Quantcast

'തീവ്രവാദ ശൈലി സംഘടനയുടേതല്ല'; സത്താർ പന്തല്ലൂരിന്റെ 'കൈവെട്ട്' പരാമർശം തള്ളി സമസ്ത നേതാവ്

വിവാദ പരാമർശം ശ്രദ്ധയിൽപെട്ടാൽ നേതാക്കൾ വേണ്ട രീതിയിൽ കൈകാര്യം ചെയ്യുമെന്നാണു പ്രതീക്ഷയെന്നും മൊയ്തീൻ ഫൈസി പുത്തനഴി പറഞ്ഞു

MediaOne Logo

Web Desk

  • Updated:

    2024-01-13 07:08:51.0

Published:

13 Jan 2024 4:59 AM GMT

തീവ്രവാദ ശൈലി സംഘടനയുടേതല്ല; സത്താർ പന്തല്ലൂരിന്റെ കൈവെട്ട് പരാമർശം തള്ളി സമസ്ത നേതാവ്
X

മലപ്പുറം: കൈവെട്ടു പരാമർശത്തിൽ എസ്.കെ.എസ്.എസ്.എഫ് നേതാവ് സത്താർ പന്തല്ലൂരിനെ തള്ളി സമസ്ത. ഇത്തരം പരാമർശങ്ങൾ സമസ്തയുടെയോ കീഴ്ഘടകങ്ങളുടെയോ ശൈലിയല്ലെന്ന് സമസ്ത മലപ്പുറം ജില്ലാ ജനറൽ സെക്രട്ടറി ഇ. മൊയ്തീൻ ഫൈസി പുത്തനഴി പ്രതികരിച്ചു. സമസ്തയ്ക്കു കീഴിൽ പ്രവർത്തിക്കുന്ന ഒരു സംഘടനക്കും തീവ്രവാദ ശൈലിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

എസ്.കെ.എസ്.എസ്.എഫ് 35-ാം വാർഷികത്തിന്റെ പ്രചാരണമായി നടന്ന മുഖദ്ദസ് യാത്രയുടെ മലപ്പുറത്ത് നടന്ന സമാപനത്തിലായിരുന്നു സത്താർ പന്തല്ലൂരിന്റെ വിവാദ പരാമർശം. സമസ്തയുടെ പണ്ഡിതന്മാരെ പ്രയാസപ്പെടുത്തുന്നവരുടെ കൈവെട്ടാൻ എസ്.കെ.എസ്.എസ്.എഫ് ഉണ്ടാകുമെന്നായിരുന്നു സത്താറിന്റെ മുന്നറിയിപ്പ്. പരാമർശം ഏറെ വിവാദമായതിനു പിന്നാലെയാണ് സമസ്ത മലപ്പുറം ജില്ലാ നേതൃത്വം ഇടപെടുന്നത്.

തീവ്രവാദ പ്രയോഗങ്ങളോ ശൈലിയോ സമസ്തയോ കീഴ്ഘടകങ്ങളോ പ്രോത്സാഹിപ്പിക്കുന്നില്ലെന്ന് മൊയ്തീൻ ഫൈസി പറഞ്ഞു. സമസ്തയുടെ ശൈലിയും പ്രവർത്തന പാരമ്പര്യവുമെല്ലാം അതുതന്നെയാണ്. തീവ്രവാദത്തിന്റെ തെറ്റും ശരിയും പറഞ്ഞ് കാംപയിൻ നടത്തിയ വിഭാഗമാണ് സമസ്ത. സമാധാനം പുലരാൻ വേണ്ടി കേരളത്തിൽ ശാന്തി യാത്ര നടത്തിയ പാരമ്പര്യമാണ് സമസ്തയ്ക്കും കീഴ്ഘടകങ്ങൾക്കും ഉള്ളത്. വിവാദ പരാമർശം ശ്രദ്ധയിൽപെട്ടാൽ നേതാക്കൾ വേണ്ട രീതിയിൽ കൈകാര്യം ചെയ്യുമെന്നാണു പ്രതീക്ഷയെന്നും മൊയ്തീൻ ഫൈസി പുത്തനഴി കൂട്ടിച്ചേർത്തു.

സമസ്തയുടെ പണ്ഡിതന്മാരെ വെറുപ്പിക്കാനും പ്രയാസപ്പെടുത്താനും ആരു വന്നാലും അവരുടെ കൈവെട്ടാൻ എസ്.കെ.എസ്.എസ്.എഫ് പ്രവർത്തകരുണ്ടാകുമെന്നായിരുന്നു വിദ്യാർത്ഥി വിഭാഗത്തിന്റെ സംസ്ഥാന വൈസ് പ്രസിഡന്റ് കൂടിയായ സത്താർ പന്തല്ലൂർ വിവാദ പ്രസംഗത്തിൽ പറഞ്ഞത്. സമസ്തയ്ക്കു വേണ്ടി ജനിക്കുകയും അതിനുവേണ്ടി ജീവിക്കുകയും ചെയ്യുന്ന, മരിക്കാൻ സന്നദ്ധരായിട്ടുള്ള പ്രവർത്തകരുടെ മുന്നറിയിപ്പാണെന്ന് എല്ലാവരും തിരിച്ചറിയണം. സമസ്തയുടെ കേന്ദ്ര മുശാവറ ഒരു തീരുമാനമെടുത്താൽ അത് അംഗീകരിക്കണം. അത് അംഗീകരിക്കാത്തവരെ സമസ്തയ്ക്കും എസ്.കെ.എസ്.എസ്.എഫിനും ആവശ്യമില്ല. സമസ്തയല്ലാത്ത മറ്റൊരു പ്രസ്ഥാനത്തോടും തങ്ങൾക്കു കൂറില്ലെന്നും സത്താർ വ്യക്തമാക്കിയിരുന്നു.

Summary: Samastha Malappuram district general secratary Puthanazhi Moideen Faizy rejects SKSSF leader Sathar Panthaloor's controversial remarks

TAGS :

Next Story