Quantcast

‘മതങ്ങള്‍ പകര്‍ന്നുനല്‍കുന്ന ആശയങ്ങള്‍ മുറുകെ പിടിച്ച് എല്ലാ ദിവസവും മാനവികത ആഘോഷിക്കാം’​; ക്രിസ്​മസ്​ സന്ദേശവുമായി സാദിഖലി തങ്ങൾ

‘ഇന്ത്യയുടെ പാരമ്പര്യം സ്‌നേഹത്തിലും സാഹോദര്യത്തിലും സഹവര്‍ത്തിത്വത്തിലും ഊന്നിയതാണ്. അതുകൊണ്ട് തന്നെയാണ് ഓരോ ആഘോഷങ്ങളിലും ജാതി, മത ഭേദമന്യെ നാം പങ്കാളികളാകുന്നത്’

MediaOne Logo
‘മതങ്ങള്‍ പകര്‍ന്നുനല്‍കുന്ന ആശയങ്ങള്‍ മുറുകെ പിടിച്ച് എല്ലാ ദിവസവും മാനവികത ആഘോഷിക്കാം’​; ക്രിസ്​മസ്​ സന്ദേശവുമായി സാദിഖലി തങ്ങൾ
X

വത്തിക്കാനില്‍നിന്നും മടങ്ങിയിട്ട് ഒരു മാസമാകുന്നു. പക്ഷെ അവിടെനിന്നും പകര്‍ന്നുകിട്ടിയ സ്‌നേഹത്തിന്റെയും സാഹോദര്യത്തിന്റെയും മാധുര്യം ഇന്നും മനസില്‍ നിറഞ്ഞുനില്‍ക്കുന്നുണ്ട്. വത്തിക്കാനെന്ന ചെറിയ ഭൂപ്രദേശം സന്ദര്‍ശിക്കുമ്പോള്‍ പ്രതീക്ഷിച്ച അനുഭവങ്ങള്‍ തന്നെയാണ് അവിടെനിന്നും ലഭിച്ചത്.

നവംബര്‍ മാസത്തിലെ സുഖകരമായ കാലാവസ്ഥയിലാണ് ലോകസർവമത സമ്മേളനത്തില്‍ പങ്കെടുക്കാന്‍ വത്തിക്കാനില്‍ എത്തുന്നത്. മത, രാഷ്ട്ര, വംശ, വര്‍ഗ ഭേദമന്യേ എല്ലാവര്‍ക്കും വരവേല്‍പ്പ് നല്‍കുന്ന നാടാണ് വത്തിക്കാന്‍. ചരിത്രനിര്‍മിതികളുടെ കാഴ്ചകള്‍ക്കൊപ്പം സ്നേഹസൗരഭ്യം പരന്നൊഴുകുന്ന വത്തിക്കാന്‍ സിറ്റിയില്‍ മിന്നിമറയുന്ന മുഖങ്ങളിലെല്ലാം മൃദുല ഭാവങ്ങളായിരുന്നു. വലിയ ചരിത്രത്തിന്റെയും സംസ്‌കാരത്തിന്റെയും പാരമ്പര്യമുള്ള ആ നാടും ജനതയും തലക്കനമൊട്ടുമില്ലാതെ വശ്യമായ പുഞ്ചിരിയോടെ ലോകത്തെ ഏതിരേല്‍ക്കുന്നു.

15 രാജ്യങ്ങളില്‍നിന്നുള്ള ഇരുന്നൂറോളം മത, സാംസ്‌കാരിക നേതാക്കളായിരുന്നു അഗസ്റ്റീനിയന്‍ ഹാളില്‍ നടന്ന സമ്മേളനത്തില്‍ പങ്കെടുത്തിരുന്നത്. പലരാജ്യങ്ങളില്‍ നിന്നുള്ള, വിവിധ ഭാഷകള്‍ സംസാരിക്കുന്ന, വ്യത്യസ്താശയങ്ങളുള്ളവര്‍. സമ്മേളന വേദി എല്ലാ അര്‍ത്ഥത്തിലും ലോകത്തിന്റെ ചെറുപതിപ്പ് തന്നെയായിരുന്നു, നമ്മുടെ ഇന്ത്യ പോലെ.

വത്തിക്കാന് ഏതാനും കിലോമീറ്ററുകള്‍ മാത്രം ദൂരെയാണ് റോമിലെ ഗ്രാൻഡ്​ മസ്ജിദ്. വത്തിക്കാനില്‍ സന്ദര്‍ശനത്തിന് വരുന്നവരെല്ലാം റോമിലെ ഗ്രാന്‍ഡ് മോസ്‌ക് സന്ദര്‍ശിക്കുന്നത് പതിവാണ്. മസ്ജിദിനോട് ചേര്‍ന്നുതന്നെയുള്ള ലൈബ്രറിയും സർവമത സംവാദങ്ങള്‍ നടക്കുന്ന ഇടവും ചേര്‍ന്ന സാംസ്‌കാരിക കേന്ദ്രത്തെ എല്ലാവരും ബഹുമാനത്തോടെയാണ് കാണുന്നത്. ആ പള്ളിതന്നെ സാഹോദര്യത്തിന്റെയും സഹവര്‍ത്തിത്വത്തിന്റെയും പ്രതീകമാണ്.

1974ല്‍ റോമന്‍ സിറ്റി കൗണ്‍സില്‍ സംഭാവനയായി നല്‍കിയ സ്ഥലത്ത് മാര്‍പാപ്പയുടെ ആശിര്‍വാദത്തോടെ ഫഹദ് രാജാവും മറ്റു മുസ്ലിം നേതാക്കളും രാജ്യങ്ങളും പണം ചെലവഴിച്ചാണ് ആ വലിയ പള്ളി നിര്‍മിച്ചത്. മൂന്ന് പതിറ്റാണ്ട് കാലമായി ഐക്യത്തിന്റെ ചിഹ്നമായി മസ്ജിദ് അവിടെ നിലനില്‍ക്കുന്നു.

