Quantcast

'മറുനാടനെ പിന്തുണയ്ക്കുന്നില്ല; വാർത്തകളിൽ നല്ല അഭിപ്രായവുമില്ല'-ഷാജൻ സ്‌കറിയയ്ക്കുള്ള ഐക്യദാർഢ്യത്തിൽ ഖേദം പ്രകടിപ്പിച്ച് രമ്യ ഹരിദാസ്

'ജീവിതത്തിൽ അഞ്ചുരൂപ തികച്ചെടുക്കാൻ ഇല്ലാതിരുന്ന ഒരുകാലം എനിക്കുണ്ടായിരുന്നു. അന്ന് പലരുടെയും സഹായം കൊണ്ട് ജീവിച്ചതൊന്നും മറന്നിട്ടില്ല. ഒരിക്കലും മറക്കുകയുമില്ല. അങ്ങനെയുള്ള ഒരുവൾക്ക് ജീവിക്കാൻ 1,87,000 പോരാ എന്ന് പറഞ്ഞ് ആക്ഷേപിക്കരുത്.'

MediaOne Logo

Web Desk

  • Updated:

    2024-11-25 04:31:22.0

Published:

25 Nov 2024 4:28 AM GMT

I dont support Marunadan Malayali; no positive opinion about their news - Ramya Haridas expresses sincere regret in solidarity with Shajan Skaria, Chelakkara by-poll 2024, UDF, Ramya Haridas,
X

കോഴിക്കോട്: ചേലക്കരയിലെ തോൽവിക്കു പിന്നാലെ തെരഞ്ഞെടുപ്പ് കാലത്ത് ഉയർന്ന ആരോപണങ്ങളിൽ വിശദമായ മറുപടിയുമായി യുഡിഎഫ് സ്ഥാനാർഥി രമ്യാ ഹരിദാസ്. മറുനാടൻ മലയാളിയെ താൻ ഒരിക്കലും പിന്തുണച്ചിട്ടില്ലെന്ന് രമ്യ വ്യക്തമാക്കി. സോഷ്യൽ മീഡിയയിൽ ഷാജൻ സ്‌കറിയയ്‌ക്കൊപ്പമുള്ള ചിത്രം വച്ച് പിന്തുണ പ്രഖ്യാപിച്ചതിൽ നിർവ്യാജം ഖേദിക്കുന്നുവെന്നും അവർ പറഞ്ഞു. എംപിയായ ശേഷവും ശമ്പളവും അലവൻസുമെല്ലാം ലഭിച്ചിട്ടും പട്ടിണിയാണെന്ന് താൻ ഒരിടത്തും പറഞ്ഞിട്ടില്ല. വാഹനത്തിന്റെ അടവും ഡീസലും ആലത്തൂരിലെയും ചേലക്കരയിലെയും വീടുകളുടെയും ഓഫീസിന്റെയും വാടകയും സ്റ്റാഫിന്റെ ശമ്പളവുമെല്ലാം താൻ തന്നെയാണു കൊടുത്തിരുന്നതെന്നും അക്കാര്യമാണു താൻ പറഞ്ഞതെന്നും രമ്യ ഹരിദാസ് പറഞ്ഞു.

ആലത്തൂർ ലോക്‌സഭാ മണ്ഡലവും ചേലക്കര നിയമസഭാ മണ്ഡലവും എന്നും യുഡിഎഫിന് ബാലികേറാമലയായിരുന്നുവെന്നും രമ്യ പറഞ്ഞു. മികച്ച പ്രവർത്തനങ്ങളിലൂടെ 2019ൽ ആലത്തൂരിൽ മുന്നണി ചരിത്രം സൃഷ്ടിച്ചു. ഏറ്റവും മുതിർന്ന, നിലവിലെ മന്ത്രിയെ തന്നെ ഇറക്കി ഇടതുപക്ഷം മണ്ഡലം തിരിച്ചുപിടിച്ചപ്പോഴും ഭൂരിപക്ഷം 20,000 വോട്ടായിരുന്നു. മുഖ്യമന്ത്രിയടക്കമുള്ള സകല ഭരണസഹായങ്ങളും ചേലക്കരയിൽ ശക്തിയായി പ്രവർത്തിച്ചിരുന്നു. എന്നിട്ടും ചേലക്കരയിലെ പ്രവർത്തകരുടെയും ജനാധിപത്യ മുന്നണിയുടെ സംസ്ഥാന നേതാക്കളുടെയും നേതൃത്വത്തിൽ 2021ലെ നിയമസഭാ തെരഞ്ഞെടുപ്പിലെ 40,000ത്തോളം വരുന്ന ഭൂരിപക്ഷം 12,000 വോട്ടുകളിലേക്ക് കുറയ്ക്കാൻ സാധിച്ചുവെന്നും അവര്‍ ഫേസ്ബുക്ക് പോസ്റ്റിൽ ചൂണ്ടിക്കാട്ടി.

