‘സിപിഎമ്മുമായി ചർച്ച നടത്തിയിട്ടില്ല’; ബിജെപിയുമായുള്ള അതൃപ്തി പ്രകടമാക്കി സന്ദീപ് വാര്യർ
‘വാർത്തകൾ അടിസ്ഥാന രഹിതമാണ്’
പാലക്കാട്: സിപിഎമ്മുമായി ചർച്ച നടത്തിയെന്ന വാർത്ത നിഷേധിച്ച് ബിജെപി സംസ്ഥാന സമിതി അംഗം സന്ദീപ് വാര്യർ. സിപിഎമ്മുമായി ചർച്ച നടത്തിയിട്ടില്ലെന്ന് അദ്ദേഹം മീഡിയവണിനോട് പറഞ്ഞു.
വാർത്തകൾ അടിസ്ഥാന രഹിതമാണ്. ബിജെപി നേതാക്കൾ തന്നെ എല്ലാ ദിവസവും ബന്ധപ്പെടാറുണ്ട്. പാലക്കാട് മണ്ഡലത്തിൽ ബിജെപിക്കായി പ്രചാരണത്തിൽ ഉണ്ടായിരുന്നുവെന്നും സന്ദീപ് വാര്യർ പറഞ്ഞു.
അതേസമയം, ബിജെപിയുമായുള്ള അതൃപ്തിയും അദ്ദേഹം പ്രകടമാക്കി. പാലക്കാട് പ്രചാരണത്തിന് ഇറങ്ങാത്തത് എന്താണെന്ന ചോദ്യത്തിന് ഇതും പാലക്കാടെല്ലേ എന്നായിരുന്നു മറുപടി. നാല് ദിവസം മുമ്പ് വരെ പ്രചാരണ രംഗത്ത് ഉണ്ടായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
സന്ദീപ് വാര്യർ സിപിഎമ്മിലേക്ക് പോവുകയാണെന്ന അഭ്യൂഹം ശനിയാഴ്ചയാണ് പുറത്തുവന്നത്. സിപിഎം നേതാക്കളുമായി ചർച്ച നടത്തിയെന്നാണ് വിവരം.
സന്ദീപ് വാര്യർ ബിജെപി നേതൃത്വവുമായി ഇടഞ്ഞുനിൽക്കുന്ന പശ്ചാത്തലത്തിലാണ് ചർച്ച. ഈയിടെ ബിജെപിയുടെ കൺവെൻഷനിൽ സന്ദീപ് വാര്യർ അവഗണിക്കപ്പെട്ടത് വിവാദമായിരുന്നു. സ്റ്റേജിൽ ഇരിപ്പിടം ലഭിക്കാത്തതിനെ തുടർന്ന് ഇറങ്ങിപ്പോവുകയും ചെയ്തു.
സിപിഎമ്മിന്റെ പാലക്കാട്ടെ മുതിർന്ന നേതാവുമായിട്ട് സന്ദീപ് വാര്യർ ചർച്ച നടത്തിയെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. ഈ വിവരം മുഖ്യമന്ത്രിയുമായും സിപിഎം സംസ്ഥാന സെക്രട്ടറിയുമായും പങ്കുവെച്ചിട്ടുണ്ട്. ബിജെപി വിട്ടുവന്നാൽ സന്ദീപ് വാര്യറെ സ്വീകരിക്കാം എന്ന നിലപാടിലാണ് സിപിഎം. അതിനാൽ തന്നെ ഉപതെരഞ്ഞെടുപ്പ് കഴിയും മുമ്പ് സന്ദീപ് വാര്യർ സിപിഎമ്മിൽ ചേരാൻ സാധ്യതയുണ്ടെന്നും റിപ്പോർട്ടുകൾ പറയുന്നുണ്ട്.
Adjust Story Font
16