. ഗതാഗതം തടസ്സപ്പെട്ടു. കൊല്ലം-തിരുമംഗലം ദേശീയപാതയില്‍ ഇടപ്പാളയം ഭാഗത്ത് മരം കടപുഴകിവീണ് റോഡ് തകര്‍ന്നു. മണ്ണ് മാറ്റിയ ശേഷമാണ് ഗതാഗതം പുനഃസ്ഥാപിച്ചത്.
Adjust Story Font
16