Quantcast

അന്ന് മുഖത്ത് തൊലി മാത്രമേയുണ്ടായുള്ളൂ, സംസാരിക്കാനാവില്ല, മുടി വളരില്ല, ഇന്ന് സമൂഹത്തിന് മാതൃക; ഹന്ന സലീമിനെ പ്രശംസിച്ച് രമേശ് ചെന്നിത്തല

ജനിച്ച ആദ്യത്തെ രണ്ടരമാസം ആശുപത്രിയിൽ തന്നെയാണ് കഴിഞ്ഞത്

MediaOne Logo

Web Desk

  • Published:

    13 Jan 2023 8:02 AM GMT

Ramesh Chennithala
X

രമേശ് ചെന്നിത്തലയും ഹന്ന സലീമും

മദീനയിലേക്കൊരു വെള്ളരിപ്രാവ് എന്ന ഗാനത്തിലൂടെ ജനപ്രീതി നേടിയ കൊച്ചുഗായിക ഹന്ന സലീമിന് ആശംസകള്‍ നേര്‍ന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ജനിച്ച രണ്ട് ദിവസം മാത്രമെ ജീവിക്കൂ എന്ന് ഡോക്ടര്‍ പറഞ്ഞ കുരുന്ന് ഇന്ന് സമൂഹത്തിന് ഒന്നാകെ മാതൃകയും പ്രചോദനവുമാണെന്ന് ചെന്നിത്തല ഫേസ്ബുക്കില്‍ കുറിച്ചു.

ചെന്നിത്തലയുടെ കുറിപ്പ്

മദീനയിലേക്കൊരു വെള്ളരിപ്രാവ് എന്ന ഗാനത്തിലൂടെ ജനപ്രീതി നേടിയ കൊച്ചുഗായിക ഹന്ന സലീമിനെ പരിചയപ്പെടുവാൻ സാധിച്ചു. പൊന്നാനി എരമംഗലത്ത് നടന്ന പി.ടി. മോഹനകൃഷ്ണൻ അനുസ്‌മരണ വേദിയിലാണ് സ്വജീവിതത്തോട് പൊരുതി വിജയം നേടിയ ഹന്നയെ കണ്ടത്. എന്നോടൊപ്പം ഹന്നയും മോഹനേട്ടൻ സ്മാരക പുരസ്കാരത്തിന് അർഹയായിരുന്നു.

ജനിച്ച രണ്ട് ദിവസം മാത്രമെ ജീവിക്കൂ എന്ന് ഡോക്ടര്‍ പറഞ്ഞ കുരുന്ന്. അന്ന് മുഖത്ത് തൊലി മാത്രമേയുണ്ടായുള്ളൂ, സംസാരിക്കാനാവില്ല, മുടി വളരില്ല, ശരീരത്തിൽ സാധാരണ തൊലി ഉണ്ടാവില്ല, നടക്കാനും കഴിയാത്ത സ്ഥിതി, കൈയ്ക്ക് വളവ്,സർജറി നടത്തിയാൽ ഓർമ്മക്കുറവ് ഉണ്ടാകുമോയെന്ന ആശങ്ക; അങ്ങനെയെണ്ണിയാൽ ഒടുങ്ങാത്ത പ്രയാസങ്ങളും വേദനകളുമായി ഈ മണ്ണിൽ പിറന്നവൾ.

ജനിച്ച ആദ്യത്തെ രണ്ടരമാസം ആശുപത്രിയിൽ തന്നെയാണ് കഴിഞ്ഞത്, ആറ് മാസം വീട്ടിൽ. പിന്നെ നടന്നത് ഒരാത്ഭുതമാണ്. ചികിത്സയും സർജറിയും ഫലം കണ്ടു. ഹന്നയിൽ നല്ല മാറ്റങ്ങൾ കണ്ട് തുടങ്ങി.നടക്കില്ലായെന്ന് പറഞ്ഞവൾ നടന്ന് തുടങ്ങി.നൃത്തം ചെയ്തു. നല്ല ഓർമ്മശക്തി, സ്കൂൾ വിദ്യാഭ്യാസം ആരംഭിച്ചു, കൈയ്ക്ക് വളവുണ്ടായിരുന്ന ഹന്ന അതിമനോഹരമായി ചിത്രങ്ങൾ വരച്ചു. സംസാരിക്കില്ലായെന്ന വിധിയെ തോൽപ്പിച്ച് ശ്രുതി മധുരമായ ഒട്ടേറെ പാട്ടുകൾക്ക് ഹന്ന ശബ്ദം നൽകി.

ഇച്ഛാശക്തിയും ആത്മവിശ്വാസവും കൈമുതലാക്കി തന്നിലെ കുറവുകളെയില്ലാതാക്കാൻ ഹന്ന നടത്തിയ നിരന്തര പരിശ്രമത്തിന്‍റെയും പോരാട്ടത്തിന്‍റെയും വിജയമാണിത്. താൽക്കാലിക പരാജയങ്ങളിലും വേദനയിലും തളർന്ന് നിരാശരായി കർമ്മ ചൈതന്യം നഷ്ടപ്പെടുത്താതെ കൂടുതൽ ഊർജത്തോടെ മുന്നോട് വരാൻ ഹന്ന സലീം സമൂഹത്തിന് ഒന്നാകെ മാതൃകയും പ്രചോദനവുമാണ്. ഈ മിടുക്കിയുടെ ആഗ്രഹങ്ങളും സ്വപ്നങ്ങളും സഫലമാകട്ടെയെന്ന് ആഗ്രഹിക്കുന്നു. എല്ലാ നന്മകളും നേരുന്നു...

TAGS :

Next Story