Quantcast

റിയാലിറ്റിയുടെ വിജയത്തിനു വേണ്ടി ദേവസ്വം വകുപ്പ് മന്ത്രിയെ മിത്തിസം വകുപ്പ് മന്ത്രി എന്നു വിളിക്കണം: സലിം കുമാര്‍

മാറ്റങ്ങൾ തുടങ്ങേണ്ടത് ഭരണ സിരാകേന്ദ്രങ്ങളിൽ നിന്നും തന്നെയാണ്

MediaOne Logo

Web Desk

  • Published:

    3 Aug 2023 4:48 AM GMT

salim kumar
X

സലിം കുമാര്‍/കെ.രാധാകൃഷ്ണന്‍

കൊച്ചി: സ്പീക്കര്‍ എ.എന്‍ ഷംസീറിന്‍റെ വിവാദപരാമര്‍ശത്തില്‍ പ്രതികരണവുമായി നടന്‍ സലിം കുമാര്‍. മാറ്റങ്ങൾ തുടങ്ങേണ്ടത് ഭരണ സിരാകേന്ദ്രങ്ങളിൽ നിന്നാണെന്നും റിയാലിറ്റിയുടെ വിജയത്തിനു വേണ്ടി ദേവസ്വം വകുപ്പ് മന്ത്രിയെ മിത്തിസം വകുപ്പ് മന്ത്രി എന്നു വിളിച്ചു തുടങ്ങണമെന്നും സലിം കുമാര്‍ ഫേസ്ബുക്കില്‍ കുറിച്ചു.

സലിം കുമാറിന്‍റെ കുറിപ്പ്

മാറ്റങ്ങൾ തുടങ്ങേണ്ടത് ഭരണ സിരാകേന്ദ്രങ്ങളിൽ നിന്നും തന്നെയാണ്. മിത്തും റിയാലിറ്റിയും തമ്മിലുള്ള സംഘർഷം നിലനിൽക്കുമ്പോൾ റിയാലിറ്റിയുടെ വിജയത്തിനു വേണ്ടി ദേവസ്വം വകുപ്പ് മന്ത്രിയെ മിത്തിസം വകുപ്പ് മന്ത്രി എന്നു വിളിച്ചു തുടങ്ങണം. ഭണ്ഡാരത്തിൽ നിന്നും കിട്ടുന്ന പണത്തെ മിത്തുമണി എന്നും വിളിക്കണം എന്നാണ് എന്‍റെ ഒരു ഇത്.

ഒരു വിശ്വാസത്തെയും വ്രണപ്പെടുത്തുന്ന പരാമർശം താൻ നടത്തിയിട്ടില്ലെന്നായിരുന്നു സ്പീക്കറുടെ പ്രതികരണം. മതം വിശ്വസിക്കാനും പ്രചരിപ്പിക്കാനും ഭരണഘടന അവകാശം നൽകുന്നുണ്ട്. അതുപോലെ ശാസ്ത്രബോധം വളർത്തണമെന്നും ഭരണഘടന പറയുന്നുണ്ട്. ഭരണഘടനയിൽ പറയുന്നത് മാത്രമാണ് താനും പറഞ്ഞതെന്നും ഷംസീർ വ്യക്തമാക്കിയിരുന്നു. അതേസമയം ഷംസീറിനെ പിന്തുണച്ചത് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദനും രംഗത്തെത്തി. ശാസ്ത്രവും മിത്തും ഒന്നാണെന്ന് പറഞ്ഞാൽ വകവെച്ചു കൊടുക്കാനാവില്ല. ചരിത്രം ചരിത്രമായും മിത്ത് മിത്തായും കാണണം. തെറ്റായ പ്രവണതകളെ പൊറുപ്പിക്കാനാവില്ല. ആരുടെ നേലും കുതിര കയറാം എന്ന ധാരണ വേണ്ടെന്നും ഗോവിന്ദന്‍ പറഞ്ഞു.

എറണാകുളം കുന്നത്തുനാട് മണ്ഡലത്തിൽ നടപ്പാക്കുന്ന വിദ്യാജോതി പദ്ധതിയുടെ ഉദ്ഘാടന ചടങ്ങിലായിരുന്നു സ്പീക്കറുടെ വിവാദപ്രസംഗം. മിത്തുകൾക്ക് പകരം ശാസ്ത്രത്തെ പ്രോത്സാഹിപ്പിക്കണമെന്നായിരുന്നു അദ്ദേഹം പറഞ്ഞത്. ‘‘നമ്മുടെ വിദ്യാഭ്യാസ മേഖലയിൽ ശാസ്ത്രത്തെ പ്രോത്സാഹിപ്പിക്കണം. എന്താ കാരണം? ഇന്നത്തെ എല്ലാ പ്രശ്‌നങ്ങൾക്കും പരിഹാരം ശാസ്ത്രത്തെ പ്രോത്സാഹിപ്പിക്കൽ മാത്രമാണ്. ഇപ്പോൾ എന്തൊക്കെയാ പഠിപ്പിക്കാൻ ശ്രമിക്കുന്നത്? വിമാനം കണ്ടു പിടിച്ചത് ആരാണ്? എന്റെ കാലത്ത് വിമാനം കണ്ടുപിടിച്ചത് ആരെന്ന ചോദ്യത്തിന് ഉത്തരം റൈറ്റ് സഹോദരങ്ങളാണ്. ഇപ്പോൾ അവരല്ല, അതു തെറ്റാണ്. വിമാനം ഹിന്ദുത്വ കാലത്തേയുണ്ട്. ലോകത്തെ ആദ്യത്തെ വിമാനം പുഷ്പക വിമാനമാണ്. ആരുടേതാണ് ആദ്യത്തെ പ്ലാസ്റ്റിക് സർജറി നടത്തിയതെന്ന് ചോദ്യത്തിന് മനുഷ്യന്റെ ശരീരവും ആനയുടെ മുഖവുമുള്ള ഗണപതിയാണെന്നാണ് ഉത്തരം. ഇങ്ങനെ ശാസ്ത്രത്തിന്റെ സ്ഥാനത്ത് മിത്തുകളെ പ്രോത്സാഹിപ്പിക്കുന്നു. ഇവിടെ ശാസ്ത്രത്തെ പ്രോത്സാഹിപ്പിക്കാൻ സാധിക്കണം.’ എന്നായിരുന്നു ഷംസീര്‍ പറഞ്ഞത്.

TAGS :

Next Story