'സുകുമാരൻ നായരുടെ ഏകപക്ഷീയമായ തീരുമാനങ്ങൾ സമുദായത്തിന് കളങ്കമുണ്ടാക്കുന്നു'; എൻഎസ്എസിന് എതിരെ സമസ്ത നായർ സമാജം
എൻഎസ്എസ് ആസ്ഥാനമായ പെരുന്നയിൽ മന്നം ജയന്തി ആഘോഷങ്ങൾക്ക് ഇന്ന് തുടക്കമാകും.
കോട്ടയം: എൻഎസ്എസിനെതിരെ രൂക്ഷ വിമർശനവുമായി സമസ്ത കേരള നായർ സമാജം. സമുദായാംഗങ്ങൾക്ക് ഒരു സഹായവും എൻഎസ്എസ് നൽകുന്നില്ല. തന്റെ ആജ്ഞാനുവർത്തികളെ മാത്രമാണ് സുകുമാരൻ നായർ സ്ഥാനങ്ങളിൽ നിയമിക്കുന്നത്. എൻഎസ്എസ് 'നോ സർവീസ് സൊസൈറ്റി' ആയി മാറിയെന്നും നായർ സമാജം ഭാരവാഹികൾ ആരോപിച്ചു.
മന്നംജയന്തിയിൽ നിന്നും അറ്റോണി ജനറൽ വെങ്കിട്ടരമണി പിൻമാറിയത് സുകുമാരൻ നായർക്കെതിരായ പരാതികൾ മൂലമാണ്. പരിപാടിയിൽ പങ്കെടുക്കരുതെന്ന് ആവശ്യപ്പെട്ട് വിവിധ എൻഎസ്എസ് യൂണിയൻ ഭാരവാഹികൾ വെങ്കിട്ടരമണിക്ക് പരാതി നൽകിയിരുന്നു. അപ്രസക്തനായ നേതാവിനെയാണ് ജയന്തിയാഘോഷം ഉദ്ഘാടനം ചെയ്യാൻ ക്ഷണിച്ചിരിക്കുന്നതെന്നും ചെന്നിത്തലയെ ഉന്നമിട്ട് സമസ്ത നായർ സമാജം നേതാക്കൾ ആരോപിച്ചു.
അതേസമയം എൻഎസ്എസ് ആസ്ഥാനമായ പെരുന്നയിൽ മന്നം ജയന്തി ആഘോഷങ്ങൾക്ക് ഇന്ന് തുടക്കമാകും. എൻഎസ്എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായരും ഭാരവാഹികളും മന്നം സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചന നടത്തും. തുടർന്ന് 10ന് ചേരുന്ന പ്രതിനിധി സമ്മേളനത്തിൽ സുകുമാരൻ നായർ അംഗങ്ങളെ അഭിസംബോധന ചെയ്യും. നാളെ നടക്കുന്ന പൊതുസമ്മേളനം രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും. 11 വർഷങ്ങൾക്ക് ശേഷമാണ് ചെന്നിത്തല എൻഎസ്എസ് വേദിയിൽ എത്തുന്നത്.
Adjust Story Font
16