Quantcast

വിദ്യാർഥികൾക്കുള്ള ഗ്രേസ് മാർക്ക് മാനദണ്ഡം പുതുക്കൽ; അതൃപ്തിയുമായി കായിക സംഘടനകൾ

അന്തർ ദേശീയ മത്സരങ്ങളിൽ പങ്കെടുത്ത് വിജയിച്ചവരെ പോലും വേണ്ട രീതിയിൽ പരിഗണിക്കുന്നില്ല എന്നാണ് പരാതി

MediaOne Logo

Web Desk

  • Published:

    4 May 2023 1:06 AM GMT

വിദ്യാർഥികൾക്കുള്ള ഗ്രേസ് മാർക്ക് മാനദണ്ഡം പുതുക്കൽ; അതൃപ്തിയുമായി കായിക സംഘടനകൾ
X

തിരുവനന്തപുരം: കായികമേഖലയിൽ വിദ്യാർഥികൾക്ക് ഗ്രേസ് മാർക്ക് അനുവദിക്കുന്നതിനുള്ള മാനദണ്ഡങ്ങൾ പുതുക്കിയതിൽ അതൃപ്തിയുമായി കായിക സംഘടനകൾ. അന്തർ ദേശീയ മത്സരങ്ങളിൽ പങ്കെടുത്ത് വിജയിച്ചവരെ പോലും വേണ്ട രീതിയിൽ പരിഗണിക്കുന്നില്ല എന്നാണ് പരാതി. മാനദണ്ഡം പുതുക്കിയ തീരുമാനം പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് ഇവർ വിദ്യാഭ്യാസ മന്ത്രിയെ സമീപിക്കും.

നിലവിൽ ഉണ്ടായിരുന്ന ഗ്രേസ് മാർക്ക് സംവിധാനപ്രകാരം അന്തർദേശീയ മത്സരങ്ങളിലെ ആദ്യ മൂന്നു സ്ഥാനക്കാർക്ക് യഥാക്രമം 25 ശതമാനം, 23 ശതമാനം, 21 ശതമാനം എന്നിങ്ങനെയായിരുന്നു മാർക്ക് നൽകിയിരുന്നത്. കണക്ക് പ്രകാരം വിജയികൾക്ക് എസ്.എസ്.എല്‍.സി,പ്ലസ് 2 പരീക്ഷകളിൽ 126 മുതൽ 160 വരെ മാർക്ക് ലഭിക്കുമായിരുന്നു. എന്നാൽ പുതുക്കിയ മാനദണ്ഡപ്രകാരം ആദ്യ മൂന്ന് സ്ഥാനക്കാർക്ക് മാർക്ക് അനുവദിച്ചിട്ടില്ല. പകരം മത്സരത്തിൽ പങ്കെടുത്തവർക്ക് 30 മാർക്ക് വീതം ലഭിക്കും.

ദേശീയതലത്തിൽ വിജയികളായവർക്ക് 11 മുതൽ 15 ശതമാനം വരെ മാർക്ക് നൽകിയിരുന്നത് 25 മാർക്ക് ആയി നിജപ്പെടുത്തി. ദേശീയ മത്സരങ്ങളിൽ പങ്കെടുത്തവർക്ക് നൽകിയിരുന്ന 10 ശതമാനം മാർക്കും ഒഴിവാക്കി. മാർക്കിലെ ഈ ഏറ്റകുറച്ചിൽ കേരളത്തിൻ്റെ കായികഭാവിയെ ബാധിക്കുമെന്നാണ് സംഘടനകൾ പറയുന്നത്.

സംസ്ഥാനതല മത്സര വിജയികൾക്ക് ലഭിച്ചിരുന്ന മാർക്കിലും ഇത്തവണ കാര്യമായ കുറവ് വന്നിട്ടുണ്ട്. പുതിയ ഉത്തരവ് റദ്ദാക്കണമെന്നും ഗ്രേസ്മാർക്ക് സംവിധാനം പഴയ രീതിയിലേക്ക് മാറ്റണമെന്നും സംഘടനകൾ ആവശ്യപ്പെടുന്നു. അല്ലാത്തപക്ഷം കായിക താരങ്ങളെയും രക്ഷിതാക്കളെയും അധ്യാപകരെയും ഉൾപ്പെടുത്തി സംസ്ഥാനം ഒട്ടാകെ പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കാനാണ് ഇവരുടെ തീരുമാനം.


TAGS :

Next Story