വീട് തകർത്ത് ബന്ധു ഇറക്കിവിട്ട സംഭവം; ലീലയ്ക്ക് ആശ്വാസം, ഭൂമി എഴുതി നൽകി സഹോദരങ്ങൾ
വീട് തകർത്തതിനെ തുടർന്നുള്ള ലീലയുടെ ദുരിതം മീഡിയവൺ റിപ്പോർട്ട് ചെയ്തിരുന്നു.
കൊച്ചി: എറണാകുളം പറവൂരില്‍ സഹോദര പുത്രൻ വീട് തകർത്ത് ഇറക്കിവിട്ട ലീലയ്ക്ക് ആശ്വാസം. കുടുംബ സ്വത്തായ ആറ് സെന്റ് സഹോദരങ്ങൾ ലീലക്ക് എഴുതി നൽകി. പ്രത്യേക അദാലത്തിലൂടെ കേരള ലീഗൽ സർവീസ് അതോറിറ്റി നടപടിക്രമങ്ങൾ പൂർത്തിയാക്കി. വീട് തകർത്തതിനെ തുടർന്നുള്ള ലീലയുടെ ദുരിതം മീഡിയവൺ റിപ്പോർട്ട് ചെയ്തിരുന്നു.
പെരുമ്പടന്ന സ്വദേശി ലീല താമസിച്ചിരുന്ന വീടാണ് സഹോദരന്റെ മകൻ രമേഷ് ഇടിച്ച് നിരത്തിയത്. വീടിന്റെ ഉടമസ്ഥത സംബന്ധിച്ച് നേരത്തെ തർക്കമുണ്ടായിരുന്നു. ലീലയെ പുറത്താക്കാൻ രമേശ് പല തവണ ശ്രമിച്ചിരുന്നു. വീട്ടിൽ നിന്നും ലീല ഇറങ്ങാൻ തയാറാകാത്തതിനെ തുടർന്നാണ് അവർ ജോലിക്ക് പോയ സമയത്ത് രമേശ് ജെസിബി ഉപയോഗിച്ച് വീട് തകർത്തത്. ഇതോടെ പോകാൻ മറ്റൊരു ഇടമില്ലാത്തതിനാൽ വെയിലും മഴയും കൊണ്ട് കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ കഴിയേണ്ട അവസ്ഥയിലായിരുന്നു ലീല.
സംഭവത്തിന് പിന്നാലെ വീട് രമേശിനെതിരെ പറവൂർ പൊലീസ് കേസെടുത്തിരുന്നു. അതിക്രമിച്ച് കയറിയതിനും, വീട്ടിൽ നാശനഷ്ടം വരുത്തിയത്തിനുമാണ് കേസ്. അതേസമയം, കേട്ടുകേൾവിയില്ലാത്ത ദുരനുഭവമാണ് ലീലക്കുണ്ടായതെന്നും ലീല അനാഥയാവില്ലെന്നും പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ വ്യക്തമാക്കിയിരുന്നു.
Adjust Story Font
16