ശ്രീനിവാസൻ വധക്കേസിലെ പ്രതിയായ ഫയർഫോഴ്സ് ജീവനക്കാരന് സസ്പെന്‍ഷന്‍
കോങ്ങാട് ഫയർ സ്റ്റേഷനിലെ ഫയർ ഓഫീസർ ജിഷാദിനെയാണ് സസ്പെന്‍ഡ് ചെയ്തത്.
പാലക്കാട്: ആര്‍.എസ്.എസ് നേതാവ് ശ്രീനിവാസൻ വധക്കേസില്‍ പ്രതിയായ ഫയർഫോഴ്സ് ജീവനക്കാരനെ സസ്പെന്‍ഡ് ചെയ്തു. കോങ്ങാട് ഫയർ സ്റ്റേഷനിലെ ഫയർ ഓഫീസർ ജിഷാദിനെയാണ് റീജണൽ ഫയർ ഓഫീസർ സസ്പെന്‍ഡ് ചെയ്തത്.
സുബൈര്‍ വധത്തിന് പ്രതികാരമായി ആരെ കൊല്ലണമെന്ന പട്ടിക തയ്യാറാക്കിയവരില്‍ ജിഷാദും ഉള്‍പ്പെടുമെന്നാണ് പൊലീസ് പറയുന്നത്. ഇന്നലെ ഇയാളെ അറസ്റ്റ് ചെയ്തിരുന്നു. സഞ്ജിത്ത് വധക്കേസിലും ജിഷാദിന് പങ്കുണ്ടെന്ന് പൊലീസ് പറയുന്നു. സഞ്ജിത്ത് സഞ്ചരിക്കുന്ന വഴികൾ ശേഖരിച്ചത് ജിഷാദാണെന്നാണ് പൊലീസിന്‍റെ കണ്ടെത്തല്‍. ശ്രീനിവാസന്‍റെ കൊലപാതകവുമായി ബന്ധപ്പെട്ട് വിവിധ സ്ഥലങ്ങളിൽ ജിഷാദിനെ തെളിവെടുപ്പിന് എത്തിച്ചു.
ഏപ്രിൽ 16ന് ഉച്ചയ്ക്കാണ് ആർ.എസ്.എസ് മുൻ ശാരീരിക് ശിക്ഷക് പ്രമുഖായിരുന്ന ശ്രീനിവാസനെ ഒരു സംഘം കടയിൽ കയറി വെട്ടിക്കൊന്നത്. വിഷുദിനത്തിൽ പോപ്പുലർ ഫ്രണ്ട് പ്രവർത്തകൻ സുബൈറിനെ കൊലപ്പെടുത്തിയതിനു പ്രതികാരമായാണ് ശ്രീനിവാസനെ കൊലപ്പെടുത്തിയതെന്നാണ് പൊലീസിന്റെ കണ്ടെത്തൽ. കേസിൽ 21 പേരുടെ അറസ്റ്റാണ് ഇതുവരെ രേഖപ്പെടുത്തിയത്.
Adjust Story Font
16