മുസ്‌ലിം വ്യക്തിനിയമത്തിൽ സ്ത്രീക്ക് തുല്യ അവകാശമില്ല; ശബരിമലയെ കുറിച്ച് ഇപ്പോൾ ചർച്ച ചെയ്യേണ്ടതുണ്ടോ?-കെ.കെ രമ
യു.ഡി.എഫ് പുരുഷാധിപത്യ മുന്നണിയാണെന്നും രമ ആരോപിച്ചു
കോഴിക്കോട്: മുസ്‍ലിം വ്യക്തിനിയമത്തിൽ സ്ത്രീക്ക് തുല്യ അവകാശമില്ലെന്നും പെൺമക്കൾക്കും ആൺമക്കൾക്കും തുല്യ അവകാശം വേണമെന്നും ആർ.എം.പി.ഐ നേതാവ് കെ.കെ രമ എം.എൽ.എ. അതേസമയം, ശബരിമല വിഷയത്തിൽ ഇപ്പോൾ ചർച്ച ചെയ്യേണ്ടതുണ്ടോ എന്നും അവർ ചോദിച്ചു.
'ന്യൂ ഇന്ത്യൻ എക്‌സ്പ്രസി'ന് നൽകിയ അഭിമുഖത്തിലാണ് രമ നിലപാട് വ്യക്തമാക്കിയത്. പെൺമക്കൾക്ക് തുല്യ അവകാശം ലഭിക്കാനെന്ന പേരിൽ അടുത്തിടെ സ്‌പെഷൽ മാര്യേജ് ആക്ട് പ്രകാരം മുസ്‌ലിം ദമ്പതികൾ പുനർവിവാഹം നടത്തിയതിനെക്കുറിച്ചുള്ള ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അവർ. തുല്യ അവകാശത്തിനു വേണ്ടി വാദിക്കുന്നവരാണ് ആർ.എം.പി.ഐ എന്ന് അവർ മറുപടി പറഞ്ഞു. പെൺമക്കൾക്കും ആൺമക്കൾക്കും തുല്യ സ്വത്തവകാശം വേണമെന്ന കാര്യത്തിൽ ഒരു സംശയവുമില്ല. സമുദായ നേതാക്കൾ അംഗീകരിക്കില്ലെങ്കിലും മുസ്‌ലിം വ്യക്തിനിയമത്തിൽ സ്ത്രീകൾക്ക് തുല്യ അവകാശമില്ലെന്നത് ഒരു യാഥാർത്ഥ്യമാണെന്നും രമ പറഞ്ഞു.
അതേസമയം, ശബരിമല സ്ത്രീപ്രവേശനത്തെക്കുറിച്ച് നിലപാട് എന്താണെന്ന ചോദ്യത്തോട് ചിരിച്ചുകൊണ്ടുള്ള രമയുടെ മറുപടി ഇങ്ങനെയായിരുന്നു:
''നമ്മൾ അതിലേക്ക് പോകണോ? ക്ഷേത്രത്തിൽ പോകണമെന്ന് ആഗ്രഹിക്കുന്നവർക്കെല്ലാം അതിനു സാധിക്കണമെന്നാണ് ഞാൻ വിശ്വസിക്കുന്നത്.''
യു.ഡി.എഫ് പുരുഷാധിപത്യ മുന്നണിയാണെന്നും അഭിമുഖത്തിൽ രമ ആരോപിക്കുന്നുണ്ട്. 'യുഡിഎഫിലെ വനിതാ എം.എൽ.എമാരുടെ എണ്ണം വളരെ കുറവാണ്. കഴിവുള്ള വനിതകൾ ഇല്ലാത്തതുകൊണ്ടല്ല, യു.ഡി.എഫിലെ പാർട്ടികൾ സ്ത്രീകൾക്ക് അവസരം നൽകാത്തത് കൊണ്ടാണത്. എൽ.ഡി.എഫുമായി താരതമ്യം ചെയ്യുമ്പോൾ യു.ഡി.എഫ് തീർത്തും പുരുഷാധിപത്യ(സംവിധാനമാണ്). അതു വലിയ പ്രശ്‌നമാണ്.'-രമ കൂട്ടിച്ചേർത്തു.
Summary: 'Women have no equal rights as per Muslim law is a reality. Should we get into women entry at Sabarimala issue?''-RMPI leader K.K Rema's double stand exposed in her new interview for the 'New Indian Express'
Adjust Story Font
16