'സനാതനധർമം ചാതുർവർണ്യമല്ല; നമ്മുടെ സംസ്‌കാരത്തിന്റെ ഭാഗം'; മുഖ്യമന്ത്രിയെ തള്ളി വി.ഡി സതീശൻ
സനാതനധർമത്തിന്റെ പേരിൽ ശ്രീനാരായണ ഗുരുവിനെ ചതുർവർണ്യത്തിലും വർണാശ്രമത്തിലും തളയ്ക്കാൻ ശ്രമം നടക്കുകയാണെന്ന് കെ. സുധാകരൻ പ്രതികരിച്ചിരുന്നു
തിരുവനന്തപുരം: സനാതനധർമവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ നടത്തിയ പരാമർശത്തിൽ വിയോജിപ്പ് പ്രകടിപ്പിച്ച് പ്രതിപക്ഷ നേതാവ്. സനാതനധർമം ചാതുർവർണ്യത്തിന്റെ ഭാഗമല്ലെന്നും നമ്മുടെ സംസ്‌കാരത്തിന്റെ ഭാഗമാണെന്നും വി.ഡി സതീശൻ പറഞ്ഞു. നേരത്തെ, മുഖ്യമന്ത്രിയെ പിന്തുണച്ച് കെപിസിസി അധ്യക്ഷൻ കെ. സുധാകരൻ രംഗത്തെത്തിയിരുന്നു. അതേസമയം, സനാധനധർമവുമായി ബന്ധപ്പെട്ടു പറഞ്ഞ കാര്യങ്ങളിൽ ഉറച്ചുനിൽക്കുന്നുവെന്ന് മുഖ്യമന്ത്രി ഇന്നും ആവർത്തിച്ചു.
സനാതനധർമം എങ്ങനെയാണ് ചാതുർവർണ്യത്തിന്റെ ഭാഗമാകുന്നത്? നമ്മുടെ സംസ്‌കാരത്തിന്റെ ഭാഗമാണ് സനാതനധർമം. രാജ്യത്തിന്റെ സവിശേഷതയാണത്. സനാതനധർമത്തെ ഒരു വിഭാഗം ആളുകളുടെ അവകാശമായി ചാർത്തിക്കൊടുക്കുകയാണ്. മുഖ്യമന്ത്രി ഉദ്ദേശിച്ച ആളുകൾക്ക് അവകാശപ്പെട്ടതല്ല സനാതനധർമമെന്നും രാജ്യത്തെ മുഴുവൻ ആളുകളുടെയും പാരമ്പര്യവും പൈതൃകവുമാണെന്നും വി.ഡി സതീശൻ പറഞ്ഞു.
കാവിവൽക്കരണം എന്ന വാക്ക് തന്നെ തെറ്റാണെന്നും അദ്ദേഹം പറഞ്ഞു. അമ്പലത്തിൽ പോകുന്നവരും കാവി ഉടുക്കുന്നവരും ചന്ദനം തൊടുന്നവരും എല്ലാം പ്രത്യേകം വിഭാഗക്കാരാണോ? സനാതനധർമം അവർക്ക് ചാർത്തിക്കൊടുക്കാൻ തങ്ങളില്ലെന്നും വി.ഡി സതീശൻ വ്യക്തമാക്കി.
ജാതിയുടെയും മതത്തിന്റെയും വേലിക്കെട്ടുകൾ ഇപ്പോഴും നിലനിൽക്കുന്നുവെന്നും ഗുരുദേവനെ റാഞ്ചിയെടുക്കാൻ ശ്രമം നടക്കുന്നുണ്ടെന്നുമായിരുന്നു നേരത്തെ കെ. സുധാകരൻ പ്രതികരിച്ചത്. സനാതനധർമത്തിന്റെ പേരിൽ ഗുരുദേവനെ ചതുർവർണ്യത്തിലും വർണാശ്രമത്തിലും തളയ്ക്കാൻ ശ്രമം നടക്കുകയാണ്. ഗുരുദേവനെ ആർക്കും വിട്ടുകൊടുക്കാനാവില്ലെന്നും ശിവഗിരി തീർഥാടന സമ്മേളനത്തിൽ സുധാകരൻ പറഞ്ഞു.
സനാതന ധർമത്തിന്റെ വക്താവ് ആയിട്ടല്ല ശ്രീനാരായണ ഗുരുവിനെ കാണേണ്ടതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ഇന്നു പറഞ്ഞു. ക്ഷേത്രത്തിൽ കയറാൻ വസ്ത്രമൂരുന്നത് അനാചാരമാണെന്നതു തന്റെ മാത്രം അഭിപ്രായമല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. ക്ഷേത്രത്തിൽ കയറാൻ ഷർട്ട് മാറണമെന്നത് തെറ്റായ ആചാരമാണെന്നത് നല്ല നിലപാടാണ്. ഇത് എല്ലാവരും ചർച്ച ചെയ്ത് നടപ്പാക്കട്ടെയെന്നും അദ്ദേഹം പറഞ്ഞു.
Summary: 'Sanatana Dharma is not Chaturvarnya; it is part of our culture'; Kerala Opposition leader VD Satheesan rejects the claims of the CM Pinarayi Vijayan
Adjust Story Font
16