ഭാരവാഹികളെ തീരുമാനിക്കുന്നത് ലീഗിന്റെ ആഭ്യന്തര കാര്യം; പി.എം.എ സലാമിനെ മാറ്റണമെന്ന് സമസ്ത പറഞ്ഞിട്ടില്ല: സാദിഖലി തങ്ങൾ
പൊന്നാനിയിൽ യു.ഡി.എഫും എൽ.ഡി.എഫും തമ്മിലാണ് മത്സരിച്ചത്. മറ്റൊരു ഘടകവും പൊന്നാനിയിൽ ഉണ്ടായിട്ടില്ലെന്നും സാദിഖലി തങ്ങൾ പറഞ്ഞു.
കോഴിക്കോട്: മുസ്‌ലിം ലീഗിന്റെ ഭാരവാഹികളെ തീരുമാനിക്കുന്നത് പാർട്ടിയുടെ ആഭ്യന്തര കാര്യമാണെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് സാദിഖലി ശിഹാബ് തങ്ങൾ. ലീഗിന്റെ സംസ്ഥാന കൗൺസിലാണ് ഭാരവാഹികളെ തീരുമാനിക്കുക. ലീഗ് ജനറൽ സെക്രട്ടറിയെ മാറ്റണമെന്ന് സമസ്ത പറഞ്ഞിട്ടില്ല എന്നായിരുന്നു ഉമർ ഫൈസി മുക്കത്തിന്റെ പ്രസ്താവനയെ കുറിച്ച് തങ്ങളുടെ പ്രതികരണം.
മലപ്പുറത്തും പൊന്നാനിയിലും യു.ഡി.എഫ് വലിയ വിജയം നേടും. പൊന്നാനിയിൽ യു.ഡി.എഫും എൽ.ഡി.എഫും തമ്മിലാണ് മത്സരിച്ചത്. മറ്റൊരു ഘടകവും പൊന്നാനിയിൽ ഉണ്ടായിട്ടില്ലെന്നും സാദിഖലി തങ്ങൾ പറഞ്ഞു. സമസ്തയുടെ പിന്തുണ തനിക്കുണ്ടെന്ന കെ.എസ് ഹംസയുടെ അവകാശവാദത്തെ കുറിച്ച് ചോദിച്ചപ്പോഴായിരുന്നു തങ്ങളുടെ പ്രതികരണം.
പി.എം.എ സലാമിനെ ലീഗ് ജനറൽ സെക്രട്ടറി സ്ഥാനത്തുനിന്ന് മാറ്റണമെന്ന് സമസ്ത സെക്രട്ടറി ഉമർ ഫൈസി മുക്കം ആവശ്യപ്പെട്ടിരുന്നു. മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറി കെ.എം ഷാജി, എം.എസ്.എഫ് സംസ്ഥാന ജനറൽ സെക്രട്ടറി സി.കെ നജാഫ് തുടങ്ങിയവർ നേരത്തെ തന്നെ ഇതിനെതിരെ രംഗത്തെത്തിയിരുന്നു. ഉമർ ഫൈസി പറഞ്ഞത് സമസ്തയുടെ നിലപാടല്ലെന്നാണ് സാദിഖലി തങ്ങളുടെ പ്രതികരണം.
Adjust Story Font
16