Quantcast

ലീഗിനെ മാറ്റിനിർത്തിയും വിമർശിച്ചും സമസ്തക്ക് നിലനിൽക്കാനാവില്ല: മുസ്തഫൽ ഫൈസി

'വണ്ടിയിൽ വൈകിക്കയറിയവരല്ല ദിശ നിർണയിക്കേണ്ടത്. ആദ്യം കയറിയവർ ഉണ്ടാകും. അവര് പറയുന്നിടത്തേക്കാണ് വണ്ടി വിടേണ്ടത്'

MediaOne Logo

Web Desk

  • Updated:

    1 Feb 2025 12:37 PM

Published:

1 Feb 2025 10:05 AM

ലീഗിനെ മാറ്റിനിർത്തിയും വിമർശിച്ചും സമസ്തക്ക് നിലനിൽക്കാനാവില്ല: മുസ്തഫൽ ഫൈസി
X

കോ​ഴിക്കോട്: ലീഗിനെ മാറ്റിനിർത്തി സമസ്തയ്ക്ക് മുന്നോട്ടുപോകാനാവില്ലെന്ന് മുശാവറാംഗം മുസ്തഫൽ ഫൈസി. ലീഗിന് അവരുടേതായ ആദർശങ്ങളും ആശയങ്ങളും രാഷ്ട്രീയവും ഉണ്ടാകുമെങ്കിലും അത് നോക്കേണ്ട ആവശ്യമില്ല. ലീഗ് രാഷ്ട്രീയമായി മുസ്‍ലിം സമൂഹത്തിന് വേണ്ടി നിലകൊള്ളുന്ന പാർട്ടിയാണ്. നിലവിൽ കേരളത്തിലെ മുസ്‍ലിം സമൂഹത്തിന്റെ രാഷ്ട്രീയ പുരോഗതിക്കും, സമുദായ രാഷ്ട്രീയത്തിനും വേണ്ടി നിലകൊള്ളുന്ന പാർട്ടിയാണ് ലീഗ്. അത്തരത്തിൽ വേറൊരു പാർട്ടി വരുമ്പോൾ അതിനെക്കുറിച്ച് ആലോചിക്കാമെന്നും മുസ്തഫൽ ഫൈസി പറഞ്ഞു.

‘സുന്നത്ത് ജമാഅത്ത് ഉൾകൊള്ളുന്ന അമീറാണെങ്കിൽ, അവർക്ക് ഈ സുന്നത്ത് ജമാഅത്തിന്റെ സംരക്ഷണത്തിന് വേണം. അവരുടെ രാഷ്ട്രീയം നമുക്ക് നോക്കേണ്ടതില്ല. ഇന്ന് കേരളത്തിൽ മുസ്‍ലിം സമുദായത്തിന് വേണ്ടി രാഷ്ട്രീയമായി നിലകൊള്ളുന്ന പാർട്ടി മുസ്‍ലിം ലീഗാണ്. വേറൊരു കൂട്ടർ നിലകൊള്ളുന്ന കാലം വരുമ്പോൾ അതിനെക്കുറിച്ചാലോചിക്കാം. നിലവിൽ അവരെ മാറ്റിനിർത്തിക്കൊണ്ടോ, അവരെ വിമർശിച്ചുകൊണ്ടോ, ഒരു നിലനിൽപ്പും സമസ്തക്ക് ഇല്ല. ഇത് നാം മനസിലാക്കണം’- മുസ്തഫൽ ഫൈസി പറഞ്ഞു.

വളരെ വൈകി വന്നവർക്ക് ഇതൊന്നും അറിയില്ല.1974 മുതൽ താനടക്കമുള്ള ഉസ്താദുമാർ സമസ്തക്കും സുന്നത്ത് ജമാഅത്തിനും വേണ്ടി പ്രവർത്തിച്ചുകൊണ്ടിരിക്കുകയാണ്. അത് കഴിഞ്ഞ് 20-30 വർഷങ്ങൾക്ക് ശേഷം പലരും വന്നു. വണ്ടിയിൽ വൈകിക്കയറിയവരല്ല ദിശ നിർണയിക്കേണ്ടത്. ആദ്യം കയറിയവർ ഉണ്ടാകും. അവര് പറയുന്നിടത്തേക്കാണ് വണ്ടി വിടേണ്ടതെന്നും മുസ്തഫൽ ഫൈസി പറഞ്ഞു.

1989ൽ സമസ്തയിലെ ഒരു വിഭാ​ഗം ശംസുൽ ഉലമ അടക്കമുള്ളവരുടെ നേതൃത്വത്തിനെതിരെ വന്നു. അന്ന് അവർ എറണാകുളം സമ്മേളനം പ്രഖ്യാപിച്ചപ്പോൾ ഒരു മുസ്‍ലിം ലീ​ഗുകാരൻ പോലും അതിൽ പങ്കെടുക്കരുതെന്ന് മുഹമ്മദലി ശിഹാബ് തങ്ങൾ പറഞ്ഞു. ഒരു മഹല്ലിൽ നിന്നും ഒരു വാഹനം പോലും സമ്മേളനത്തിന് പോയില്ല. അവർ പിന്നീട് മദ്രസയും പള്ളിയുമെല്ലാം ഉണ്ടാക്കിയെങ്കിലും പാരമ്പര്യമായി നടന്നുവന്ന എല്ലാ പള്ളികളും മദ്രസകളുമെല്ലാം സമസ്തക്ക് കീഴിൽ ഉറച്ചുനിന്നു. നിർണായക ഘട്ടത്തിൽ ഉമറാക്കളുടെ സഹായമാണ് ശംസുൽ ഉലമ തേടിയതെന്നും മുസ്തഫൽ ഫൈസി പറഞ്ഞു.

TAGS :

Next Story