തോൽവിയിൽ വ്യക്തിപരമായി അതിയായ ദുഃഖമുണ്ട്. യുഡിഎഫിന്റെ പ്രവർത്തകർ ആഗ്രഹിച്ച വിജയത്തിലേക്ക് എത്തിക്കാൻ കഴിയാത്തതിൽ നിരാശയുമുണ്ട്. പക്ഷേ, തോൽവിയിൽനിന്നു പാഠം ഉൾക്കൊണ്ട് മുന്നോട്ടുപോകും. ചങ്കുറപ്പോടെ ഒറ്റക്കെട്ടായി പ്രവർത്തിക്കും. വേണ്ട തിരുത്തലുകൾ വരുത്തി തിരിച്ചുവരുമെന്നും രമ്യ പറഞ്ഞു.

രമ്യ ഹരിദാസിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം

ചേലക്കരയിലെ പ്രിയപ്പെട്ടവർക്ക് നന്ദി.

പ്രചാരണരംഗത്ത് കഠിനാധ്വാനം ചെയ്ത നേതാക്കളെയും സഹപ്രവർത്തകരെയും അഭിവാദ്യം ചെയ്യുന്നു. ആലത്തൂർ ലോക്‌സഭാ മണ്ഡലത്തെ സംബന്ധിച്ചും ചേലക്കര അസംബ്ലി മണ്ഡലത്തെക്കുറിച്ചും ചർച്ച ചെയ്യുമ്പോൾ ഇവ രണ്ടും എന്നും യുഡിഎഫിന് ബാലികേറാമലയായിരുന്നുവെന്ന് ഓർക്കണം. മികച്ച പ്രവർത്തനങ്ങളിലൂടെ 2019 ആലത്തൂരിൽ നമ്മൾ ചരിത്രം സൃഷ്ടിച്ചു. ഏറ്റവും സീനിയറായ, നിലവിലെ മന്ത്രിയായ നേതാവിനെ തന്നെ ഇറക്കി ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ഇടതുപക്ഷം മണ്ഡലം തിരിച്ചുപിടിച്ചപ്പോഴും ഭൂരിപക്ഷം കേവലം 20,000 വോട്ടായിരുന്നു.

ചേലക്കര ഉപതെരഞ്ഞെടുപ്പിലും മികച്ച വിജയം നേടുമെന്നായിരുന്നു ഞാനടക്കം നമ്മളെല്ലാം പ്രതീക്ഷിച്ചിരുന്നത്. തെരഞ്ഞെടുപ്പ് രംഗത്തിറങ്ങുന്നതിനു മുൻപുതന്നെ നമുക്ക് ചേലക്കരയുടെ കണക്കുകൾ കൃത്യമായി അറിയാം. എല്ലാ പഞ്ചായത്തിലും ഇടതുപക്ഷത്തിന് കൃത്യമായ മുൻതൂക്കവും സംഘടനാ സംവിധാനവുമുള്ള ഒരു മണ്ഡലമാണ് ചേലക്കര. അവിടെ കടന്നുകയറണമെങ്കിൽ, പ്രത്യേകിച്ച് ഒരു ഉപതെരഞ്ഞെടുപ്പിൽ, ഭരിക്കുന്ന സർക്കാരിന്റെ മുഴുവൻ സംവിധാനങ്ങളെയും ഉപയോഗിക്കുന്ന ഈ സമയത്ത് കഠിനമാണെന്ന തിരിച്ചറിവ് നമുക്ക് ഉണ്ടായിരുന്നു. മുഖ്യമന്ത്രിയടക്കമുള്ള സകല ഭരണസഹായങ്ങളും ചേലക്കരയിൽ എത്ര ശക്തിയായി പ്രവർത്തിച്ചുവെന്നതും നമ്മൾ കണ്ടതല്ലേ.. എന്നിട്ടും ചേലക്കരയിലെ പ്രവർത്തകരുടെയും ജനാധിപത്യമുന്നണിയുടെ സംസ്ഥാന നേതാക്കളുടെയും നേതൃത്വത്തിൽ 2021ലെ നിയമസഭാ തെരെഞ്ഞെടുപ്പിലെ 40,000ത്തോളം വരുന്ന ഭൂരിപക്ഷം 12,000 വോട്ടുകളിലേക്ക് കുറയ്ക്കാൻ നമുക്ക് സാധിച്ചു. അത്തരം ഒരു മണ്ഡലത്തെ സംബന്ധിച്ചിടത്തോളം അതൊരു ചെറിയ പ്രവർത്തനമല്ല എന്നാണ് വ്യക്തിപരമായി എന്റെ വിലയിരുത്തൽ. തോൽവിയിൽ വ്യക്തിപരമായി എനിക്ക് അതിയായ ദുഃഖമുണ്ട്. യുഡിഎഫിന്റെ പ്രവർത്തകർ ആഗ്രഹിച്ച ഒരു വിജയത്തിലേക്ക് എത്തിക്കാൻ കഴിയാത്തതിൽ എനിക്ക് നിരാശയുമുണ്ട്. പക്ഷേ, അതിജീവിച്ചല്ലേ പറ്റൂ. ഇതൊരു ജനാധിപത്യരാജ്യമല്ലേ..

