സജി ചെറിയാന്റെ സത്യപ്രതിജ്ഞ; ഗവർണർക്ക് നിയമോപദേശം ഉടൻ ലഭിക്കും
നാലാം തീയതി സത്യപ്രതിജ്ഞാ ചടങ്ങ് നടത്താനാണ് സർക്കാർ നീക്കം
സജി ചെറിയാന്റെ സത്യപ്രതിജ്ഞയിൽ രാജ്ഭവൻ നിയമോപദേശം തേടിയതോടെ സർക്കാർ - ഗവർണർ പോര് പുതിയ ഘട്ടത്തിലേക്ക് കടന്നു. സത്യപ്രതിജ്ഞ തടയാൻ ഗവർണർക്ക് കഴിയില്ലെങ്കിലും രാജ്ഭവൻ നടപടി ആശയകുഴപ്പത്തിന് ഇടയാക്കിയിട്ടുണ്ട്. നിയമോപദേശം ഇന്നോ നാളയോ രാജ്ഭവന് ലഭിക്കും. സത്യപ്രതിജ്ഞ ചെയ്യുന്ന ദിവസം പ്രതിപക്ഷം കരിദിനമായി ആചരിക്കും.
നാലാം തീയതി സത്യപ്രതിജ്ഞാ ചടങ്ങ് നടത്താനാണ് സർക്കാർ നീക്കം. ഇതിനായുള്ള കത്ത് ലഭിച്ചതിന് പിന്നാലെയാണ് രാജ്ഭവൻ നിയമോപദേശം തേടിയത് . സജി ചെറിയാൻ മന്ത്രിയാകുന്നതിൽ നിയമപരമായ എന്തെങ്കിലും പ്രശ്‌നങ്ങൾ അവശേഷിക്കുന്നുണ്ടോ എന്നാണ് പരിശോധന.
സ്റ്റാൻഡിഗ് കൌൺസിലിന്റെ നിയമോപദേശം ഉടൻ തന്നെ രാജ്ഭവന് ലഭിക്കും. എന്നാൽ ഒരാളെ മന്ത്രിയാക്കാനുള്ള ശിപാർശ മുഖ്യമന്ത്രി കൈമാറി കഴിഞ്ഞാൽ അത് തടയാൻ സാധാരണ ഗതിയിൽ ഗവർണർക്ക് കഴിയില്ലെന്നാണ് നിയമ വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നത്. സത്യപ്രതിജ്ഞയ്ക്ക് അവസരമൊരുക്കയാണ് ഗവർണറുടെ ചുമതല. അതിനാൽ നിയമോപദേശം തേടിയ നടപടി സർക്കാർ - ഗവർണർ രാഷ്ട്രീയ പോരിന്റെ ബാക്കി പത്രമാണെന്നാണ് വിലയിരുത്തൽ. നിലവിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ സംസ്ഥാനത്തില്ല. നാളെയാണ് ഗവർണർ തിരികെ എത്തുക. ആറിന് മടങ്ങും. അതിനാലാണ് നാലാം തീയതി സത്യപ്രതിജ്ഞ നടത്താൻ സർക്കാർ അനുമതി തേടിയത്.
സജി ചെറിയാന്റെ രാജിക്കിടയാക്കിയ ഭരണഘടന നിന്ദ പരാമർശ കേസ് അവസാനിച്ചിട്ടില്ലെന്നാണ് പ്രതിപക്ഷം ചൂണ്ടി കാണിക്കുന്നത്. കേസ് അവസാനിപ്പിക്കാനുള്ള സജി ചെറിയാന് അനുകൂലമായ പൊലീസ് റിപ്പോർട്ട് തിരുവല്ല കോടതിയുടെ പരിഗണനയിലാണ്. റിപ്പോർട്ടിൻ മേൽ കോടതി തീരുമാനം എടുത്തിട്ടില്ല. ഭരണഘടനയെ അവഹേളിച്ച സജി ചെറിയാനെ വീണ്ടും മന്ത്രിയാക്കുന്നത് ജനാധിപത്യത്തെ വെല്ലുവിളിക്കലാണെന്നാണ് പ്രതിപക്ഷം കുറ്റപ്പെടുത്തുന്നത്.
Adjust Story Font
16