എസ്. രാജേന്ദ്രൻ ബിജെപിയിലേയ്‌ക്കെന്നു സൂചന; ജാവദേക്കറുമായി കൂടിക്കാഴ്ച നടത്തി
ബി.ജെ.പി നേതാക്കളുമായി താൻ ചർച്ച നടത്തിയിരുന്നുവെന്ന് എസ്. രാജേന്ദ്രൻ മുമ്പ് വെളിപ്പെടുത്തിയിരുന്നു
ന്യൂഡൽഹി:ദേവികുളത്തെ മുൻ സിപിഎം എംഎൽഎ എസ് രാജേന്ദ്രൻ ബിജെപിയിലേയ്‌ക്കെന്നു സൂചന. ബിജെപി ദേശീയ നേതാവ് പ്രകാശ് ജാവദേക്കാറുമായി ഡൽഹിയിലെ വസതിയിലെത്തി കൂടിക്കാഴ്ച നടത്തി. എന്നാൽ ബിജെപിയിലേക്കില്ലെന്നും പ്ലാന്റേഷനുമായി ബന്ധപ്പട്ട ചർച്ചക്കാണ് ഡൽഹിയിൽ വന്ന് ജാവദേക്കറെ കണ്ടതെന്നാണ് രാജേന്ദ്രൻ പറയുന്നത്. സി.പി.എമ്മുമായുള്ള പടലപ്പിണക്കം അവസാനിപ്പിച്ച് എസ് രാജേന്ദ്രൻ ഞായറാഴ്ച്ച മൂന്നാറിൽ നടന്ന എൽഡിഎഫ് ദേവികുളം നിയോജക മണ്ഡലം കൺവൻഷനിൽ പങ്കെടുത്തിരുന്നു. എന്നാൽ രണ്ട് ദിവസത്തിന് ശേഷം ബിജെപി നേതാവിനെ കണ്ടിരിക്കുകയാണ്.
പാർട്ടിയിലെ മുതിർന്ന നേതാക്കൾ നടത്തിയ ചർച്ചകൾക്കൊടുവിലാണ് നിസഹകരണം അവസാനിപ്പിക്കാൻ രാജേന്ദ്രൻ തീരുമാനിച്ചിരുന്നത്. പാർട്ടി മെമ്പർഷിപ്പ് പുതുക്കുമെന്നും എൽ.ഡി.എഫ് സ്ഥാനാർഥിക്ക് വേണ്ടി പ്രചാരണ രംഗത്ത് സജീവമാകുമെന്നും എസ് രാജേന്ദ്രൻ അറിയിച്ചിരുന്നു. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ എ രാജയെ തോൽപ്പിക്കാൻ ശ്രമിച്ചുവെന്ന് കുറ്റപ്പെടുത്തിയാണ് രാജേന്ദ്രനെ സിപിഎം സസ്‌പെൻഡ് ചെയ്തിരുന്നത്.
അതേസമയം, എസ്. രാജേന്ദ്രന്റെ പ്രകാശ് ജാവഡേക്കറുമായുള്ള കൂടിക്കാഴ്ചയിൽ ഉത്കണ്ഠയില്ലെന്ന് സി.പി.എം ഇടുക്കി ജില്ലാ സെക്രട്ടറി സി.വി. വർഗീസ് പറഞ്ഞു. രാജേന്ദ്രൻ ബി.ജെ.പിയിൽ ചേരുമെന്ന് പറഞ്ഞിട്ടില്ലെന്നും സിപിഎം വ്യക്തികേന്ദ്രീകൃതമായ പാർട്ടിയല്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. ഊഹാപോഹങ്ങൾക്ക് പിന്നാലെ പോകണ്ട ആവശ്യം പാർട്ടിക്കില്ലെന്നും ഒരാളുടെയും സമർദ്ദങ്ങൾക്ക് വഴങ്ങില്ലെന്നും വ്യക്തമാക്കി. രാജേന്ദ്രനുമായി സംസാരിക്കേണ്ട ആവശ്യം നിലവിലില്ലെന്നും സി.വി. വർഗീസ് പറഞ്ഞു.
അതേസമയം, ബി.ജെ.പി നേതാക്കളുമായി താൻ ചർച്ച നടത്തിയിരുന്നുവെന്ന് എസ്. രാജേന്ദ്രൻ മുമ്പ് വെളിപ്പെടുത്തിയിരുന്നു. ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായാണ് നേതാക്കൾ സമീപിച്ചതെന്നും ബി.ജെ.പി യിലേക്കെന്ന പ്രചാരണം അടിസ്ഥാനരഹിതമാണെന്നും എസ്. രാജേന്ദ്രൻ മീഡിയവണിനോട് പറഞ്ഞിരുന്നു. ഇപ്പോൾ താൻ സി.പി.എം അനുഭാവി തന്നെയാണ്. ബി.ജെ.പി നേതാക്കൾ വന്നകാര്യം പാർട്ടി സെക്രട്ടറി എം.വി ഗോവിന്ദനെ അറിയിച്ചിരുന്നു. പാർട്ടിയുടെ വാതിൽ പൂർണമായി അടഞ്ഞാൽ മാത്രമേ മറ്റു വഴികൾ തേടുവെന്നും എസ്. രാജേന്ദ്രൻ അന്ന് വ്യക്തമാക്കി.
Adjust Story Font
16