Quantcast

ഉമർ ഫൈസിയുടെ 'ശിവ-പാർവതി' പരാമർശം: സമസ്തയ്ക്കു വേണ്ടി ഹൈന്ദവ സമൂഹത്തോട് മാപ്പുപറയുന്നു: അബ്ദുസ്സമദ് പൂക്കോട്ടൂർ

ഇതര വിശ്വാസികളുടെ മതചിഹ്നങ്ങളെ അപകീർത്തിപ്പെടുത്താൻ പാടില്ലെന്നു മതത്തിൽ വ്യക്തമാക്കുന്നുണ്ടെന്നും ഫൈസിയുടെ പരാമർശം അനിസ്‌ലാമികമാണെന്നും പി.കെ കുഞ്ഞാലിക്കുട്ടി

MediaOne Logo

Web Desk

  • Published:

    12 Dec 2024 12:43 PM GMT

Apologizes to the Hindu community on behalf of the Samastha for Umar Faizys Shiva-Parvati remarks: Says Samastha leader Abdussamad Pookkottur, PK Kunhalikutty, Umar Faizy Mukkam,
X

കോഴിക്കോട്: മുക്കം ഉമർ ഫൈസിയുടെ വിവാദ 'ശിവ-പാർവതി' പരാമർശത്തെ തള്ളി നേതാക്കൾ. ഹിന്ദു ആരാധനാ മൂർത്തികളെ അധിക്ഷേപിച്ചതും ഹിന്ദുക്കളെ വേദനിപ്പിക്കുന്ന തരത്തിൽ സംസാരിച്ചതും മതവിരുദ്ധമാണെന്ന് സമസ്ത നേതാവ് അബ്ദുസ്സമദ് പൂക്കോട്ടൂർ പറഞ്ഞു. സമസ്തയ്ക്കു വേണ്ടി ഹൈന്ദവ സമൂഹത്തോട് മാപ്പുപറയുകയാണെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. ഉമർ ഫൈസിയുടെ പരാമർശം അനിസ്‌ലാമികമാണെന്ന് മുസ്‌ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടിയും പ്രതികരിച്ചു.

'ഹൈന്ദവ ദർശനം അനുസരിച്ച്, ശൈവപുരാണത്തിൽ ആദിപരാശക്തിയുടെ പൂർണാവതാരമാണ് പാർവതി. ശിവൻ ഒരു ശരീരവും ആത്മാവുമാണെങ്കിൽ പാർവതിയാണു ശക്തി. മഹാശിവന്റെ പത്‌നി കൂടിയാണ് പാർവതി. പാർവതിയെ ആദരിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്ന ഒരുപാടു പേരുണ്ടാകും. അവരെ വേദനിപ്പിക്കുന്ന തരത്തിൽ നടത്തിയ പരാമർശം ഖുർആനു വിരുദ്ധമാണ്. മറ്റുള്ളവരുടെ ആരാധ്യവസ്തുക്കളെ ആക്ഷേപിക്കാൻ പാടില്ലെന്ന് ഖുർആൻ നിർദേശിക്കുന്നുണ്ട്'-അബ്ദുസ്സമദ് പൂക്കോട്ടൂർ ചൂണ്ടിക്കാട്ടി.

വ്യംഗ്യമായോ അല്ലാതെയോ ഉമർ ഫൈസി ഇത്തരമൊരു പരാമർശം നടത്തിയത് ഖേദകരമായിപ്പോയെന്നും അദ്ദേഹം തുടർന്നു. അതു മറ്റു മതസ്ഥർ വിഷയമാക്കിയാൽ നാട്ടിലെ മതസൗഹാർദത്തെ ബാധിക്കും. നൂറുവർഷമായി അന്തസ്സോടെ നിലനിൽക്കുന്ന പ്രസ്ഥാനമാണ് സമസ്ത. സംഘടനയുടെ അന്തസ്സിനെയും വിശ്വാസ്യതയെയും കൂടി ഇതു ബാധിക്കും. ഉമർ ഫൈസി നടത്തിയ പരാമർശം അന്യമതസ്ഥരെ വേദനിപ്പിച്ചെങ്കിൽ സമസ്തയുടെ പ്രവർത്തകൻ എന്ന നിലയിൽ താൻ ഖേദം പ്രകടിപ്പിക്കുന്നു. ഒരിക്കലും ചെയ്യാൻ പാടില്ലാത്ത കാര്യമാണ് അദ്ദേഹം ചെയ്തത്. അന്യമതസ്ഥരെയും അവരുടെ ആരാധനാ വസ്തുക്കളെയും ആക്ഷേപിക്കാൻ പാടില്ലെന്നും അബ്ദുസ്സമദ് പൂക്കോട്ടൂർ കൂട്ടിച്ചേർത്തു.

ഇതര മതക്കാരുടെ ആരാധനാ മൂർത്തികളെ ആക്ഷേപിക്കുന്ന തരത്തിലുള്ള പരാമർശങ്ങൾ ആരുടെ ഭാഗത്തുനിന്ന് ഉണ്ടായാലും അനിസ്്‌ലാമികമാണെന്ന് പി.കെ കുഞ്ഞാലിക്കുട്ടി കോഴിക്കോട്ട് നടത്തിയ വാർത്താസമ്മേളനത്തിൽ പറഞ്ഞു. മതവിശ്വാസത്തിനു ചേർന്നതല്ല ആ പരാമർശം. ഇക്കാര്യത്തിൽ മാപ്പുപറയേണ്ടത് അല്ലാഹുവിനോടാണ്. ഇത്തരം കാര്യങ്ങൾ ചെയ്യാൻ പാടില്ലെന്നു വ്യക്തമായ മതവിധിയുണ്ട്. ഇതര വിശ്വാസികളുടെ മതചിഹ്നങ്ങളെ അപകീർത്തിപ്പെടുത്താൻ പാടില്ലെന്നു വ്യക്തമാക്കുന്നുണ്ടെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

ലീഗും സമസ്തയും തമ്മിലുള്ള ചർച്ചകൾ തുടർന്നുവരുന്ന കാര്യമാണ്. ഓരോ വിഷയങ്ങൾ വരുമ്പോൾ ഇരു സംഘടനയും ചർച്ച ചെയ്തുകൊണ്ടിരിക്കും. പഴയ കാലത്തും നടന്ന കാര്യങ്ങളാണിത്. ചർച്ചകൾ തുടരില്ലെന്നു പറഞ്ഞതു ശരിയല്ല. ഇനിയും ചർച്ചയുണ്ടാകുമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

Summary: Apologizes to the Hindu community on behalf of the 'Samastha' for Umar Faizy's 'Shiva-Parvati' remarks: Says Samastha leader Abdussamad Pookkottur

TAGS :

Next Story