Quantcast

പൂരം കലക്കലിൽ പുനരന്വേഷണം; എഡിജിപിയുടെ റിപ്പോർട്ട് സർക്കാർ തള്ളി

എഡിജിപിക്കെതിരെ ഡിജിപിതല അന്വേഷണത്തിനാണ് ശിപാർശ

MediaOne Logo

Web Desk

  • Updated:

    2024-09-26 06:01:47.0

Published:

26 Sep 2024 5:38 AM GMT

ADGP MR Ajith kumar
X

തിരുവനന്തപുരം: തൃശൂർ പൂരം കലക്കലിൽ വീണ്ടും അന്വേഷണം. പൂരം കലക്കലിലെ എഡിജിപി എം.ആര്‍ അജിത് കുമാറിന്‍റെ റിപ്പോർട്ട് സർക്കാർ തള്ളി. പുനരന്വേഷണം വേണമെന്ന് ആഭ്യന്തര സെക്രട്ടറി നിർദേശിച്ചു. എഡിജിപിക്കെതിരെ ഡിജിപിതല അന്വേഷണത്തിനും ശിപാർശ ചെയ്തു. പൂരം കലക്കലിൽ മറ്റൊരു അന്വേഷണം കൂടി വേണമെന്നും ശിപാർശയുണ്ട്. ക്രൈം ബ്രാഞ്ച് മേധാവിയുടെ നേതൃത്വത്തിൽ അന്വേഷണം വന്നേക്കും.

തൃശൂർ പൂരം കലക്കലിൽ മുഖ്യമന്ത്രി കഴിഞ്ഞ ദിവസം തുടരന്വേഷണത്തിന്‍റെ സൂചന നൽകിയിരുന്നു. എഡിജിപിയുടെ റിപ്പോർട്ട് ഡിജിപിയുടെ ശിപാർശയോടുകൂടി ലഭിച്ചു എന്ന് മുഖ്യമന്ത്രി മന്ത്രിസഭാ യോഗത്തിൽ പറഞ്ഞിരുന്നു.ആഭ്യന്തര സെക്രട്ടറിയുടെ നിലപാടറിഞ്ഞശേഷം തുടർ നടപടി സ്വീകരിക്കാമെന്നാണ് പിണറായി വ്യക്തമാക്കിയത്.

പൂരം കലക്കലിൽ സിറ്റി പൊലീസ് കമ്മീഷണർ ആയിരുന്ന അങ്കിത്ത് അശോകിനേയും തിരുവമ്പാടി, പാറമേക്കാവ് ദേവസ്വങ്ങളേയും കുറ്റപ്പെടുത്തിയാണ് എഡിജിപി എം.ആർ അജിത് കുമാർ റിപ്പോർട്ട് തയ്യാറാക്കിയത്. ശനിയാഴ്ചയാണ് എഡിജിപി റിപ്പോർട്ട്‌ സംസ്ഥാന പൊലീസ് മേധാവിക്ക് പ്രത്യേക ദൂതൻ വഴി കൈമാറിയത്. അജിത് കുമാർ തയ്യാറാക്കിയ റിപ്പോർട്ടിൽ സിപിഐക്ക് പൂർണ്ണ തൃപ്തി ഇല്ലാത്തതുകൊണ്ട് തുടരന്വേഷണത്തിന് ക്രൈംബ്രാഞ്ചിന് ചുമതലപ്പെടുത്തിയേക്കും എന്ന് സൂചനയുണ്ടായിരുന്നു.

അതേസമയം പൂരം നിയന്ത്രണങ്ങളിൽ എഡിജിപി ഇടപെട്ടെന്ന് സ്പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ട്‌. പൂരത്തിന് നിയന്ത്രണങ്ങൾ നിർദേശിച്ചത് എഡിജിപിയാണ്. ഇതിനായി ഉന്നത ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചുവെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. എഡിജിപി തൃശൂരിൽ തങ്ങിയത് രണ്ട് ദിവസമാണ്. പൂരദിവസവും തലേദിവസവുമാണ് തൃശൂരിൽ ഉണ്ടായിരുന്നത്. പൂരം കലങ്ങിയപ്പോൾ സ്ഥലത്തെത്തി. പുലർച്ചെ മടങ്ങിയ എഡിജിപി പിന്നീട് ഫോൺ സ്വിച്ച് ഓഫാക്കി. എഡിജിപി തങ്ങിയത് തൃശൂര്‍ പൊലീസ് അക്കാദമിയിലെന്നും സ്പെഷ്യല്‍ ബ്രാഞ്ച് റിപ്പോർട്ടില്‍ വ്യക്തമാക്കുന്നു.



TAGS :

Next Story