ദീർഘദൂര ബസാണ്, കുട്ടികളെ കയറ്റാൻ പറ്റില്ലെന്ന് ഡ്രൈവർ; ഏത് തരം ബസാണെങ്കിലും കുട്ടികളെ കയറ്റിയിട്ട് പോയാൽ മതിയെന്ന് എം.പി
രമ്യ ഹരിദാസ് എം.പിയാണ് വിദ്യാർഥികളെ കയറ്റാതെ പോകുന്ന ബസുകൾ നിർത്തിച്ച് മുഴുവൻ വിദ്യാർഥികളെ കയറ്റിയത്.
തൃശൂർ: ബസുകൾ കോളജിന് മുന്നിൽ നിർത്താതെ പോകുന്നുവെന്ന വിദ്യാർഥികളുടെ പരാതികേട്ട് ബസുകൾ നിർത്തിച്ച് വിദ്യാർഥികൾക്ക് യാത്രാസൗകര്യമൊരുക്കി രമ്യാ ഹരിദാസ് എം.പി. നിർത്താതെ പോകുന്ന ബസിനു പിന്നാലെയുള്ള വിദ്യാർഥികളുടെ നെട്ടോട്ടം ശ്രദ്ധയിൽപ്പെട്ടതോടെയാണ് എം.പി വിഷയത്തിൽ ഇടപെട്ടത്. കോളജുകൾ വിട്ടതോടെ ഇതുവഴി പോകുന്ന ഒറ്റ സ്വകാര്യ ബസുകളും സ്റ്റോപ്പിൽ നിർത്തി തങ്ങളെ കറ്റുന്നില്ലെന്ന വിദ്യാർഥികളുടെ പരാതി കേട്ടതോടെ വിദ്യാർഥികൾക്കൊപ്പം നിന്ന് പിന്നീട് വരുന്ന ബസ്സുകൾക്ക് കൈകാട്ടി നിർത്തിക്കുകയായിരുന്നു.
എന്നാൽ ഇതു വഴിവന്ന ഒരു ബസിലെ ജീവനക്കാരൻ ഇത് ദീർഘദൂര ബസാണെന്നും ഈ ബസിൽ കുട്ടികളെ കയറ്റാൻ പറ്റില്ലെന്നും പറഞ്ഞതോടെ രംഗം കൂടുതൽ വഷളായി. തുടർന്ന് നാട്ടുകാരും പൊതുപ്രവർത്തകരും ഓട്ടോ തൊഴിലാളികളും പ്രശ്‌നത്തിൽ ഇടപെട്ടതോടെ ബസ് ജീവനക്കാർ വിദ്യാർഥികളെ ബസിൽ കയറ്റിയെങ്കിലും എം.പിക്കെതിരെ കയർത്ത ബസ് ജീവനക്കാരും നാട്ടുകാരും തമ്മിൽ തർക്കമായി. ഒടുവിൽ എം.പി പൊലീസിനെ വിളിച്ച് ബസിൽ മുഴുവൻ വിദ്യാർഥികളെയും കയറ്റി പോയാൽ മതി എന്നു ബസ് ജീവനക്കാരോട് പറഞ്ഞതിനെ തുടർന്ന് കണ്ടക്ടർ ക്ഷമ പറയുകയും തർക്കമവസാനിപ്പിച്ച് ബസിൽ മുഴുവൻ കുട്ടികളെയും കയറ്റി. ഏറെ വിദ്യാഭ്യാസ സ്ഥാപനങ്ങളുള്ള പെരുമ്പിലാവിൽ സ്ഥിരമായി വിദ്യാർഥികളെ ബസിൽ കയറ്റാത്തതിനെ തുടർന്ന് രമ്യ ഹരിദാസ് എം.പി കുന്നംകുളം എ.സി.പിക്ക് പരാതി നൽകുകയും തുടർന്ന് ബുധനാഴ്ച മുതൽ പെരുമ്പിലാവിൽ സ്റ്റോപ്പിൽ നിർത്താത്ത ബസുകൾക്കെതിരെ നടപടിയെടുക്കുവാൻ പൊലീസിനെ ജങ്ഷനിൽ ഡ്യൂട്ടിക്ക് വെക്കുമെന്നും അറിയിച്ചു.
Adjust Story Font
16