കോണ്‍ഗ്രസ് അംഗത്വം സ്വീകരിച്ച് സന്ദീപ് വാര്യർ; ഷാളണിയിച്ച് കെ.സുധാകരനും വി.ഡി സതീശനും
സന്ദീപ് വെറുപ്പിന്റെയും വർഗീയതയുടേയും രാഷ്ട്രീയം വിട്ട് സ്നേഹത്തിന്റെയും ചേർത്തുനിർത്തലിന്റേയും രാഷ്ട്രീയം സ്വീകരിച്ചുവെന്ന് വി.ഡി സതീശൻ
പാലക്കാട്: സന്ദീപ് വാര്യർ കോണ്‍ഗ്രസ് അംഗത്വം സ്വീകരിച്ചു. പാലക്കാട് യുഡിഎഫ് തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസിലെത്തിയ സന്ദീപിനെ പ്രതിപക്ഷ നേതാവ് വി.ഡി സതീശനും കെപിസിസി പ്രസിഡന്റ് കെ.സുധാകരനും ഷാളണിയിച്ച് സ്വീകരിച്ചു.
മതേതര ജനാധിപത്യ രാഷ്ട്രീയ പ്രസ്ഥാനത്തിനകത്ത് പ്രവർത്തിക്കണമെന്ന നിഷ്കർഷതയുടെ അടിസ്ഥാനത്തിലാണ് സന്ദീപ് കോണ്‍ഗ്രസിലേക്ക് കടന്നുവന്നതെന്ന് കെ.സുധാകരൻ പറഞ്ഞു. അദ്ദേഹത്തിൽ വലിയ പ്രതീക്ഷയുണ്ടെന്നും വരുംദിവസങ്ങളിൽ അതിന്റെ പ്രതിഫലനങ്ങൾ കാണാമെന്നും കെ.സുധാകരൻ കൂട്ടിച്ചേർത്തു.
ബിജെപിയുടെ മുഖവും ശബ്ദവുമായിരുന്നു സന്ദീപ് വാര്യർ. അദ്ദേഹം വെറുപ്പിൻ്റെയും വർഗീയതയുടെയും രാഷ്ട്രീയം വിട്ടു. സ്നേഹത്തിൻ്റെയും ചേർത്ത് നിർത്തലിൻ്റെയും രാഷ്ട്രീയം സ്വീകരിച്ചുവെന്നാണ് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്റെ പ്രതികരണം.
ബിജെപി നേതൃത്വവുമായുള്ള അഭിപ്രായ ഭിന്നത പരസ്യമാക്കിയ സന്ദീപ് ഉപതെരഞ്ഞെടുപ്പ് പ്രചാരണത്തിൽ സജീവമായിരുന്നില്ല. സിപിഎം നേതൃത്വവുമായി സന്ദീപ് വാര്യർ ചർച്ച നടത്തിയതായി റിപ്പോർട്ടുണ്ടായിരുന്നു. സന്ദീപ് നല്ല നേതാവാണെന്നും വന്നാൽ സ്വീകരിക്കുമെന്നും സിപിഎം നേതാവ് എ.കെ ബാലൻ പറയുകയും ചെയ്തിരുന്നു. ഇതിനിടെയാണ് അപ്രതീക്ഷിതമായി സന്ദീപ് കോൺഗ്രസിലേക്ക് എത്തുന്നത്.
Adjust Story Font
16