കൂടുതൽ ശക്തിപ്പെടുത്തിയും വ്യക്തിപരമായി പോരായ്മകൾ ഉണ്ടെങ്കിൽ അത് നികത്തിയും നമുക്കു മുന്നോട്ടുപോകണം. കാലം കടന്നുപോകുമ്പോൾ ചേലക്കര അടക്കമുള്ള എല്ലാ കുത്തക മണ്ഡലങ്ങളും ഒരിക്കൽ നമ്മൾ പിടിച്ചടക്കും. ഈ തെരഞ്ഞെടുപ്പുമായും അല്ലാതെയും സമൂഹമാധ്യമങ്ങളിൽ ഉയർന്നുവന്ന വിമർശനങ്ങളിൽ കൂടി മറുപടി വേണമെന്ന് തോന്നി.

ഒന്ന്,

ഞാൻ മറുനാടൻ എന്ന ഓൺലൈൻ മാധ്യമത്തെ സപ്പോർട്ട് ചെയ്യുന്നുവെന്നതായിരുന്നു. ഇത് സംബന്ധിച്ച് ഞാൻ എന്റെ നിലപാട് ഒരിക്കൽ വ്യക്തമാക്കിയതാണ്. ഒരു ഓൺലൈൻ മാധ്യമത്തോടും എനിക്ക് മമതയോ കൂറോ ഇല്ല. അങ്ങനെ പിന്തുണയ്‌ക്കേണ്ട കാര്യവുമില്ല, ഞാൻ പിന്തുണയ്ക്കുന്നുമില്ല. അത്തരം മാധ്യമങ്ങളിൽ വരുന്ന വാർത്തകളെ കുറിച്ച് വ്യക്തിപരമായി എനിക്ക് അത്ര നല്ല അഭിപ്രായവും അല്ല. എതിർശബ്ദങ്ങളെ ഇല്ലാതെയാക്കുക എന്ന ഇടതുപക്ഷത്തിന്റെ നയങ്ങൾ നടപ്പാക്കുന്നത് കണ്ടപ്പോഴാണ് ഓൺലൈൻ മാധ്യമവക്താവിന്റെ ചിത്രം വച്ച് പിന്തുണയുമായി രംഗത്തെത്തിയത്. അത് അദ്ദേഹത്തിന്റെ എല്ലാ വാർത്തകൾക്കുമുള്ള പിന്തുണയോ വ്യക്തിക്കുള്ള പിന്തുണയോ അല്ല, ആയിരുന്നില്ല. എന്റെ പ്രിയപ്പെട്ട, എന്നെ സ്‌നേഹിക്കുന്നവർക്ക് അന്നത്തെ പിന്തുണ വേദന സൃഷ്ടിച്ചുവെങ്കിൽ ഞാൻ നിർവ്യാജം ഖേദം പ്രകടിപ്പിക്കുകയാണ്.

