വൈദ്യുതി നിരക്ക് വര്‍ധന; അദാനിക്കും ജിൻഡാലിനും കൊള്ളലാഭം ഉണ്ടാക്കാനാണ് സർക്കാർ ശ്രമമെന്ന് ചെന്നിത്തല
ജനങ്ങളുടെ തലയിൽ 7500 കോടി രൂപ ഭാരമാണ് വൈദ്യുതി നിരക്കിന്റെ പേരിൽ സർക്കാർ അടിച്ചേൽപ്പിച്ചത്
തിരുവനന്തപുരം: നെയ്‍വേലി ലിഗ്നൈറ്റ് കോർപ്പറേഷൻ അഞ്ച് രൂപയ്ക്ക് വൈദ്യുതി നൽകാം എന്ന് പറഞ്ഞിട്ടും സർക്കാർ ചർച്ച നടത്തിയില്ലെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. അദാനിക്കും ജിൻഡാലിനും കൊള്ളലാഭം ഉണ്ടാക്കാനാണ് സർക്കാർ ശ്രമിക്കുന്നത്. ബോർഡ് എടുക്കുന്ന തീരുമാനവും റെഗുലേറ്ററി കമ്മീഷൻ എടുക്കുന്ന തീരുമാനവും മന്ത്രി അറിയണം. കരാറിന് പിന്നിൽ പവർ ബ്രോക്കർമാരുണ്ടെന്നും അദ്ദേഹം ആരോപിച്ചു.
ജനങ്ങളുടെ തലയിൽ 7500 കോടി രൂപ ഭാരമാണ് വൈദ്യുതി നിരക്കിന്റെ പേരിൽ സർക്കാർ അടിച്ചേൽപ്പിച്ചത്. ന്യൂക്ലിയർ പവർ കോർപ്പറേഷൻ നാല് രൂപ മുതൽ അഞ്ചു രൂപ വരെ നിരക്കിൽ ഒരു യൂണിറ്റിൽ വൈദ്യുതി കൊടുക്കാൻ തയ്യാറാണ്. കെഎസ്ഇബി ചെയർമാൻ നിരവധി ചർച്ചകൾ ഇതുമായി ബന്ധപ്പെട്ട് നടത്തിയിട്ടുണ്ട്. സ്വകാര്യ വൈദ്യുതി നിർമാണ കമ്പനികൾക്ക് സർക്കാർ ലാഭം ഉണ്ടാക്കിക്കൊടുക്കുന്നു. ഇത് വൻ അഴിമതിയാണ്.
ഈ നിരക്കിൽ വൈദ്യുതി നൽകാമെന്ന് ഓഫർ ചെയ്തിട്ടുണ്ടോ എന്ന് വൈദ്യുതി മന്ത്രി പറയട്ടെ. ആര്യാടൻ മുഹമ്മദ് കൊണ്ടുവന്ന ലോങ്ങ് ടേം പദ്ധതി പ്രകാരം നിങ്ങൾ കഴിഞ്ഞ എട്ടുവർഷം വൈദ്യുതി വാങ്ങിയില്ലേ. അദാനിക്ക് വേണ്ടിയാണ് ആ കരാർ റദ്ദാക്കിയതെന്നും ചെന്നിത്തല ആരോപിച്ചു.
പാലക്കാട് ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ചുമതല നല്‍കിയില്ലെന്ന ചാണ്ടി ഉമ്മന്‍റെ പരസ്യ പ്രതികരണം ഒഴിവാക്കേണ്ടതായിരുന്നുവെന്ന് ചെന്നിത്തല പറഞ്ഞു. എന്തുകൊണ്ടാണ് അങ്ങനെ പറഞ്ഞതെന്ന് അറിയില്ല. ആർക്കെങ്കിലും അതൃപ്തി ഉണ്ടെങ്കിൽ പാർട്ടി പരിശോധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ചാണ്ടി ഉമ്മന്‍റെ അതൃപ്തിക്ക് പിന്നിൽ എന്തെന്ന് പാർട്ടി നേതൃത്വം പരിശോധിക്കുമെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണനും പ്രതികരിച്ചു. ചാണ്ടിയുമായി സ്ഥിരം സംസാരിക്കുന്ന ആളാണ് താൻ. ചാണ്ടിയെ പോലുള്ള ഒരാളുടെ മനസ്സിന് വിഷമം ഉണ്ടായെങ്കിൽ ആ വിഷയം പരിഹരിച്ചു തന്നെ മുന്നോട്ട് പോകുമെന്നും പറഞ്ഞു.
Adjust Story Font
16