സി.എ.എ നടപ്പാക്കിയ നടപടി നിയമവ്യവസ്ഥയെ അംഗീകരിക്കില്ലെന്ന പ്രഖ്യാപനം: റസാഖ് പാലേരി
തെരഞ്ഞെടുപ്പിലെ തിരിച്ചടി മറികടക്കാനുള്ള ബി.ജെ.പിയുടെ കുതന്ത്രമാണ് തിരക്കിട്ട് പൗരത്വ നിയമം നടപ്പാക്കാൻ കാരണമെന്നും റസാഖ് പാലേരി പറഞ്ഞു.
റസാഖ് പാലേരി
തിരുവനന്തപുരം: സി.എ.എക്ക് എതിരായ ഹരജി സുപ്രിംകോടതിയുടെ പരിഗണനയിലുള്ള ഘട്ടത്തിൽ, നിയമം സംബന്ധിച്ച അന്തിമവിധി വരാൻ കാത്തിരിക്കുന്നതിനു പകരം രാജ്യത്തെ നിയമവ്യവസ്ഥയെ അംഗീകരിക്കില്ലെന്ന് പ്രഖ്യാപിക്കുകയാണ് മോദി ഭരണകൂടം ചെയ്യുന്നതെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡന്റ് റസാഖ് പാലേരി. വിഭാഗീയതയും വംശവെറിയും പടർത്തി വോട്ട് നേടാനുള്ള ബി.ജെ.പി ശ്രമത്തിന്റെ ഭാഗമാണ് ഇപ്പോൾ നടപ്പിലാക്കിത്തുടങ്ങിയ സി.എ.എ നടപടിക്രമങ്ങൾ.
തെരഞ്ഞെടുപ്പ് പടിവാതിൽക്കലെത്തി നിൽക്കെ സി.എ.എ ചട്ടം നിർമിക്കുകയും വിഷയം കോടതിയിൽ ചോദ്യം ചെയ്യപ്പെട്ടപ്പോൾ ഇപ്പോൾ നടപ്പാക്കില്ല എന്ന നിലപാട് എടുക്കുകയുമാണ് കേന്ദ്രസർക്കാർ ചെയ്തിരുന്നത്. എന്നാൽ ആ ഉറപ്പ് ലംഘിച്ചുകൊണ്ട് ഇപ്പോൾ തെരഞ്ഞെടുപ്പ് നടന്നുകൊണ്ടിരിക്കെ ചട്ടം നടപ്പാക്കാൻ തുടങ്ങിയിരിക്കുകയാണ് സർക്കാർ. നിയമവാഴ്ച ഇല്ലാത്ത ഒരു രാജ്യമായി ഭരണകൂടം തന്നെ ഇന്ത്യയെ മാറ്റിപ്പണിയുകയാണ്.
തെരഞ്ഞെടുപ്പ് കമ്മീഷനും സുപ്രിംകോടതിയും ഇതിൽ അടിയന്തരമായി ഇടപെടണം. സി.എ.എ ഭരണഘടനാവിരുദ്ധമായ നിയമഭേദഗതിയാണ്. ബി.ജെ.പി നടത്തുന്ന വംശീയവും വിഭാഗീയവുമായ രാഷ്ട്രീയത്തിന് ജനങ്ങൾ തിരിച്ചടി നൽകുമെന്ന സൂചനകളാണ് രാജ്യമെങ്ങും കാണുന്നത്. തിരിച്ചടിയുടെ സൂചനകളിൽ വിറളി പൂണ്ട ബി.ജെ.പിയുടെ തെരഞ്ഞെടുപ്പ് കുതന്ത്രം കൂടിയാണിത്. ഇതിനെ പ്രതിരോധിക്കാനും പരാജയപ്പെടുത്താനും രാജ്യത്തെ എല്ലാ വിഭാഗം ജനങ്ങളും മുന്നോട്ട് വരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Adjust Story Font
16