'സമ്മർദ തന്ത്രങ്ങളിൽ നിന്ന് പിന്മാറണം, ഭീഷണി ജനാധിപത്യ സംവിധാനത്തിന് ഭൂഷണമല്ല'; യാക്കോബായ വിഭാഗത്തിനെതിരെ ഓർത്തഡോക്സ് സഭ
കോടതി വിധി അംഗീകരിക്കുന്നുവെങ്കിൽ ചർച്ചക്ക് തയ്യാറാണെന്നും ഓർത്തഡോക്സ് സഭ
കൊച്ചി: പള്ളിത്തർക്കത്തിൽ യാക്കോബായ വിഭാഗത്തിൻറെ ആവശ്യം നിയമവാഴ്ചയോടുള്ള വെല്ലുവിളിയെന്ന് ഓർത്തഡോക്സ് സഭ. യാക്കോബായ സഭ കോടതി വിധി അംഗീകരിക്കുന്നുവെങ്കിൽ ചർച്ചക്ക് തയ്യാറാണ്, അന്തിമ തീർപ്പ് നടപ്പാക്കാതിരിക്കുവാൻ സർക്കാരിന്മേൽ യാക്കോബായ സഭ സമ്മർദം ചെലുത്തുകയാണ്, ഓർത്തഡോക്സ് വിഭാഗം അറിയിച്ചു. സമ്മർദ തന്ത്രങ്ങളിൽ നിന്ന് യാക്കോബായ സഭ പിന്മാറണമെന്നും ഭീഷണി ജനാധിപത്യ സംവിധാനത്തിന് ഭൂഷണമല്ല ഓർത്തഡോക്സ് സഭ അഭിപ്രായപ്പെട്ടു.
പള്ളിത്തർക്കത്തിൽ യാക്കോബായ സഭ നീതി നിഷേധിക്കപ്പെട്ട വിഭാഗമെന്ന് മെത്രാപ്പൊലീത്തൻ ട്രസ്റ്റി ജോസഫ് ഗ്രിഗോറിയോസ് പറഞ്ഞ് അല്പസമയത്തിന് ശേഷമാണ് ഓർത്തഡോക്സ് സഭയുടെ പ്രതികരണം. യാക്കോബായ സഭയ്ക്ക് വലിയ ഭൂരിപക്ഷമുള്ള 60 ഓളം പള്ളികൾ നഷ്ടപ്പെട്ടിട്ടുണ്ടെന്നും നൂറുകണക്കിന് പള്ളികൾ ഇനിയും നഷ്ടമായേക്കാമെന്നും അദ്ധേഹം പറഞ്ഞിരുന്നു.
വിഷയത്തിൽ പരിഹാരം കാണാൻ നിയമനിർമാണം മാത്രമാണ് വഴിയെന്നും ജോസഫ് ഗ്രിഗോറിയോസ് അഭിപ്രായപ്പെട്ടു. നിയമനിർമാണമില്ലെങ്കിൽ സർക്കാർ എതിർ വിഭാഗവുമായി ചർച്ച നടത്തി സമവായത്തിലെത്തണം. അതിന് എതിർ വിഭാഗം തയാറാകുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പള്ളികൾ പിടിച്ചെടുത്തത് പോലെയുള്ള ദുരന്തങ്ങൾ ഇനി ഉണ്ടാവരുതെന്നും നിലവിലെ അവസ്ഥയുമായി മുന്നോട്ട് പോകാനാകില്ലെന്നും കാര്യങ്ങൾ സർക്കാരിനെ ധരിപ്പിക്കുമെന്നും യാക്കോബായ സഭ മെത്രാപ്പൊലീത്തൻ ട്രസ്റ്റി ജോസഫ് ഗ്രിഗോറിയോസ് പറഞ്ഞു.
Adjust Story Font
16