രണ്ട്,

മറ്റൊരു പ്രധാനപ്പെട്ട ആരോപണമായി സമൂഹമാധ്യമങ്ങളിൽ എനിക്ക് നേരിടേണ്ടി വരുന്നത് എംപി ആയപ്പോൾ എന്റെ ശമ്പളത്തെക്കുറിച്ച് ഞാൻ പറഞ്ഞതാണ്. എനിക്ക് ശമ്പളം പോരാ എന്നല്ല ഞാൻ പറഞ്ഞത്. കിട്ടുന്ന ശമ്പളം എങ്ങനെ പോകുന്നുവെന്നതിനെ കുറിച്ചാണ്. എംപി ആയതിനുശേഷം ഇത്ര പണം ലഭിച്ചിട്ടും പട്ടിണിയാണെന്ന് ഞാൻ എവിടെയും ഒരിക്കലും പറഞ്ഞിട്ടില്ല. ശമ്പളവും അലവൻസുമായി ലഭിക്കുന്ന 1,87,096 രൂപയിൽനിന്ന് ഒരു രൂപ പോലും കൊടുക്കാതെ വായ്പയായി വാങ്ങിയ എന്റെ വാഹനത്തിന്റെ അടവ് പോകേണ്ടിയിരുന്നു. മിക്ക ദിവസവും എത്ര കിലോമീറ്റർ സഞ്ചരിക്കണം(ഇന്നോവയുടെ മൈലേജ് അറിയാമല്ലോ). നല്ലൊരു തുക ഡീസലിനായി മാറ്റിവെക്കണം. മെയിന്റനൻസ് ഇതിനു പുറമേ ആണ്. ഗവൺമെന്റ് തരുന്ന ഒരു സ്റ്റാഫിനെ കൊണ്ട് മാത്രം രണ്ട് ജില്ലകളിലായി ഏഴ് നിയോജകമണ്ഡലങ്ങളുള്ള ആലത്തൂർ പാർലമെന്റിന്റെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ കഴിയില്ലെന്ന് ഊഹിക്കാമല്ലോ. അതിനായിവെച്ച സ്റ്റാഫുകളുടെ ശമ്പളവും ഓഫീസ് വാടകയും ഇതിൽനിന്ന് കണ്ടെത്തണം. ഡൽഹിയിലെ ഒരു സ്റ്റാഫിന്റെ ശമ്പളം ഇതിന് പുറമേ കൊടുക്കണം. ഡൽഹിയിലെ വീടിന്റെ ചാർജുകൾ. ആലത്തൂരിൽ വീട് വാടകയ്‌ക്കെടുത്ത് താമസിക്കുന്ന എന്റെ വീട്ടുവാടക. എല്ലാം കൂടി ബുദ്ധിമുട്ടാണെന്നേ ഞാൻ പറഞ്ഞുള്ളൂ, പട്ടിണിയാണെന്ന് പറഞ്ഞിട്ടില്ല. പക്ഷേ, ആ അഭിമുഖത്തിന്റെ ഹെഡിങ്ങായി വന്നത് 'രമ്യ ഹരിദാസ് പട്ടിണിയിൽ' എന്നാണ്.

ഒരു സമ്പാദ്യവും എന്റേതായി എനിക്കില്ല. സാമ്പത്തികമായി ഏറെ പിന്നാക്കം നിൽക്കുന്ന ഒരു ജീവിതസാഹചര്യത്തിൽ ജനിച്ചുവളർന്നവളാണ് ഞാൻ. സ്വന്തമായി ഒരു കുഞ്ഞുവീട് സ്വപ്നം കണ്ടു ജീവിച്ച ആളാണ്, വർഷങ്ങളോളം എടുത്താണ് അതിന്റെ പ്ലാസ്റ്ററിങ്, നിലം വിരിക്കൽ പണി പോലും ചെയ്തത്. ഒരു ആർഭാടവും ഞാനെന്റെ ജീവിതത്തിൽ അന്നും ഇന്നും കാണിച്ചിട്ടില്ല. ഒന്നും സമ്പാദിച്ചിട്ടുമില്ല. ഒരു രൂപ പോലും ജനസേവനത്തിനുവേണ്ടി എടുത്തുവെക്കാൻ എനിക്ക് എന്റേതായി വരുമാനവുമില്ല.

