'മലബാർ ജില്ലകളിൽ സ്ഥിരം ബാച്ചുകൾ ഉടൻ പ്രഖ്യാപിക്കണം': ഫ്രറ്റേണിറ്റി മൂവ്മെൻ്റ്
'മലപ്പുറത്ത് മാത്രമാണ് സീറ്റ് കുറവുള്ളതെന്ന വാദം പൊളിഞ്ഞു'
കോഴിക്കോട്: പ്ലസ് വൺ മൂന്നാം ഘട്ട അലോട്ട്മെൻ്റിനു ശേഷമുള്ള കണക്കെന്ന രീതിയിൽ നിയമസഭയിൽ മന്ത്രി അവതരിപ്പിച്ച കണക്കും വാദങ്ങളും തെറ്റാണെന്ന് സപ്ലിമെൻ്ററി അപേക്ഷകരുടെയും ബാക്കിയുള്ള സീറ്റുകളുടെയും എണ്ണം പുറത്തുവന്നതോടെ വ്യക്തമായെന്ന് ഫ്രറ്റേണിറ്റി മൂവ്മെൻ്റ് സംസ്ഥാന പ്രസിഡൻ്റ് കെ.എം ഷെഫ്റിൻ.
മലപ്പുറത്തു മാത്രമാണ് സീറ്റ് കുറവുള്ളതെന്ന വാദവും പൊളിഞ്ഞു. വയനാട് ഒഴികെ മറ്റു ജില്ലകളിലെല്ലാം ആയിരക്കണക്കിന് സീറ്റ് കുറവുണ്ടെന്ന് സപ്ലിമെൻ്ററി അപേക്ഷയിൽ വ്യക്തമാണ്. സപ്ലിമെന്ററി അലോട്ട്മെൻ്റിലേക്കുള്ള അപേക്ഷകൾക്ക് ശേഷം അവശേഷിക്കുന്ന മുഴുവൻ സീറ്റുകളിലും അഡ്മിഷൻ നടന്നാൽ തന്നെയും മലബാർ ജില്ലകളിൽ 17963 വിദ്യർഥികൾക്ക് സീറ്റുകിട്ടില്ലെന്ന് ഉറപ്പായെന്ന് അദ്ദേഹം പറഞ്ഞു.
പാലക്കാട്- 4427, മലപ്പുറം- 9944, കോഴിക്കോട്- 2304, കണ്ണൂർ- 627, കാസർകോട്- 836 എന്നിങ്ങനെ കുറവു വരും. അതേസമയം, തെക്കൻ ജില്ലകളിൽ 12772 സീറ്റുകൾ സ്പ്ലിമെൻ്ററി അലോട്ട്മെൻ്റുകൾ പൂർത്തിയാകുമ്പോൾ സീറ്റുകൾ ബാക്കിയാണ്. തിരുവനന്തപുരം- 1909, കൊല്ലം- 2215, പത്തനംതിട്ട- 2609, ആലപ്പുഴ- 2167, കോട്ടയം- 1311, ഇടുക്കി- 517, എറണാകുളം- 1800, തൃശൂർ- 244 എന്നിങ്ങനെയാണ് അധികം വന്ന സീറ്റുകൾ.
ആദ്യ അലോട്ട്മെൻ്റുകൾ ലഭിച്ചിട്ടും അഡ്മിഷൻ എടുക്കാതെ മാറിനിന്നവരെയും അൺ എയ്ഡഡ് മേഖലയിൽ അഡ്മിഷൻ എടുത്തവരെയും സപ്ളിമെൻ്ററി അലോട്ട്മെൻ്റിൽ പങ്കെടുപ്പിച്ചിരുന്നില്ല. മലപ്പുറം ജില്ലയിൽ മാത്രം11546 വിദ്യാർഥികൾക്കാണ് അത്തരത്തിൽ അപേക്ഷിക്കാൻ സാധിക്കാതിരുന്നത്.
'ശാശ്വതമായ പരിഹാരമാണ് സർക്കാർ ഉദ്ദേശിക്കുന്നതെങ്കിൽ മലബാർ ജില്ലകളിൽ 300ലധികം സ്ഥിരംബാച്ചുകൾ വേണം. സപ്ലിമെൻ്ററിക്ക് ശേഷം പുറത്താവുന്ന വിദ്യാർഥികളുടെ മാത്രം കണക്കെടുക്കുകയാണെങ്കിൽ തന്നെ മലപ്പുറത്തു മാത്രം 200 ബാച്ചുകൾ വേണം.17963 വിദ്യാർഥികൾ എന്നത് കേവലം നമ്പറല്ല. 17963 ജീവിതങ്ങളും സ്വപ്നങ്ങളും കുടുംബങ്ങളുമാണ് എന്ന് സർക്കാർ മനസ്സിലാക്കണം. ന്യായമായ പരിഹാരത്തിന് പകരമുള്ള സർക്കാർ വക ചെപ്പടി വിദ്യകൾ കേരളത്തിലെ വിദ്യാർഥി സമൂഹവും മലബാറിൻ്റെ ജനതയും അംഗീകരിക്കില്ല.'- അദ്ദേഹം പറഞ്ഞു. ന്യായമായ അവകാശങ്ങൾക്ക് പോരാടുന്ന മലബാർ ജനതയുടെ കൂടെ ശക്തമായ സമരസാന്നിധ്യമായി ഫ്രറ്റേണിറ്റി മൂവ്മെൻ്റ് തെരുവിൽ തന്നെ നിലയുറപ്പിക്കുമെന്നും കെ.എം ഷെഫ്റിൻ കൂട്ടിച്ചേർത്തു.
Adjust Story Font
16