സൗദിയിൽ ബാങ്കുവിളി കേട്ടില്ല എന്ന പരാമർശം തെറ്റായ വിവരത്തിൽനിന്ന് സംഭവിച്ചത്; തെറ്റിദ്ധാരണ മാറ്റണം: സജി ചെറിയാൻ
ഈ വിഷയത്തിൽ തന്റെ ഉദ്ദേശശുദ്ധി മനസിലാക്കാതെയാണ് ചിലർ പ്രചാരണം നടത്തുന്നതെന്നും മന്ത്രി പറഞ്ഞു.
തിരുവനന്തപുരം: സൗദി അറേബ്യയിൽ ബാങ്കുവിളി കേട്ടില്ല എന്ന തന്റെ പരാമർശം തെറ്റായ വിവരത്തിൽനിന്ന് സംഭവിച്ചതാണെന്ന് മന്ത്രി സജി ചെറിയാൻ. ഇത് മനസിലാക്കി എല്ലാവരും തെറ്റിദ്ധാരണ മാറ്റണമെന്നും അദ്ദേഹം അഭ്യർഥിച്ചു.
ഈ വിഷയത്തിൽ തന്റെ ഉദ്ദേശശുദ്ധി മനസിലാക്കാതെയാണ് ചിലർ പ്രചരിപ്പിക്കുന്നത്. സൗദി അറേബ്യയിൽ സന്ദർശനം നടത്തിയ അവസരത്തിൽ മതാനുഷ്ഠാനങ്ങൾ, പ്രഭാഷണങ്ങൾ എന്നിവ നടത്തുന്നത് സംബന്ധിച്ചും അവിടെ പാലിക്കുന്ന മിതത്വത്തെ സംബന്ധിച്ചും മറ്റു മതസ്ഥരോടും അന്യനാട്ടുകാരോടും അവർ കാണിക്കുന്ന സ്‌നേഹത്തെയും ബഹുമാനത്തെയും കുറിച്ച് സഹയാത്രികൻ പറഞ്ഞതാണ് താൻ പരാമർശിച്ചതെന്നും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:
ഇന്നലെ ഞാൻ നടത്തിയ പ്രസംഗത്തിലെ ചില ഭാഗങ്ങൾ എന്റെ ഉദ്ദേശശുദ്ധിയെ മനസിലാക്കാതെയാണ് ചിലർ പ്രചരിപ്പിക്കുന്നത്. സൗദി അറേബ്യയിൽ സന്ദർശനം നടത്തിയ അവസരത്തിൽ മതാനുഷ്ഠാനങ്ങൾ, പ്രഭാഷണങ്ങൾ എന്നിവ നടത്തുന്നത് സംബന്ധിച്ചും അവിടെ പാലിക്കുന്ന മിതത്വത്തെ സംബന്ധിച്ചും മറ്റ് മതസ്ഥരോടും അന്യനാട്ടുകാരോടും അവർ കാണിക്കുന്ന സ്നേഹവും ബഹുമാനത്തെപ്പറ്റിയും സഹയാത്രികൻ പറഞ്ഞതാണ് ഞാൻ പരാമർശിച്ചത്. മതസൗഹാർദത്തിന്റെ മികച്ച മാതൃക എനിക്കവിടെ കാണാനായി. ഗൾഫ് രാജ്യങ്ങളിലേക്ക് തൊഴിലിനായി പോയ മലയാളികൾ കേരളത്തിന്റെ മുഖച്ഛായ മാറ്റുന്നതിൽ നിർണായക പങ്ക് വഹിച്ചതിനെ സംബന്ധിച്ചും ഞാൻ പറഞ്ഞു. ബാങ്ക് വിളി കേട്ടില്ല എന്ന എന്റെ പരാമർശം എനിക്ക് ലഭിച്ച തെറ്റായ വിവരത്തിൽ നിന്നും സംഭവിച്ചതാണ്. മാന്യ സഹോദരങ്ങൾ ഇതു മനസിലാക്കി തെറ്റിദ്ധാരണ മാറ്റണമെന്ന് അഭ്യർത്ഥിക്കുന്നു.
Adjust Story Font
16