ഒരു മാസം വണ്ടി കൂടുതൽ ഓടേണ്ടി വരുമ്പോൾ പേടിയാണ്. കാരണം ഡീസലിന് നീക്കിവെച്ച കാശ് തീരുമോ എന്ന പേടി. ഒരു രൂപ പോലും കൈയിലില്ലാത്ത ഞാനടക്കമുള്ള മൂന്നു പൊതുപ്രവർത്തകരുടെ അവസ്ഥ വിവരിച്ചതാണ് ആ അഭിമുഖത്തിൽ. വലിയ സമ്പാദ്യങ്ങൾ ഇല്ലാത്ത, വരുമാനമില്ലാത്ത ഏതൊരു പൊതുപ്രവർത്തകന്റെയും അവസ്ഥ ഇതുതന്നെയാണ്. ഏത് പാർട്ടിക്കാരനായാലും. അത് വിവരിക്കുക മാത്രമായിരുന്നു ഞാൻ ആ ഇന്റർവ്യൂവിൽ ചെയ്തത്. അത് യാഥാർഥ്യവുമാണ്.

ജനപ്രതിനിധി ആകുന്നതിനുമുൻപ് നിലമ്പൂരിൽ ജോലി ചെയ്യുന്ന സമയത്ത് ലഭിച്ചിരുന്ന തുച്ഛമായ വരുമാനം കൊണ്ടാണ് ഞാനും എന്റെ കുടുംബവും ജീവിച്ചിരുന്നത്. കഴിഞ്ഞതൊന്നും മറന്നിട്ടില്ല, മറക്കുകയുമില്ല. പക്ഷേ, 1,87,000 കിട്ടിയിട്ടും പട്ടിണി മാറാത്തവൾ എന്ന് സാമൂഹമാധ്യമങ്ങളിൽ അധിക്ഷേപം വരുമ്പോൾ മനസ്സ് വല്ലാതെ നോവുന്നുണ്ട്. ജീവിതത്തിൽ അഞ്ചുരൂപ തികച്ചെടുക്കാൻ ഇല്ലാതിരുന്ന ഒരുകാലം എനിക്കുണ്ടായിരുന്നു. അന്ന് പലരുടെയും സഹായം കൊണ്ട് ജീവിച്ചതൊന്നും മറന്നിട്ടില്ല. ഒരിക്കലും മറക്കുകയുമില്ല. അങ്ങനെയുള്ള ഒരുവൾക്ക് ജീവിക്കാൻ 1,87,000 പോരാ എന്ന് പറഞ്ഞ് ആക്ഷേപിക്കരുത്. പ്ലീസ്... അതെന്നെ വല്ലാതെ നോവിപ്പിക്കുന്നു(ഇനി ഞാൻ അവതരിപ്പിച്ച കണക്കിന്റെ പേരിൽ അധിക്ഷേപം വേണ്ട. പ്ലീസ്.. എന്നെ സ്‌നേഹിക്കുന്നവരുടെ അറിവിലേക്കായി പറഞ്ഞതാണ്.)

തോൽവിയിൽനിന്നു പാഠം ഉൾക്കൊണ്ട് മുന്നോട്ടുപോയവരാണ് നമ്മളെല്ലാം. ലോകം മുഴുവൻ അടക്കിവാണിരുന്ന ബ്രിട്ടീഷുകാരെ നിരന്തരമായ പ്രവർത്തനത്തിലൂടെ ഇന്ത്യയുടെ മണ്ണിൽ മുട്ടുകുത്തിച്ചവരാണ് നമ്മുടെ മുൻഗാമികൾ. എല്ലാ കോട്ടകളും വീഴുന്ന ദിനങ്ങൾ വരും. ചങ്കുറപ്പോടെ ഒറ്റക്കെട്ടായി നമ്മൾ പ്രവർത്തിക്കും. തിരുത്തലുകൾ വരുത്തേണ്ടത് തിരുത്തലുകൾ വരുത്തും, വരുത്തിയിരിക്കും. നമ്മൾ തിരിച്ചുവരും.

ജയ് കോൺഗ്രസ്,

ജയ് യുഡിഎഫ്‌

Summary: 'I don't support Marunadan Malayali; no positive opinion about their news' - Ramya Haridas expresses sincere regret in solidarity with Shajan Skaria

TAGS :

Next Story