ഭരണഘടനാ നിന്ദ: മന്ത്രി സജി ചെറിയാൻ രാജിവെച്ചു
രാജിവെക്കാൻ സിപിഎം നിർദേശം നൽകിയിരുന്നു. പിന്നാലെയായിരുന്നു രാജി.
തിരുവനന്തപുരം: ഭരണഘടനാ നിന്ദയുടെ പേരിൽ വിവാദത്തിൽ അകപ്പെട്ട മന്ത്രി സജി ചെറിയാൻ രാജിവെച്ചു. രാജിവെക്കാൻ സിപിഎം നിർദേശം നൽകിയിരുന്നു. പിന്നാലെയായിരുന്നു രാജി. രാജി സ്വതന്ത്ര തീരുമാനമാണ്. ഭരണഘടനാ മൂല്യങ്ങൾ ശാക്തീകരിക്കണമെന്നാണ് തന്റെ നിലപാട്. ഭരണഘടനാ വെല്ലുവിളികളെ പ്രതിരോധിക്കുന്ന പ്രസ്ഥാനമാണ് തന്റേതെന്നും രാജിക്കാര്യം അറിയിക്കാൻ വിളിച്ചുചേർത്ത വാർത്താസമ്മേളനത്തിൽ സജി ചെറിയാൻ പറഞ്ഞു.
സജി ചെറിയാന്റെ രാജിക്കാര്യത്തിൽ സംസ്ഥാന നേതൃത്വം ഉചിതമായ നടപടി സ്വീകരിക്കുമെന്ന് സിപിഎം ദേശീയ ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി നേരത്തെ വ്യക്തമാക്കിയിരുന്നു. അതേസമയം ഈ വിഷയവുമായി ബന്ധപ്പെട്ട് താൻ ഒരിക്കലും രാജിവെക്കില്ലെന്നാണ് സജി ചെറിയാൻ നേരത്തെ പറഞ്ഞിരുന്നത്. എകെജി സെന്ററില്‍ നടന്ന സിപിഎം സെക്രട്ടേറിയേറ്റ് യോഗത്തിനു ശേഷമായിരുന്നു സജി ചെറിയാന്റെ പ്രതികരണം. 'എന്തിന് രാജി വെക്കണം? ഇന്നലെ എല്ലാം പറഞ്ഞതല്ലേ.. ബാക്കി പറയേണ്ടവർ പറയും'- സജി ചെറിയാന്‍ പറഞ്ഞു.
രാജ്യത്തെ ജനങ്ങളെ കൊള്ളയടിക്കാൻ പറ്റിയ മനോഹരമായ ഭരണഘടനയാണ് ഇന്ത്യയുടേതെന്നായിരുന്നു സജി ചെറിയാന്റെ പരാമര്‍ശം. ആര് പ്രസംഗിച്ചാലും ഇന്ത്യൻ ഭരണഘടന മികച്ചതാണെന്ന് ഞാൻ സമ്മതിക്കില്ല. മതേതരത്വം, ജനാധിപത്യം എന്നിവ എഴുതിവച്ചിട്ടാല്ലാതെ മറ്റൊന്നും ഭരണഘടനയിലില്ല. ബ്രിട്ടീഷുകാർ പറയുന്നതിനനുസരിച്ച് ചിലർ എഴുതിയതാണ് ഇന്ത്യൻ ഭരണഘടന- ഇങ്ങനെ പോകുന്നു സജി ചെറിയാന്റെ വാക്കുകള്‍. ഞായറാഴ്ച പത്തനംതിട്ട മല്ലപ്പള്ളിയിൽ നടന്ന സി.പി.എം പരിപാടിയിലായിരുന്നു മന്ത്രിയുടെ പരാമർശം. പ്രതിവാര രാഷ്ട്രീയ നിരീക്ഷണം എന്ന പേരിൽ മല്ലപ്പള്ളി ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടക്കുന്ന പരിപാടി നൂറു ലക്കം പിന്നിട്ടതിന്റെ ആഘോഷ പരിപാടിയിൽ സംസാരിക്കുകയായിരുന്നു സജി ചെറിയാൻ.
Adjust Story Font
16