"രാജേന്ദ്രന്റെ ആരോപണം ശുദ്ധ അസംബന്ധവും പോക്രിത്തരവും"; പ്രതികരിച്ച് എംഎം മണി
പഴയ എംഎൽഎ സ്ഥാനം ഉപയോഗിച്ച് തട്ടിപ്പ് നടത്തിയോ എന്ന് കണ്ടെത്തേണ്ടത് സർക്കാരാണെന്നും എംഎം മണി പറഞ്ഞു
ഇടുക്കി: വീടൊഴിയാൻ എസ് രാജേന്ദ്രന് നോട്ടീസ് നൽകിയതിന് പിന്നിൽ താനാണെന്ന് പറയുന്നത് ശുദ്ധ അസംബന്ധമെന്ന് എംഎം മണി. രാജേന്ദ്രൻ ഭൂമി കയ്യേറിയോ എന്ന് തീരുമാനിക്കേണ്ടത് റവന്യൂ വകുപ്പാണ്. പഴയ എംഎൽഎ സ്ഥാനം ഉപയോഗിച്ച് തട്ടിപ്പ് നടത്തിയോ എന്ന് കണ്ടെത്തേണ്ടത് സർക്കാരാണെന്നും എംഎം മണി പറഞ്ഞു.
"നോട്ടീസ് കൊടുത്തെങ്കിൽ, അതിന് പിന്നിൽ ഞാനാണെന്ന് എസ് രാജേന്ദ്രൻ പറഞ്ഞത് ശുദ്ധ അസംബന്ധവും പോക്രിത്തരവുമാണ്. എന്റെ പണി അതല്ല. കയ്യേറിയതാണോ അല്ലയോ എന്ന് തീരുമാനിക്കേണ്ടത് റവന്യൂ വകുപ്പാണ്. പഴയ എംഎൽഎ സ്ഥാനം ഉപയോഗിച്ച് തട്ടിപ്പ് നടത്തിയിട്ടുണ്ടോ എന്നും റവന്യൂ വകുപ്പ് തീരുമാനിക്കേണ്ട കാര്യമാണ്."; എംഎം മണി പറഞ്ഞു.
അതേസമയം, തൽക്കാലം ഒഴിപ്പിക്കൽ നടപടികൾ വേണ്ട എന്ന് ഹൈക്കോടതി ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. അതിനാൽ, ഉടനടി ഒഴിപ്പിക്കൽ നടപടികൾ ഉണ്ടാകില്ലെന്ന് റവന്യൂ അധികൃതർ വിശദീകരിക്കുന്നു. വിഷയത്തിൽ സിപിഎമ്മും സിപിഐയും നിലപാട് വ്യക്തമാക്കിയിട്ടുണ്ട്. ആരെയും കുടിയിറക്കാൻ അനുവദിക്കില്ല. എസ് രാജേന്ദ്രൻ ആണെങ്കിൽ പോലും കുടിയിറക്കൽ നയം സിപിഎമ്മിന്റെ വാദമല്ലെന്ന് സിപിഎം ഇടുക്കി ജില്ലാ സെക്രട്ടറി സിവി വർഗീസ് വ്യക്തമാക്കി.
രാജേന്ദ്രൻ താമസിക്കുന്ന മൂന്നാർ ഇക്കാനഗറിലെ ഒൻപത് സെന്റ് ഭൂമി പുറമ്പോക്കാണെന്നു ചൂണ്ടിക്കാട്ടിയാണ് ഏഴു ദിവസത്തിനകം ഒഴിഞ്ഞുപോകാൻ സബ് കലക്ടർ നോട്ടിസ് പുറത്തിറക്കിയത്. ദേവികുളം സബ് കലക്ടർ രാഹുൽ കൃഷ്ണശർമയുടെ നിർദേശപ്രകാരം മൂന്നാർ വില്ലേജ് ഓഫിസറാണ് ഒഴിപ്പിക്കൽ നോട്ടിസ് നൽകിയത്. ഇക്കാനഗറിലെ എട്ട് സെന്റ് സ്ഥലത്താണ് രാജേന്ദ്രൻ കുടുംബസമേതം വീടുവച്ച് താമസിക്കുന്നത്. നിർദേശിച്ച സമയത്തിനകം ഒഴിഞ്ഞുപോയിട്ടില്ലെങ്കിൽ ബലമായി ഒഴിപ്പിക്കുമെന്ന് നോട്ടിസിൽ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. സ്ഥലം ഒഴിപ്പിക്കാൻ ജില്ലാ പൊലീസ് മേധാവിയോട് റവന്യു വകുപ്പ് സംരക്ഷണം തേടുകയും ചെയ്തിട്ടുണ്ട്.
തനിക്കെതിരെ നടക്കുന്ന നീക്കങ്ങളിൽ ദുരൂഹതയുണ്ടെന്ന് എസ് രാജേന്ദ്രൻ പ്രതികരിച്ചിരുന്നു. താനുൾപ്പടെ ഏതാനും പേരെ കയ്യേറ്റക്കാരായി ചിത്രീകരിക്കുന്നതിൽ ദുരൂഹതയുണ്ട്. മൂന്നാറിലെ ഭൂപ്രശ്നങ്ങൾ പരിഹരിക്കുന്നതിന് പല ശ്രമങ്ങളും നടത്തിയതാണ്. സർക്കാരിന് ഈ പ്രശ്നം നേരത്തെ പരിഹരിക്കാമായിരുന്നു. ഭൂപ്രശ്നങ്ങൾ ശാശ്വതമായി പരിഹരിക്കുകയാണ് വേണ്ടതെന്നും അദ്ദേഹം മീഡിയവണിനോട് പറഞ്ഞിരുന്നു.
Adjust Story Font
16