വത്തിക്കാനില്‍ ക്രൈസ്തവരുടെ ആത്മീയാചാര്യന്‍ ഫ്രാന്‍സിസ് മാര്‍പാപ്പയുമായി സംവദിക്കാന്‍ ലഭിച്ച അവസരം അമൂല്യമാണ്. ആ സാമീപ്യം ലോകത്തിന് പകരുന്ന സാന്ത്വനം നേരിട്ട് അനുഭവിച്ചറിഞ്ഞു. സമാധാനത്തിന്റെ സന്ദേശമാണ് അദ്ദേഹം പറഞ്ഞുകൊണ്ടേയിരിക്കുന്നത്.

അക്രമിക്കപ്പെട്ടുകൊണ്ടിരിക്കുന്നവര്‍ക്കൊപ്പം നില്‍ക്കുകയെന്ന ലോകനീതിയാണ് അദ്ദേഹത്തെ നയിക്കുന്നത്. കൂടിക്കാഴ്ചക്കിടെ അദ്ദേഹത്തിന് സമ്മാനിച്ച 'ഇസ്ലാമിക കലയും വാസ്തുകലയും; ഒരു ചരിത്ര ആമുഖം' എന്ന പുസ്തകത്തിന്റെ ഇറ്റാലിയന്‍ പതിപ്പ് വളരെ സ്‌നേഹത്തോടെയാണ് അദ്ദേഹം ഏറ്റുവാങ്ങിയത്.

മതാചാര്യന്‍ എന്ന നിലയിലും രാഷ്ട്രനേതാവ് എന്ന നിലയിലും ലോകത്തെങ്ങുമുള്ള അനേക കോടി മനുഷ്യര്‍ ആദരിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്ന മാര്‍പാപ്പ പങ്കുവെക്കുന്ന സന്ദേശങ്ങള്‍ സ്നേഹവും മാനവികതയും തന്നെയായിരുന്നു. ഇന്ത്യയുടെ ബഹുസ്വരതയെകുറിച്ചും വിവിധ മതങ്ങളില്‍പെട്ട ജനങ്ങള്‍ സാഹോദര്യത്തോടെ കഴിയുന്നതിനെകുറിച്ചും എടുത്തുപറഞ്ഞു.

സമാധാനം പുലരേണ്ടതിനെ കുറിച്ചും യുദ്ധങ്ങളുണ്ടാക്കുന്ന വിനാശത്തെക്കുറിച്ചും പറഞ്ഞു. മാനവികത ഉയര്‍ത്തിപ്പിടിക്കേണ്ടതിന്റെ അനിവാര്യത അടിവരയിട്ടു. സ്നേഹത്തിന്റെയും കരുതലിന്റെയും ഒരു ഊഷ്മളത അദ്ദേഹത്തിന്റെ ഓരോ ചലനത്തിലമുണ്ടായിരുന്നു. സ്‌നേഹം സ്ഫുരിക്കുന്ന മുഖത്ത് തളം കെട്ടിയിരിക്കുന്ന നിഷ്‌കളങ്ക ഭാവമാണ്.

ക്രിസ്​മസ് ദിനത്തിലും അതിനോടനുബന്ധിച്ചുള്ള ദിവസങ്ങളിലും പാണക്കാട് സന്ദര്‍ശിക്കുന്ന ക്രൈസ്തവ പുരോഹിതന്മാരില്‍ കാണുന്നതും അതേ ഭാവമാണ്. കേക്കും സമ്മാനങ്ങളുമായി വരുന്ന ഹൃദയത്തില്‍ നിര്‍മല ഭാവങ്ങളുള്ളവര്‍. വര്‍ത്തമാന ഇന്ത്യയില്‍ ഇത്തരം മാനുഷിക ബന്ധങ്ങള്‍ കാത്തുസൂക്ഷിക്കുകയെന്നത് അതീവ കഠിനമാണെന്നാണ് പുറത്തുനിന്നും നോക്കുന്നവര്‍ക്ക് തോന്നുക. എന്നാല്‍, ഇന്ത്യയുടെ പാരമ്പര്യം സ്‌നേഹത്തിലും സാഹോദര്യത്തിലും സഹവര്‍ത്തിത്വത്തിലും ഊന്നിയതാണ്. അതുകൊണ്ട് തന്നെയാണ് ഓരോ ആഘോഷങ്ങളിലും ജാതി, മത ഭേദമന്യെ നാം പങ്കാളികളാകുന്നത്. സ്‌നേഹവും സാഹോദര്യവും ത്യാഗവും സഹനവും സ്വജീവിതത്തിലൂടെ മാലോകര്‍ക്ക് പകര്‍ന്നുനല്‍കിയാണ് യേശു അഥവാ ഈസാ നബി (അ) ഈ ഭൂമിയില്‍ നിന്നും ദൈവത്തിങ്കലേക്ക് ഉയര്‍ത്തപ്പെട്ടത്. മതങ്ങള്‍ പകര്‍ന്നുനല്‍കുന്ന സ്‌നേഹത്തിന്റെയും സാഹോദര്യത്തിന്റെയും സമാധാനത്തിന്റെയും ആശയങ്ങള്‍ മുറുകെ പിടിച്ച് നമുക്ക് എല്ലാ ദിവസവും മാനവികത ആഘോഷിക്കാം.

TAGS :

Next Story