വിവാഹപന്തലില്‍ അച്ഛനെ കൊലപ്പെടുത്തിയ സംഭവം: പ്രതികൾ കുറ്റം സമ്മതിച്ചു; കൊലപാതകത്തിന് കാരണം പെൺകുട്ടിയുമായുള്ള വിവാഹം നിരസിച്ചത്
പ്രതികൾ ലഹരി ഉപയോഗിച്ചോ എന്നത് പരിശോധനയ്ക്ക് ശേഷമേ അറിയാൻ സാധിക്കൂവെന്ന് റൂറല്‍ എസ്.പി
തിരുവനന്തപുരം: കല്ലമ്പലത്ത് മകളുടെ വിവാഹപന്തലിൽ അച്ഛനെ കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതികൾ കുറ്റം സമ്മതിച്ചു. പെൺകുട്ടിയുമായുള്ള വിവാഹം നിരസിച്ചതാണ് കൊലപാതകത്തിന് കാരണമെന്ന് റൂറൽ എസ്.പി ഡി.ശിൽപ പറഞ്ഞു. പ്രതികൾ ലഹരി ഉപയോഗിച്ചോ എന്നത് പരിശോധനയ്ക്ക് ശേഷമേ അറിയാൻ സാധിക്കൂ. ചില കേസുകൾ പ്രതികൾക്കെതിരെ ഉണ്ടെന്നാണ് മനസ്സിലാക്കുന്നതെന്നും റൂറൽ എസ്.പി പറഞ്ഞു.
കല്ലമ്പലം വടശ്ശേരിക്കോണം സ്വദേശി രാജു (63) ആണ് ബുധനാഴ്ച പുലര്‍ച്ചെ കൊല്ലപ്പെട്ടത്. രാജുവിന്റെ അയൽവാസിയും മകളുടെ സുഹൃത്തുമായ ജിഷ്ണു, സഹോദരൻ ജിജിൻ, ഇവരുടെ സുഹൃത്തുക്കളും ചേർന്നാണ് കൊലപ്പെടുത്തിയത്.
വിവാഹത്തിന് മുന്നോടിയായി വീട്ടില്‍ റിസ്പഷൻ നടത്തിയിരുന്നു. 11.30 ഓടെ പരിപാടിയൊക്കെ കഴിഞ്ഞ് ബന്ധുക്കളെല്ലാം വീട്ടിൽ പോയി. പുലർച്ചെ 12.30 ഓടെയാണ് കരച്ചിലും ബഹളവും കേട്ടാണ് ഓടിയെത്തിയതെന്ന് ബന്ധുക്കൾ പറയുന്നു. കരച്ചിൽ കേട്ട് ഓടിയെത്തിയപ്പോൾ കണ്ടത് രാജുവിനെ കുളിമുറിയുടെ ഭിത്തിയിൽ ചേർത്ത് നിർത്തി മർദിക്കുന്നതാണെന്ന് കൊല്ലപ്പെട്ട രാജുവിന്‍റെ സഹോദരന്‍റെ മകള്‍ മീഡിയവണിനോട് പറഞ്ഞു. പിടിച്ചുമാറ്റാൻ ശ്രമിച്ച പെൺകുട്ടിയെയും അമ്മയെയും നാലുപേരും മർദിച്ചു. പെൺകുട്ടിയെയാണ് ആദ്യം പ്രതിയായ ജിഷ്ണു മർദിച്ചതെന്നും പിടിച്ചുമാറ്റാനെത്തിയ രാജുവിനെ പ്രതികൾ ക്രൂരമായി മർദിക്കുകയായിരുന്നു. മൺവെട്ടികൊണ്ടേട്ട അടിയാണ് രാജുവിന്റെ മരണത്തിൽ കലാശിച്ചത്.
പിടിച്ചുമാറ്റാൻ എത്തിയ എല്ലാവരെയും പ്രതികൾ മാരകയായി മർദിച്ചിരുന്നു. പരിക്കേറ്റവരെ എല്ലാവരെയും ആശുപത്രിയിലെത്തിച്ചു. പക്ഷേ ആശുപത്രിയിലെത്തിച്ചപ്പോഴും രാജു മരിച്ചിരുന്നു. പ്രതികൾ ആശുപത്രിയിലും എത്തിയിരുന്നെന്നും ബന്ധുക്കൾ ആരോപിച്ചു. രാജു മരിച്ചെന്ന് ഉറപ്പാക്കിയ ശേഷം പ്രതികള്‍ അവിടെ നിന്ന് രക്ഷപ്പെട്ടു. ഇതിനിടയിലാണ് പ്രതികള്‍ പൊലീസിന്‍റെ പിടിയിലാകുകയായിരുന്നു. തലക്ക് മണ്‍വെട്ടി കൊണ്ട് ഏറ്റ മുറിവാണ് മരണകാരണമെന്നാണ് പൊലീസ് പറയുന്നത്. ജിഷ്ണുവിന്‍റെ സഹോദരന്‍ ജിജിനാണ് മണ്‍വെട്ടികൊണ്ട് രാജുവിനെ ആക്രമിച്ചതെന്നും പൊലീസ് പറയുന്നു.
പ്രതിയായ ജിഷ്ണുവിന് ക്രിമിനൽ പശ്ചാത്തലമുണ്ടായിരുന്നു. ഇതുകൊണ്ടാണ് മകളുമായുള്ള വിവാഹ ആലോചന രാജു നിരസിച്ചതെന്നും കല്യാണം നടത്തിക്കൊടുത്തില്ലെങ്കിൽ കാണിച്ചുതരാമെന്ന് പ്രതികൾ വെല്ലുവിളിച്ചിരുന്നെന്നും ബന്ധുക്കൾ പറയുന്നു.
Adjust Story Font
16