Quantcast

നാവികരുടെ ഫോണുകൾ പിടിച്ചെടുത്തു; അന്വേഷണത്തിന്റെ ഭാഗമെന്ന് നൈജീരിയ

കപ്പല്‍ എവിടെ നങ്കൂരമിട്ടെന്ന് വ്യക്തതയില്ലെന്ന് നാവികന്‍റെ സന്ദേശം

MediaOne Logo

Web Desk

  • Updated:

    2022-11-13 04:33:54.0

Published:

13 Nov 2022 3:17 AM GMT

നാവികരുടെ ഫോണുകൾ പിടിച്ചെടുത്തു; അന്വേഷണത്തിന്റെ ഭാഗമെന്ന് നൈജീരിയ
X

കൊച്ചി: പടിഞ്ഞാറൻ ആഫ്രിക്കൻ രാജ്യമായ ഇക്വിറ്റോറിയൽ ഗിനിയിൽ ബന്ദികളായ ഇന്ത്യൻ നാവികരുടെ ഫോണുകൾ നൈജീരിയൻ സേന പിടിച്ചെടുത്തു. അന്വേഷണത്തിന്റെ ഭാഗമായാണെന്ന് നൈജീരിയയുടെ വിശദീകരണം. നൈജിരിയയിലെ ബോണി തുറമുഖത്താണ് കപ്പൽ നങ്കൂരമിട്ടത്. കപ്പലിലെ നാവികരെ സന്ദർശിക്കാൻ നൈജിരിയയിലെ ഇന്ത്യൻ അംബാസിഡർക്ക് അനുവാദം ലഭിച്ചു. നൈജീരയയിൽ എവിടെ നങ്കൂരമിട്ടെന്ന് വ്യക്തതയില്ലെന്ന് നാവികൻ മിൽട്ടൻ കുടുംബത്തിന് സന്ദേശമയച്ചിരുന്നു. ഇനി ഫോണിൽ ബന്ധപ്പെടാൻ പറ്റില്ലെന്നും അന്വേഷണത്തിന്റെ ഭാഗമായി ഫോൺ വാങ്ങിവെക്കുകയാണെന്ന് പറഞ്ഞതായി നാവികന്റെ ഭാര്യ മീഡിയവണിനോട് പറഞ്ഞു.

നാവികരെ ഇന്നലെ നൈജീരിയയിലെത്തിച്ചിരുന്നു. ഏറെ അനിശ്ചിതത്വങ്ങൾക്കൊടുവിലാണ് നൈജീരിയയിലെത്തിയെന്ന വിവരം നാവികർ ബന്ധുക്കളെ അറിയിച്ചത്. കപ്പൽ കമ്പനി അധികൃതരും നിയമവിദഗ്ധരും നൈജീരയിൽ എത്തിയിട്ടുണ്ട്. കപ്പലിലെ നാവികരുമായി ആശയവിനിമയം നടത്താൻ ഇന്ത്യൻ എംബസി അധികൃതർ ശ്രമിക്കുന്നുണ്ട്.

ക്രൂഡോയിൽ മോഷ്ടിക്കാൻ ശ്രമിച്ചു, സമുദ്ര അതിർത്തി ലംഘിച്ചു തുടങ്ങിയ ആരോപണങ്ങളാണ് നാവികർക്കെതിരെ നൈജീരിയൻ സൈന്യം ഉന്നയിക്കുന്നത്. ഈ ആരോപണങ്ങളിൽ നിയമനടപടികളിലേക്ക് നൈജീരിയ കടന്നാൽ നാവികരുടെ മോചനം നീണ്ടേക്കും. ഇത് മറികടക്കാനുളള നയതന്ത്ര നീക്കമാണ് ഇന്ത്യ നടത്തുന്നത്. മൂന്നു മലയാളികൾ ഉൾപ്പെടെ 26 പേരാണ് കപ്പലിലുള്ളത്. കപ്പൽ ഉടമകളും അഭിഭാഷകരും നേരത്തെ തന്നെ നൈജീരിയയിൽ എത്തിയിരുന്നു.

ഗിനി സേന കസ്റ്റഡിയിലെടുത്ത 'എം.ടി ഹീറോയിക് ഇദുൻ' എന്ന പേരിലുള്ള എണ്ണക്കപ്പലിലെ നാവികരെ നൈജീരിയയ്ക്ക് കൈമാറിയിരുന്നു. ശേഷം നൈജീരിയൻ നാവികസേന എത്തി കപ്പലിന്റെ നിയന്ത്രണം ഏറ്റെടുക്കുകയായിരുന്നു.

ഗിനി വിട്ടാൽ നാടുമായി ബന്ധപ്പെടാനാകില്ലെന്ന് നാവികൻ സനു ജോസിന്റെ പുതിയ വിഡിയോ സന്ദേശം കഴിഞ്ഞ ദിവസം രാത്രി പുറത്തുവന്നിരുന്നു. നൈജീരിയൻ സേനയ്ക്ക് കൈമാറിയ ശേഷം ഇവരുമായി ബന്ധപ്പെടാൻ സാധിച്ചിട്ടില്ലെന്നാണ് ബന്ധുക്കൾ അറിയിച്ചിട്ടുള്ളത്. ഇവരുടെ ഫോണുകൾ പിടിച്ചെടുത്തതായാണ് സൂചന.

നാവികരെ തിരിച്ചെത്തിക്കാൻ ശ്രമം തുടരുകയാണെന്ന് ഇന്നലെ കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ അറിയിച്ചിരുന്നു. നൈജീരിയയിലെയും ഗിനിയിലെയും എംബസികളുടെ നേതൃത്വത്തിലാണ് രക്ഷാനീക്കം പുരോഗമിക്കുന്നത്. നയതന്ത്രശ്രമങ്ങളോട് ഇരുരാജ്യങ്ങളും സഹകരിക്കുന്നുണ്ടെന്നും ബന്ധുക്കൾക്ക് ആശങ്ക വേണ്ടെന്നും വി. മുരളീധരൻ പറഞ്ഞു.


TAGS :

Next Story