Quantcast

വിദ്യാർഥിയുടെ കോഷൻ ഡെപ്പോസിറ്റ് തടഞ്ഞുവച്ച കോളജിന് 20,000 രൂപ പിഴ

ഈ മാസം 30നകം പിഴ ഒടുക്കണമെന്നാണ് ഉത്തരവിലെ നിർദേശം.

MediaOne Logo

Web Desk

  • Published:

    1 Sep 2024 2:47 PM GMT

Rs 20,000 fine imposed to the college for withholding the students security deposit
X

തിരുവനന്തപുരം: വിദ്യാർഥിയുടെ കോഷൻ ഡെപ്പോസിറ്റ് തടഞ്ഞുവച്ച കോളജിന് 20,000 രൂപ പിഴ. ഇടുക്കി പീരുമേട് അയ്യപ്പ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് സ്റ്റഡീസാണ് പിഴ ഒടുക്കേണ്ടത്. സംസ്ഥാന വിവരാവകാശ കമ്മീഷണർ ഡോ.എ അബ്ദുൽ ഹക്കീം തിരുവനന്തപുരത്ത് നടത്തിയ വിചാരണയ്ക്കു ശേഷമാണ് ഉത്തരവിട്ടത്.

ഇൻസ്റ്റിറ്റ്യൂട്ടിലെ വിദ്യാർഥിക്ക് ലഭിക്കാനുള്ള കോഷൻ ഡെപ്പോസിറ്റ് നൽകിയില്ലെന്ന് കാണിച്ച് പിതാവ് കോട്ടയം അമ്പാറനിരപ്പേൽ പെരുമ്പള്ളിൽ പി.പി സുരേഷ്കുമാറിന്റെ വിവരാവകാശ അപേക്ഷയ്ക്ക് മറുപടി നൽ‍കാതിരുന്നതാണ് കുറ്റം.

കോളജിലേക്ക് കുട്ടി തുക വല്ലതും നൽകാൻ കുടിശ്ശികയുണ്ടോ എന്ന് നോക്കിയിട്ട് ഡെപ്പോസിറ്റ് ബാക്കിയുണ്ടെങ്കിൽ നൽകാമെന്ന് അറിയിച്ച കോളജ് അധികൃതർ കോഴ്സ് കഴിഞ്ഞ് രണ്ടു വർഷമായിട്ടും പ്രശ്നം തീർപ്പാക്കിയില്ല. 2022 നവംബറിലും 2023 മെയ് മാസത്തിലും നൽകിയ പരാതികളോടും ജൂൺ, നവംബർ മാസങ്ങളിൽ വിവരാവകാശ കമ്മീഷൻ റിപ്പോർട്ട് ആവശ്യപ്പെട്ടതിനോടും പ്രിൻസിപ്പൽ പ്രതികരിച്ചില്ല.

2024 ജനുവരി 18ന് കമ്മീഷൻ തിരുവനന്തപുരത്തേക്ക് ഹിയറിങ്ങിന് വിളിച്ചിട്ടും പ്രിൻസിപ്പൽ എത്തിയില്ല. കമ്മീഷൻ സമൻസയച്ച് 2024 മേയ് ഒമ്പതിന് വരുത്തിയപ്പോൾ നൽകിയ മൊഴിയും തൃപ്തികരമല്ലെന്ന് ഉത്തരവിൽ പറയുന്നു. വിവരങ്ങൾ ബോധപൂർവം വൈകിക്കുകയും വിവരാവകാശ നിയമപ്രകാരം ആവശ്യപ്പെട്ടിട്ടും മറുപടി നൽ‌കുന്നതിൽ ഗുരുതര വീഴ്ച വരുത്തുകയും ചെയ്തതും ശിക്ഷയ്ക്ക് കാരണമായി.

ഈ മാസം 30നകം പിഴ ഒടുക്കണമെന്നാണ് ഉത്തരവിലെ നിർദേശം. ഇക്കാര്യം മഹാത്മാഗാന്ധി യൂണിവേഴ്സിറ്റി രജിസ്ട്രാർ ഉറപ്പുവരുത്തണം. ഇല്ലെങ്കിൽ കലക്ടർ മുഖേന ജപ്തി നടപടിയിലൂടെ തുക വസൂലാക്കുമെന്നും ഉത്തരവിലുണ്ട്.


TAGS :

Next Story